ADVERTISEMENT

കാട്ടിലെ രാജാവിനെ ആഘോഷിക്കാനും അതിന്റെ ക്ഷേമത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്താനുള്ള അവസരമാണ് ഓഗസ്റ്റ് 10-ന് ആചരിക്കപ്പെടുന്ന ലോക സിംഹദിനം. വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ-സിംഹ സംഘർഷം തുടങ്ങിയ സിംഹങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് ഈ ദിവസം ലോകസമൂഹം ചർച്ചചെയ്യും.

ഗുജറാത്തിന്റെ അഭിമാനം

കാടിന്റെ രാജകീയ പ്രൗഢിയായി സിഹങ്ങൾ കൽപിക്കപ്പെടുമ്പോൾ ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഏക വസതിയെന്ന നിലയിൽ ഗുജറാത്തും എന്നും അഭിമാനത്തോടെ നില കൊള്ളുന്നു. 2015ൽ നിന്ന് 2020 വർഷമെത്തുമ്പോൾ വംശനാശ ഭീഷണിയുടെ നിഴലിലായിരുന്ന സിംഹങ്ങളുടെ എണ്ണം 29 ശതമാനം ഉയർന്നതായി ഒടുവിൽ നടന്ന സെൻസസ് കണക്കുകൾ പറയുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ ഒൻപതു ജില്ലകളിലെ സംരക്ഷിത പ്രദേശങ്ങളും കാർഷിക മേച്ചിൽപ്പുറഭൂമേഖലകളും ചേർന്ന 30,000 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് ഇപ്പോൾ 674 സിംഹങ്ങളുണ്ട്. വനംവകുപ്പിന്റെ കണക്കുകളനുസരിച്ച് ,2015-ൽ 523 സിംഹങ്ങളാണുണ്ടായിരുന്നത്. 2020-ൽ ആൺ, പെൺ ,കുട്ടികൾ ഉൾപ്പെടെ സിംഹങ്ങളുടെ  എണ്ണം 674 ആയി വർധിച്ചുവെന്നു മാത്രമല്ല ഇവയുടെ വിഹാര രംഗം അഞ്ചു വർഷം കൊണ്ട് 22,000 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 30,000 ത്തിൽ എത്തിയിരിക്കുന്നു. അതായത് സിംഹങ്ങളുടെ തട്ടകമായി കണക്കാക്കപ്പെടാവുന്ന വനമേഖലയിൽ 36 ശതമാനം വർധനവ്.

സഫലമാകുന്ന ഇടപെടലുകൾ

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഗുജറാത്തിലെ സിംഹങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. ഏതൊരു സംരക്ഷണ പദ്ധതിയുടെയും വിജയത്തിന്റെ മുഖ്യഘടകമായ പ്രാദേശിക സമൂഹത്തിന്റെ സഹകരണമാണ് ഇവിടെയും പ്രധാനമായിരുന്നത്. ഒപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗം, വന്യജീവികളുടെ ആരോഗ്യപരിരക്ഷ, ആവാസവ്യവസ്ഥയുടെ  കൃത്യമായ പരിപാലനം എന്നിവയും പ്രയോജനപ്പെട്ടു. മനുഷ്യരും സിംഹങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പരമാവധി കുറയ്ക്കുവാനുള്ള നടപടികളെടുത്തതും നിർണായകമായി കണക്കാക്കപ്പെടുന്നു. സിംഹങ്ങളുടെ എണ്ണത്തിലും വിതരണത്തിലും സ്ഥിരമായ വർധനയുണ്ടാകുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നാണ് വനം വവകുപ്പിന്റെ അവകാശവാദം. 

Lions in the Wild

വകുപ്പിന്റെ തന്ത്രപരമായ ഇടപെടലുകളാണ് ഏഷ്യൻ സിംഹങ്ങളെ വംശനാശത്തിന്റെ ഭീഷണിയിൽ നിന്ന് രക്ഷപെടുത്തിയതെന്ന് ഗുജറാത്ത് വനം വകുപ്പ് പറയുന്നു. സാമൂഹികപങ്കാളിത്തം ഉറപ്പാക്കിയ സംരക്ഷണപദ്ധതികളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുത്തകയുണ്ടായി. സിംഹങ്ങളുടെ ആവാസസ്ഥാനങ്ങൾ ഭംഗമില്ലാതെ നിലനിർത്തിയതിനൊപ്പം ഇരകളുടെ ലഭ്യതയും ഉറപ്പാക്കി. ഗിർ വനത്തിലെ സിംഹങ്ങളുടെ ജീവനു കാര്യമായ ഭീഷണിയുയർത്തിയിരുന്ന കനൈൻ ഡിസ്റ്റം പർ രോഗത്തിനു കാരണമാകുന്ന വൈറസിനെതിരായ വാക്സിൻ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

2018 ഒക്ടോബർ മാസത്തിൽ വൈറസ് രോഗബാധ മൂലം 36 സിംഹങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഗിർവനമേഖലയിലെ ഏഷ്യൻ സിംഹങ്ങളുടെ എണ്ണത്തിന്റെ സ്ഥിതി വിവരങ്ങൾ ഇങ്ങനെയാണ്. ആൺ സിംഹങ്ങൾ - 161, പെൺ സിംഹങ്ങൾ - 260, കൗമാരക്കാരായ ആണുങ്ങൾ 45,കുമാരി സിംഹങ്ങൾ - 49 ,തിരിച്ചറിയാത്തവ-22, സിംഹക്കുട്ടികൾ - 137. ഗിർ മേഖലയിലെ ആൺ പെൺ അനുപാതമായ 161 ആണുങ്ങളും 260 പെണ്ണുങ്ങളും എന്നത് ആരോഗ്യപരമായ സ്ഥിതിയാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 

വേണം പുതിയ വീട്

1978-ല്‍ ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണം 200 ആയിരുന്നു. 1972-ല്‍ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യന്‍ സിംഹങ്ങളെ സംരക്ഷിക്കാന്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇതിനായി പദ്ധതികളുമുണ്ട്. ഇന്ന് ഗീര്‍വനങ്ങളില്‍ അറുന്നൂറിലധികം സിംഹങ്ങളുണ്ടെങ്കിലും ഇവയുടെ നിലനില്‍പ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. ഗീര്‍ വനങ്ങളില്‍ മാത്രമാണ് ഇവയുടെ സാന്നിധ്യം ഉള്ളത് എന്നത് വലിയ പ്രശ്‌നമാണ്. അതിനാല്‍ ഇവയുടെ  ജനിതക വൈവിധ്യം ഏറെ കുറവാണ്  അതിനാല്‍  തന്നെ രോഗപ്രതിരോധ ശേഷിയിലും കുറവുകളുണ്ട്.  കൂട്ടമായ്  ജീവിക്കുന്നതിനാല്‍  രോഗങ്ങള്‍ പടര്‍ന്നു  പിടിക്കാന്‍  എളുപ്പമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ്  സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം 2009-ല്‍ കുറച്ച് സിംഹങ്ങളെ ഗീര്‍ വനത്തില്‍ നിന്ന് മാറ്റി പാര്‍പ്പിക്കാന്‍ നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് തീരുമാനമെടുത്തു. 

മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതമാണ് ഇതിനായി തിരഞ്ഞെടുത്തത്. 2013-ല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗുജറാത്ത് സംസ്ഥാനം ആവരുടെ അഭിമാനമായ സിംഹത്തെ കൈമാറുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നു. ഒരു ആണ്‍ സിംഹത്തിന് ആവശ്യമായ 85 ചതുരശ്ര കിലോമീറ്ററും, പെണ്‍ സിംഹത്തിനു വേണ്ട 35 ചതുരശ്ര കിലോമീറ്റര്‍ സ്ഥല വിസ്തൃതിയും മധ്യപ്രദേശില്‍ ഇല്ലായെന്ന വാദമാണ് ഗുജറാത്തിന്റേത്. ഒരു സ്ഥലം മാത്രം  കേന്ദ്രീകരിച്ച് സിംഹങ്ങളെ പാര്‍പ്പിക്കുന്നത് അവരുടെ നിലനില്‍പ്പിന് അപകടകരമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.  

നായരോഗം ഭീഷണിയാകുമ്പോൾ

2018-ൽ അംമ്രേലി, ഗിര്‍,സോംനാഥ്, ജുനഗഡ് എന്നീ തെക്കു പടിഞ്ഞാറന്‍ ഗുജറാത്തിലെ ജില്ലകളിലായി  വ്യാപിച്ചു കിടക്കുന്ന  ഗിര്‍ ദേശീയോദ്യാനത്തിലും, വന്യജീവി സങ്കേതത്തിലുമുള്ള ഇരുപത്തിമൂന്ന് ഏഷ്യന്‍   സിംഹങ്ങളുടെ മരണം  കാട്ടിലെ  രാജാവിനെ വാർത്തകളിൽ കൊണ്ടുവന്നിരുന്നു. 2018 സെപ്റ്റംബര്‍ 12 നും ഒക്‌ടോബര്‍ ഒന്നിനുമിടയിലുള്ള  ചെറിയ ഇടവേളയിലാണ് കനൈന്‍ ഡിസ്റ്റെംപര്‍ എന്ന വൈറസ് രോഗബാധമൂലം ഇവര്‍ മരണമടഞ്ഞത്. നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന  ഏഷ്യന്‍ സിംഹങ്ങള്‍, ഇന്ന് അവശേഷിക്കുന്ന ഏക പ്രകൃതിദത്ത ആവാസ വ്യവസ്ഥയാണ്  ഈ ഗിര്‍ വനങ്ങള്‍. നായ്ക്കളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ് കനൈന്‍ ഡിസ്റ്റെംപര്‍ (Canine Distemper). പാരാമിക്‌സോ കുടുംബത്തിലെ, മോര്‍ബിലി ജനുസ്സില്‍പ്പെട്ട RNA വൈറസാണിത്. ഈ രോഗമാണ് നായ്ക്കളില്‍ നിന്ന് കന്നുകാലികളില്‍ അല്ലെങ്കില്‍ ജലസ്രോതസ്സു വഴി സിംഹങ്ങളില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. 

വാക്‌സിനേഷന്‍ ആണ് രോഗപ്രതിരോധ മാര്‍ഗ്ഗം. കിഴക്കന്‍ ആഫ്രിക്കയിലെ മുപ്പത് ശതമാനത്തോളം ആഫ്രിക്കന്‍ സിംഹങ്ങളെ കൊന്നൊടുക്കിയ ഭീകരനാണ് ഈ വൈറസ്. 1994-ല്‍ ടാന്‍സാനിയായിലെ സെറന്‍ഗെട്ടി (Serengeti) നാഷണല്‍ പാര്‍ക്കില്‍ ആയിരത്തോളം  സിംഹങ്ങള്‍ ഈ രോഗംമൂലം മരിച്ചത് നമുക്ക് നല്‍കുന്ന മുന്നറിയിപ്പാണ്. ഈ വര്‍ഷം ഗിര്‍ വനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 23 സിംഹങ്ങളില്‍ 21ഉം ഈ രോഗബാധമൂലമാണ് മരണമടഞ്ഞത്. ഒപ്പം ബബീസിയ എന്ന രക്തപരാദ പ്രശ്‌നവും, ആ രോഗം  പടര്‍ത്തുന്ന ബാഹ്യപരാദമായ പട്ടുണ്ണിയുടെ പ്രശ്‌നങ്ങളുമുണ്ട്.  പെട്ടെന്നുണ്ടാകുന്ന വ്യാപകമായ ഒരു രോഗബാധ ഭൂമിയിലെ ഏറ്റവും ശക്തനായ  ഒരു ജന്തു ഇനത്തെ പൂർണമായും തുടച്ചുനീക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കുറച്ച് ഏഷ്യന്‍ സിംഹങ്ങളെ  മധ്യപ്രദേശിലേക്ക് മാറ്റണമെന്ന  ആവശ്യം ഇപ്പോഴും ശക്തമാണ്.

വര്‍ഗീകരണം 

'ബിഗ് ക്യാറ്റ്' കുടുംബത്തില്‍ കടുവ കഴിഞ്ഞാല്‍ വലിപ്പത്തില്‍  രണ്ടാമതുള്ള ജീവിയാണ് സിംഹം.പാന്തെറ ലിയോ (Panthera leo) എന്നാണ്  സിംഹത്തിന്റെ ശാസ്ത്രനാമം. കാര്‍ണിവോറ എന്ന ഓര്‍ഡറില്‍, ഫെലിഡേ കുടുംബത്തില്‍ പാന്തെറിനെ ഉപകുടുംബത്തില്‍  പാന്തെറ ജെനുസില്‍ ലിയോ എന്ന സ്പീഷിസിലാണ് ഇവരുടെ സ്ഥാനം. കടുവ, പുള്ളിപ്പുലി, ജാഗ്വാര്‍ എന്നിവയോടൊപ്പം മാർജാര ഇനങ്ങളിലെ പ്രധാനിയാണ് സിംഹം. ഇവയെല്ലാം പാന്തെറ ജെനുസിലും, ഫെലിഡെ കുടുംബത്തിലും പെടുന്നു. ഏഷ്യയില്‍ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തുള്ള ഗിര്‍ വനങ്ങളിലും ആഫ്രിക്കയിലെ സബ്‌സഹാറന്‍ പ്രദേശങ്ങളിലുമാണ് ഇന്ന് ഇവ അവശേഷിക്കുന്നത്.  

ഉപവിഭാഗങ്ങള്‍

Lions in the Wild

വർഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് ഉപഇനങ്ങളാണ് സിംഹത്തിനുള്ളത്. ഏഷ്യന്‍/ഇന്ത്യന്‍ (Panthera leo persica), ബാര്‍ബറി സിംഹം (Panthera leo leo), പടിഞ്ഞാറന്‍ ആഫ്രിക്കന്‍ (Panthera leo senegalensis), കിഴക്കന്‍ ഹോംഗോങ്ങ് (Panthera leo azandica), കിഴക്കന്‍ ആഫ്രിക്കന്‍ (Panthera leo nubica), തെക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ (Panthera leo bleyenberghi), തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ (Panthera leo  krugeri), കേപ്പ്  (Panthera leo  melanochaita) എന്നിവയാണവ. ഇതില്‍ ബാര്‍ബറി സിംഹവും, കേപ്പ് സിംഹവും ഭൂമുഖത്തോട് വിടപറഞ്ഞു. ഏഷ്യന്‍ ആഫ്രിക്കന്‍ ഇനങ്ങളാണ് ഇന്ന് പ്രധാനമായുള്ളത്.  ശരാശരി 9 അടി നീളമുള്ള ശരീരമാണ് ഇരുവര്‍ക്കുമുള്ളത്. പത്തടി ഏഴിഞ്ച് നീളം എത്തിയ ആഫ്രിക്കനും, ഒമ്പതടി ഏഴിഞ്ച് എത്തിയ ഏഷ്യനുമാണ് ഇതില്‍ റിക്കോര്‍ഡിട്ടത്.  തീറ്റ കഴിഞ്ഞുള്ള ശരീര ഭാരം ചില ഇനങ്ങളില്‍ ശരാശരി 250 കിലോഗ്രാമോളം വരാം. 

സിംഹത്തിന്റെ വിശേഷങ്ങൾ അറിയാം

ആണ്‍ സിംഹത്തിന്റെ  മുഖ്യ പ്രത്യേകത സടയാണ്. ഏഷ്യന്‍ ഇനത്തിന്റെ സടയുടെ രോമസമൃദ്ധി കുറവാണെന്നു മാത്രം. എന്നാലും ഇവയ്ക്ക് സമൃദ്ധമായി രോമങ്ങളുള്ള രോമക്കുപ്പായമുണ്ടാകും. പള്ളവശത്തെ അതിരുള്ള രോമക്കൂട്ടവും, കതിരുപോലെയുള്ള വാലഗ്രവും കാല്‍മുട്ടിലെ രോമ സമൃദ്ധിയും ഇവര്‍ക്കുണ്ടാകും. സടയുടെ നിറം ഇരുണ്ടതോ ഉളം നിറത്തിലോ ആവാം. മഞ്ഞ തവിട്ടു മുതല്‍, ഇളം വൈക്കോല്‍ വരെ  വിവിധ ശരീര നിറങ്ങള്‍. വിളറി വെളുത്ത പള്ളവശവും, കറുത്ത വാലറ്റവും. പിറന്നു വീഴുന്ന കുട്ടിക്ക് കറുപ്പ്/തവിട് റോസറ്റ് പുള്ളികള്‍ കാണാം.  സ്വഭാവ സവിശേഷതകള്‍ രണ്ടിനങ്ങള്‍ക്കും ഏതാണ്ട് ഒരുപോലെയാണ്. പകല്‍ മരത്തണലില്‍ ഉറക്കവും വിശ്രമവുമായിരിക്കും. സന്ധ്യയോടെ വേട്ട തുടങ്ങും. പെണ്‍ സിംഹങ്ങള്‍ കൂട്ടുചേര്‍ന്ന് ഇരജന്തുവിനെ പിടിക്കുമ്പോള്‍ കുട്ടികളെ സംരക്ഷിച്ച് ആണ്‍ സിംഹം  മാറി നില്‍ക്കും. പകല്‍ മേച്ചില്‍ കഴിഞ്ഞു പോകുന്ന, രാവിലെ മേയാനിറങ്ങുന്ന കാലികളെ സിംഹങ്ങള്‍ ഗിര്‍ വനത്തില്‍ ആക്രമിക്കുന്നു. അവകാശികളില്ലാത്ത ജഡവും തിന്നും. 

ഒരു സിംഹത്തിന് അഞ്ചു കിലോഗ്രാമോളം മാംസം ഒരു ദിവസം വേണം. മുപ്പതു കിലോഗ്രാം വരെ ഒരുമിച്ച് കഴിക്കാന്‍ കഴിയും. ഗര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന ലയണ്‍ കിങ്ങിലെ കുഞ്ഞുസിംഹത്തെ ഓര്‍ക്കുക. ഒരു വയസ്സുള്ളപ്പോള്‍ കുട്ടി സിംഹങ്ങള്‍ ഗർക്കാന്‍ തുടങ്ങും. 

ഓരോ സിംഹക്കൂട്ടവും സൂക്ഷിക്കുന്ന കൈവശ ഭൂമിയുടെ അതിര്‍ത്തി ലംഘിക്കുന്നവരെ തുരത്താനാണ് ഗര്‍ജ്ജനം. എട്ടു കിലോമീറ്റര്‍ ദൂരെ വരെയെത്തുന്ന  ഗംഭീര ഗര്‍ജ്ജനം.പെണ്‍സിംഹങ്ങളാണ് വേട്ടയില്‍ സജീവം. ആണ്‍സിംഹങ്ങള്‍ ദിവസത്തില്‍ 20 മണിക്കൂര്‍ വരെ വിശ്രമിക്കും. ഒരു വയസ്സു പ്രായംവരെ സിംഹക്കുട്ടികള്‍ക്ക് വേട്ടയാടാന്‍ അനുവാദമില്ല. പെണ്‍സിംഹങ്ങള്‍ വേട്ടയാടിക്കൊണ്ടു വരുന്ന  മാംസത്തിന്റെ ആദ്യ പങ്ക് ആണ്‍സിംഹങ്ങളുടെ  അവകാശമാണ്. മറ്റ് മാര്‍ജാര ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി സമൂഹജീവിതമാണ് സിംഹങ്ങള്‍ക്കുള്ളത്. ആണും, പെണ്ണും, കുട്ടികളുമടങ്ങുന്ന കൂട്ടുകുടുംബം. ഏതാനും പെണ്‍സിംഹങ്ങള്‍, അതില്‍ താഴെയെണ്ണം ആണ്‍ സിംഹങ്ങള്‍ എന്നിവയടങ്ങുന്ന സംഘങ്ങള്‍ (Pride) ആണ് സാധാരണ കാണപ്പെടുക. 

ഇവയില്‍ 2-15  സംഘാംഗങ്ങളുണ്ടാവാം. ആണ്‍സിംഹങ്ങളിലെ കരുത്തന്‍ പ്രൈഡിന്റെ മേധാവി.  കുളമ്പുവര്‍ഗത്തില്‍പ്പെട്ട ഇരകളെ കീഴടക്കുന്നത് പെണ്ണുങ്ങള്‍. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഗിര്‍ സിംഹങ്ങള്‍ ഇണ ചേരുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പ്രസവം. 116 ദിവസമാണ് ഗര്‍ഭകാലം. സാധാരണ രണ്ട് കുട്ടികള്‍.  പ്രസവങ്ങള്‍ തമ്മില്‍  ഒന്നര-രണ്ട് വര്‍ഷം ഇടവേള. ആണ്‍ സിംഹം പ്രായപൂര്‍ത്തിയെത്തുന്നത് അഞ്ച് വര്‍ഷമാകുമ്പോഴാണ്. കുട്ടികളെ കാത്തു സൂക്ഷിക്കാനും, തീറ്റ തേടി കൊടുക്കാനും സഹായിച്ച് പെണ്ണിനും കുട്ടികള്‍ക്കുമൊപ്പം അവര്‍ കഴിയുന്നു. രണ്ടര-മൂന്നര വയസ്സില്‍ ആദ്യ പ്രസവം പെണ്‍ സിംഹങ്ങളില്‍ നടക്കും. . കുട്ടികള്‍ 2-5 എണ്ണം ഉണ്ടാകും.

English Summary: World Lion Day 2021: Lions in the Wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com