364 ദിവസവും മണ്ണിനടിയിൽ; പുറത്തു വരുന്നത് വർഷത്തിലൊരിക്കൽ; കൃഷിയിടത്തിലെത്തിയത് പാതാള തവള!
Mail This Article
മുളങ്കുന്നത്തുകാവ് പറമ്പായ പുളിയൻമാക്കൽ ജിജോ കുര്യന്റെ പത്താഴക്കുണ്ടിലെ കൃഷിയിടത്തിൽ പാതാള തവളയെ കണ്ടെത്തി. ആമയുടെ ശരീര ഘടനയോട് സാമ്യമുള്ള ജീവി മഹാബലിത്തവളയാണെന്നു പഴമക്കാർ പറയുന്നു. പാതാള തവളയെന്നും ഇതിനു പേരുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണിത്.
364 ദിവസവും മണ്ണിനടിയിൽ ജീവിക്കുന്ന ഇതു വർഷത്തിൽ ഒരുദിവസം മാത്രമാണു പുറത്തിറങ്ങുക. 400 ഗ്രാം വരെ ഭാരം വരുന്ന ശരീരവും താങ്ങി ആമയെ പോലെയാണു സഞ്ചാരം. വായ കിളികളുടെ കൊക്കുപോലെ കൂർത്തതാണ്. തെങ്ങിൻ തടത്തിൽ കുട്ടയിൽ മൂടി വച്ച മഹാബലി തവള പിറ്റേന്ന് അപ്രത്യക്ഷമായിരുന്നു. പ്രജനനത്തിൽ ഏറെ പ്രത്യേകതകളുള്ള ജീവിയാണ്.
വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളകൾ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ. 1200 ലക്ഷം വർഷം മുമ്പ് ഉണ്ടായതെന്നു കരുതപ്പെടുന്ന പാതാള തവളകൾ കേരളത്തിലെയും തമിഴ്നാട്ടിലേയും പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്നവയാണ്. പാതാളത്തവളകൾ വർഷത്തിലൊരിക്കൽ മാത്രമേ മണ്ണിന്റെ അടിയിൽ നിന്നും പുറത്തുവരികയുള്ളൂ. അതും പ്രജനനത്തിനായി മാത്രം. മൺസൂണിനു മുമ്പുള്ള മഴക്കാലത്താണ് ഇവ പുറത്തെത്തുന്നത്.
പുതുമഴയിൽ പുനർജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിന്റെ അടിയിൽ 1.5 മീറ്റർ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാള തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകർഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ആദ്യം തുടങ്ങുക. കരച്ചിൽ കേട്ടെത്തുന്ന പെൺതവള ആണിനേയും പുറത്ത് ചുമന്നുകൊണ്ട് തുരങ്കത്തിലൂടെ മണ്ണിനു മുകളിലേക്കു വരും.
ഉള്ളിൽ 2000 മുതൽ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളിൽ ആൺതവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞ് രൂപപ്പെടുന്ന വാൽമാക്രികൾ 110 ദിവസംകൊണ്ട് പൂർണ വളർച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിർത്താൻ ഇണയുമായി ഇവ പുറത്തു വരൂ.
ചിതലാണ് ഇവയുടെ പ്രധാന ആഹാരം. പാതാളത്തവളകളിലെ ആണിന് 5 സെൻറീമീറ്ററും പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ 3മത്തെ സ്ഥാനക്കാരായ നാസികാ ബത്രാക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നുള്ളത് ഗവേഷകരെ ഇപ്പോഴും വിസ്മയിപ്പിക്കുന്ന കാര്യമാണ്.
നാസികാ ബട്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാതാളത്തവളയെ മുൻപ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, തൃശ്ശൂര്‍, തമിഴ്‌നാട്ടിലെ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു. സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നര്‍ഥമുള്ള ബത്രാക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളില്‍നിന്നാണ് നാസികാ ബത്രാക്കസ് സഹ്യാദ്രെൻസിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്.
ആഫ്രിക്കയുടേയും ഏഷ്യയുടേയും ഇടയിലുള്ള ദ്വീപായ സീഷെൽസിൽ കാണുന്ന സൂഗ്ലോസിടെ എന്ന തവളകളുമായി പാതാളത്തവളകൾക്ക് ബന്ധമുണ്ടെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസർ ഡോ. എസ്. ഡി ബിജുവും, ബെൽജിയന്‍ ജന്തുശാസ്ത്രജ്ഞനായ ഫ്രാങ്കി ബൊസ്യൂടും നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
കാലങ്ങളായി കാടിനെ ആശ്രയിച്ചും കാടിനോടു ചേർന്നും ജീവിക്കുന്ന മനുഷ്യർക്ക് സുപരിചിതമായ ജീവിയാണ് ഇവയെങ്കിലും 2003ലാണ് മലയാളിയായ ഡോ.ബിജുവിലൂടെ നാസിക ബട്രാക്കസ് സഹ്യാദ്രേൻസിസ് എന്ന ശാസ്ത്രീയനാമം ഉള്ള പർപ്പിൾ ഫ്രോഗ് എന്ന പാതാളത്തവളയെ ശാസ്ത്രലോകം പരിചയപ്പെടുന്നത്. മണ്ണിനടിയിലാണ് ഇവ ജീവിക്കുന്നത് എന്ന് ആദ്യകാല പഠനത്തിൽ കണ്ടുപിടിച്ചുവെങ്കിലും പ്രജനനത്തെക്കുറിച്ചും മറ്റുമുള്ള കൂടുതൽ പഠനങ്ങൾ നടക്കുന്നത് ഏകദേശം 10 വർഷത്തിനു ശേഷം മാത്രമാണ്.
English Summary: Purple frog spotted at Thrissur Mulankunnathukavu