മനുഷ്യവികാരങ്ങൾ കട്ടെടുത്ത നായ്ക്കൾ; സമാനതകളില്ലാത്ത ചങ്ങാത്തത്തിന്റെ രഹസ്യം ഒടുവിൽ പുറത്ത്?
Mail This Article
ആയിരക്കണക്കിന് വര്‍ഷങ്ങളായി രണ്ടു വ്യത്യസ്ത ജീവജാതികൾ ഉറ്റചങ്ങാതിമാരായിരിക്കുകയെന്നത് അതിശയകരമാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബാന്ധവം. എന്താണ് ഇതിന്റെ കാരണം? എന്ത് വിശദീകരണമാണ് ഇത്തരമൊരു ദീര്‍ഘകാലസൗഹൃദത്തിന് വിശദീകരണമായി നൽകുക. മനുഷ്യനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലാൻ ഇപ്പോൾ ഗവേഷകർക്ക് കഴിയുന്നുണ്ട്.
കട്ടെടുത്തത് സ്നേഹബന്ധങ്ങളുടെ താക്കോൽ
ആളുകള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് കാരണമാകുന്ന ഹോര്‍മോണിന്റെ തള്ളിക്കയയറ്റമാണ് ഇതിന് കാരണമെന്നാണ് ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. അരുമകളായ നായ്ക്കൾ തങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയപ്പോള്‍ ഉടമകളില്‍ ഓക്‌സിടോക്‌സിന്‍ ഹോര്‍മോണിന്റെ കുതിച്ചു കയറ്റമുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. വളരെ നാടകീയമായ ഈ മാറ്റം നായ്ക്കളിലും ഉണ്ടായിരുന്നു.
കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അമ്മമാരുടെ തലച്ചോറില്‍ തിരമാലപോലെ ഉയരുന്നത് ഓക്സിടോസിൻ ഹോര്‍മോണാണ്. ഈ ഹോർമോണിന്റെ പ്രവർത്തനമാണ് മാതൃവാല്‍സല്യത്തിനും മാതൃശ്രദ്ധയ്ക്കുമുള്ള ഉള്‍പ്രേരണ നല്‍കുന്നത്. അതുവഴിയാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢബന്ധവും ഉടലെടുക്കുന്നത്. കണ്ണില്‍ കണ്ണില്‍ നോക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിലേക്കുള്ള വഴി തെളിയിക്കലാണ് അമ്മയും കുഞ്ഞുമായുള്ള വാത്സല്യബന്ധം മാത്രമല്ല കമിതാക്കളും ലൈംഗികപങ്കാളികളും കണ്ണിൽ കണ്ണിൽ ഉറ്റുനോക്കുമ്പോൾ സംഭവിക്കുന്നത് തലച്ചോറിന്റെ ഉദ്ദീപനവും ഓക്സിടോസിന്റെ പ്രവർത്തനവുമാണ്.
ഏറ്റവും പുതിയ കണ്ടെത്തലുകളനുസരിച്ച് നായ്ക്കള്‍ ചിരപുരാതനമായ ഈ ജൈവീക പ്രക്രിയപകര്‍ന്നെടുത്തിരിക്കുന്നു. അതുവഴി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയതു മുതലുള്ള കൂട്ടുകെട്ടിനെ ഈ പ്രക്രിയ കൂടുതല്‍ ബലിഷ്ഠമാക്കുകയും ചെയ്തു. "മനുഷ്യനും നായയുമുള്ള ബന്ധം ഇത്ര അനായസമായി കൊണ്ടുപോകാന്‍ പറ്റുന്നത് സ്വാര്‍ത്ഥകമാകുന്ന സൗഹൃദം കാരണമാണ്. അതിനു പിന്നിലുള്ളത് ഓക്സിടോസിന്റെ കളിയാണ് " ടാക്കേഫുമി കിക്കുസൂയി എന്ന ശാസ്ത്രജ്ഞൻ പറയുന്നു.
രസകരമായ പരീക്ഷണം
മനുഷ്യനും നായ്ക്കളും അവരുടെ സവിശേഷമായ ബന്ധം രൂപപ്പെടുത്തിയതിന്റെ പൊരുളറിയാന്‍ കിക്കുസൂയിയും സഹപ്രവര്‍ത്തകരും തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തി. തുടക്കത്തില്‍ 30 നായ ഉടമകളും അവരുടെ നായ്ക്കളും തമ്മില്‍ കളിക്കുന്നത് അരമണിക്കൂര്‍ നിരീക്ഷിച്ചു. ഗോള്‍ഡന്‍ റിട്രീവര്‍, പൂഡില്‍, ജാക്ക് റസ്സല്‍ ടെറിയര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങളാണ് അവയിലുണ്ടായിരുന്നത്. ആണുങ്ങളും, പെണ്ണുങ്ങളും സംഘത്തിലുണ്ടായിരുന്നു. നായ്ക്കളും ഉടമകളും കളികളിൽ ഏർപ്പെട്ട 30 മിനിറ്റിനു മുമ്പും പിന്‍പുമുള്ള മൂത്രപരിശോധനയില്‍ നിന്ന് ചില കാര്യങ്ങൾ ഗവേഷകർമനസ്സിലാക്കി. ആരുടെ നായ്ക്കളാണോ ഉടമകളുടെ കണ്ണില്‍ കൂടുതല്‍ സമയം മിഴിയുറപ്പിച്ചത്, അവരുടെ മൂത്രത്തിൽ ഓക്‌സിടോക്‌സിന്‍ അളവ് കൂടുതലായി കണ്ടു. അവരുടെ നായ്ക്കളിലും സമാനമായ ഫലമാണ് കണ്ടത്. അടുത്ത ഘട്ടത്തിൽ അവര്‍ പരീക്ഷണത്തെ ഒരു പടികൂടി കടന്ന് കൊണ്ടുപോയി. ഇത്തവണ ഗവേഷണ സംഘം ചെയ്തത് ഉപ്പുവെള്ളമോ അല്ലെങ്കിൽ ഒരു മാത്ര ഓക്‌സിടോസിന്‍ ഹോര്‍മോണോ നായ്ക്കളുടെ മൂക്കിനു മുകളില്‍ സ്‌പ്രേ ചെയ്തു. ഓക്‌സിടോസിന്‍ അധികം കിട്ടിയ നായ്ക്കള്‍ കണ്ണില്‍ കണ്ണില്‍ നോക്കാൻ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി അവർ കണ്ടെത്തുകയും ചെയ്തു.
വിജയിച്ചത് പരിണാമതന്ത്രം
മനുഷ്യബന്ധങ്ങളുടെ രഹസ്യ ഊടുവഴികൾ നായ്ക്കൾ കവർന്നെടുത്തതിനെ വിശദീകരിക്കുന്ന ഒരു ശാസ്ത്രലേഖനം 2015-ൽ ലോകപ്രസിദ്ധമായ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. കൺവർജൻറ് പരിണാമം (Convergent evolution) എന്ന പ്രതിഭാസത്തിന്റെ അത്യപൂർവമായ ഉദാഹരണങ്ങളിലൊന്നാണിത്. ഒരേ സ്വഭാവങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളില്‍ രണ്ട് വ്യത്യസ്ത ജീവജാതികളിൽ പരിണമിച്ചുണ്ടാകുന്നതിനെയാണ് ഇത് അർത്ഥമാക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള നിശബ്ദമായ ആശയവിനിമയത്തിന്റെ വഴികൾ നായ്ക്കള്‍ പരിണാമത്തിലൂടെ പകര്‍ത്തിയെടുത്തു.
ഉറ്റുനോട്ടത്തിലൂടെ (gaze) അല്ലെങ്കിൽ കണ്ണുകൾ കഥകൾ കൈമാറുന്നു എന്നൊക്കെ സാഹിത്യത്തിൽ പറയുന്ന പ്രവൃത്തിയിലൂടെ തലച്ചോറിലെ രാസപരിസ്ഥിതിയെ മാറ്റിമറിച്ച് രണ്ടു മനുഷ്യരിൽ ഒരേ അനുഭൂതി ഉണ്ടാകുന്ന ഈ ജൈവ പ്രവർത്തനമാണ് നായ്ക്കള്‍ സ്വന്തം തലച്ചോറില്‍ പരിണാമത്തിലൂടെ ഉരുത്തിരിച്ചെടുത്തത്. പരിണാമത്തിന്റെ വ്യത്യസ്ത വഴികളിൽ ഉരുത്തിരിഞ്ഞ മനുഷ്യരും നായ്ക്കളും പരസ്പരബന്ധവും വൈകാരിക വിനിമയവും ഫലപ്രദമാക്കാൻ തങ്ങളുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയേയും സൂക്ഷ്മതലത്തിൽ മാറ്റിവരയ്ക്കുകയായിരുന്നു. മനുഷ്യന്റെ തലച്ചോറിന്റെ ഇത്രയും സൂക്ഷ്മമായ പ്രവൃത്തികള്‍ മോഷ്ടിച്ചെടുത്ത് മനുഷ്യനോട് ഹൃദയത്തിൽ തൊട്ടു സംവദിക്കാൻ നായ്ക്കൾ കാണിച്ച വിരുതാണ് അവരെ മനുഷ്യന്റെ ഉറ്റ കൂട്ടുകാരാകാൻ സഹായിച്ചത്.
ഉപാധികളില്ലാത്ത, സൗഹാർദപരമായ ആശയവിനിമയം വാക്കുകളില്ലാതെ ഒരു മൃഗവുമായി സാധ്യമായാൽ മനുഷ്യർക്ക് അവയെ ഉപേക്ഷിക്കാനാവില്ലെന്ന രഹസ്യം നായ്ക്കൾ മനസിലാക്കിയിട്ടുണ്ടാവും. ഓക്സിടോസിന്റെ പ്രവർത്തന ഫലമായി ഡോപ്പമിൻ, എൻഡോർഫിൻ തുടങ്ങിയ ആനന്ദത്തിന്റെയും സമാധാനത്തിന്റെയും രാസവസ്തുക്കൾ ശരീരത്തിലുണ്ടാകുമ്പോൾ നായ്ക്കളുടെ മനുഷ്യരുടെയും പരസ്പര നോട്ടം അവർക്ക് സമ്മാനിക്കുന്നത്, അമ്മയ്ക്കും കാമുകിക്കും ഉറ്റചങ്ങാതിക്കും നൽകാൻ കഴിയുന്ന ദർശനസുഖമായിരിക്കും.
drsabingeorge10@gmail.com
English Summary: New Study Deciphers Evolution of Relationship Between Humans and Dogs