ADVERTISEMENT

ജലസംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ ബജറ്റിൽ പരിസ്ഥിതിയ്ക്കായുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ അപകടകരമായ ഘടകങ്ങളടങ്ങിയ മാലിന്യങ്ങൾ ജലമലിനീകരണത്തിനും ജലജന്യരോഗങ്ങൾക്കും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും വഴിതെളിക്കുന്നതായി ബജറ്റിൽ പറയുന്നു. 

ശക്തമായ മഴമൂലം നദികളിലും ഡാമുകളിലും എക്കൽ, ചെളി, മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നു. ഇത് നദികളുടേയും അണക്കെട്ടുകളുടേയും ആവാഹനശേഷി കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള അടിയന്തരനടപടി  സ്വീകരിക്കും.

 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം പ്രസിദ്ധീകരിച്ച പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ടിൽ 'നദിയ്ക്കുള്ള ഇടം', 'വെള്ളത്തിനൊപ്പം ജീവിക്കുക', 'പ്രകൃതിക്കിണങ്ങുന്ന നിർമാണരീതി' എന്നീ സമ്പ്രദായങ്ങൾ പരിഹാരമാർഗങ്ങളായി നിർദേശിച്ചിരുന്നു. ജലാശയങ്ങൾ, നദീതട സംവിധാനങ്ങൾ എന്നിവയുടെ ആവാഹനശേഷി മെച്ചപ്പെടുത്തുന്നതിനും അതിലൂടെ  വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമായി 500 കോടിയുടെ സമഗ്ര പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ നിലവിൽ അനുവദിച്ചിട്ടുണ്ട്.

കനാലുകളുടെ വശങ്ങൾ സംരക്ഷിക്കുക, അവയെ വൃത്തിയാക്കുക, കണ്ടൽക്കാടുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുക, കരകളുടെയും ബണ്ടുകളുടെയും ഉയർന്ന ഭാഗങ്ങളെ ശക്തിപ്പെടുത്തുകയോ കൂടുതൽ ഉയർത്തുകയോ ചെയ്യുക, നദികളുടെ ആഴം വർദ്ധിപ്പിക്കുക, നീരൊഴുക്ക് സുഗമമാക്കുവാൻ താഴ്ന്ന ബണ്ടുകൾ നീക്കംചെയ്യുക, ജലാശയങ്ങൾ ബന്ധിപ്പിച്ച് ജലസംരക്ഷണ പ്രദേശങ്ങൾ സൃഷ്ടിച്ച് വെള്ളം താൽക്കാലികമായി സംഭരിക്കുന്നതിനുള്ള  സംവിധാനമൊരുക്കുക തുടങ്ങി ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലവിഭവ - പരിസ്ഥിതി - തദ്ദേശസ്വയംഭരണ വകുപ്പുകൾ ചേർന്നായിരിക്കും ബൃഹത്തായ ഈ പദ്ധതി നടപ്പിലാക്കുന്നത്.

English Summary: Environment friendly budget in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com