7500 കിലോ, ഏഷ്യയിലെ ഏറ്റവും ഭാരമുള്ള കൊമ്പൻ; പുന്നത്തൂർക്കോട്ടയുടെ സ്വന്തം നന്ദൻ!
Mail This Article
ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർക്കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന സംരക്ഷണ കേന്ദ്രമാണ്. കണ്ണന്റെ 44 ആനകളാണ് പുന്നത്തൂർ രാജവംശത്തിന്റെ കൊട്ടാരക്കെട്ടിന് ചുറ്റിലുമുള്ള വളപ്പിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ പൊന്നാനി റോഡിന് സമീപമുള്ള പുന്നത്തൂർക്കോട്ട ആനത്താവളമായി മാറിയത് 1975 ജൂൺ 25നാണ്. അന്ന് ദേവസ്വത്തിൽ ആനകൾ 26 എണ്ണം മാത്രം. ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ 20 ആനകളുടെ സംഘം ഘോഷയാത്രയായിട്ടാണ് കോട്ടയിൽ എത്തിയത്. പിന്നീട് ആനകളുടെ എണ്ണം 66 വരെ ഉയർന്നു. ഇപ്പോൾ 44 ആനകളുണ്ട്. കഴിഞ്ഞ 2 വർഷത്തിനിടെ ആനപ്രേമികളുടെയും ആരാധകരുടെയും പ്രിയപ്പെട്ട 2 കൊമ്പന്മാരെ ദേവസ്വത്തിന് നഷ്ടമായി. ദേവസ്പർശമുള്ള ഗജരത്നം ഗുരുവായൂർ പത്മനാഭനും ഗുരുവായൂർ വലിയ കേശവനും.
ഒന്നരക്കൊല്ലത്തിലേറെയായി കോട്ടയിലെ ആനകൾ ക്വാറന്റൈനിൽ ആണ്. ഉത്സവങ്ങളില്ല, പൂരങ്ങളില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും നടക്കുന്ന എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കാൻ ചുരുക്കം ചില ആനകൾ മാത്രം പുറത്തിറങ്ങിയ കാലം. ഇതിനിടയിലാണ് കെട്ടിയിട്ട ആനകളെ കോട്ടയ്ക്ക് പുറത്തിറക്കി നടത്തണമെന്ന് വനംവകുപ്പിന്റെ നിർദേശം വന്നത്. ആനകളുടെ ആരോഗ്യത്തിനും വ്യായാമത്തിനും നിത്യവും 6 കിലോമീറ്റർ എങ്കിലും നടത്തണെന്നായിരുന്നു നിർദേശം. ദേവസ്വം ഭരണസമിതി ഇത് അംഗീകരിക്കുകയും ജൂലൈ 1 മുതൽ ആനകളുടെ നടത്തം ആരംഭിക്കുകയും ചെയ്തു. നിത്യവും രാവിലെ 9ന് കോട്ടയിൽ നിന്ന് 5 ആനകൾ സംഘമായി പുറത്തിറങ്ങും. ഗുരുവായൂരപ്പനെ വലംവച്ച് തിരികെ കോട്ടയിൽ എത്തും. അടുത്ത ദിവസം മറ്റ് 5 ആനകളെയാണ് നടത്തുന്നത്. ഇങ്ങനെ ടേൺ അനുസരിച്ച് ആനകൾക്ക് അവസരം ലഭിക്കും. മദപ്പാടിൽ ബന്ധിപ്പിച്ച ആനകളെയും രോഗബാധിതരായവരെയും ഒഴിവാക്കും.
ആനകളുടെ ചികിത്സ നിശ്ചയിക്കാൻ കേരളത്തിലെ പ്രമുഖരായ ആനചികിത്സകർ അടങ്ങുന്ന വിദഗ്ധ സമിതിയുണ്ട്. ആനകളുടെ ആരോഗ്യവും ഭക്ഷണവും ചികിത്സയുമെല്ലാമായി കോവിഡിലും ദേവസ്വം ആനകൾ സുരക്ഷിതരാണ്. ഉത്സവങ്ങളും പൂരങ്ങളും എഴുന്നള്ളിപ്പുകളും ഇല്ലെങ്കിലും പാപ്പാന്മാർക്ക് മികച്ച ശമ്പളവും കേരള സർവീസ് റൂൾ അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ദേവസ്വത്തിലെ ആനകളുടെ തൂക്കം നോക്കുന്ന വേയ്ബ്രിജ് കേടു വന്നിട്ട് 4വർഷമായി. 60 ടൺ വരെ ഭാരം നോക്കാവുന്ന പുതിയ വേയ്ബ്രിജ് ദേവസ്വം സ്ഥാപിച്ചു. ഇത് ചിങ്ങം 1 മുതൽ പ്രവർത്തന സജ്ജമാകും. ആനക്കോട്ടയിലെ ഏറ്റവും ഭാരമുള്ള ആന നന്ദനാണ്. 2 വർഷം മുൻപ് 7100 കിലോ ഭാരമുണ്ടായിരുന്ന നന്ദനെ പുതിയ വേയ് ബ്രിജിൽ പരീക്ഷണാർഥം ജൂൺ 30ന് തൂക്കമെടുത്തപ്പോൾ 7500 കിലോ ആയിരുന്നു തൂക്കം. ഏഷ്യയിലെ ഏറ്റവുമധികം തൂക്കമുള്ള കൊമ്പനാണ് നന്ദൻ. തൃശൂർ പൂരത്തിന് വർഷങ്ങളായി പാറമേക്കാവ് വിഭാഗത്തിന്റെ കോലം എഴുന്നള്ളിക്കുന്ന നന്ദന് ആരാധർ ഏറെയാണ്.
കോവിഡ് കാലത്ത് ആനക്കോട്ടയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഭരണസമിതി ആനക്കോട്ടയിൽ സന്ദർശകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഉടൻ എടുക്കും. ലോക്ഡൗൺ ആണെങ്കിലും ആനകൾക്ക് തീറ്റയുടെയോ ചികിത്സയുടെയോ കാര്യത്തിൽ ഒരു കുറവുമില്ല. ജൂലൈ 1 മുതൽ 30 ദിവസം ആനകൾക്ക് സുഖചികിത്സ നൽകി. തേച്ചുകുളിയും മൃഷ്ടാന്ന ഭക്ഷണവും ച്യവനപ്രാശം അടക്കമുള്ള ആയൂർവേദ മരുന്നുകളും അടങ്ങുന്നതാണ് സുഖചികിത്സയുടെ മറ്റ് ദിവസങ്ങളിലും പനമ്പട്ടയും പുല്ലും വാഴപ്പിണ്ടിയുമായി ഭക്ഷണം സമൃദ്ധമാണ്. മദപ്പാടിൽ കെട്ടിയിട്ടുള്ള ആനകൾക്കും രോഗമുള്ളവർക്കും ആരോഗ്യമുള്ള ആനകൾ പനമ്പട്ടയും തീറ്റയും തറികളിൽ എത്തിച്ച് കൊടുക്കും. പ്രായാധിക്യമുള്ള ആനകൾക്ക് ചോറും അവിലും രോഗമുള്ളവർക്ക് മുതിര പുഴുങ്ങിയതും ആയുർവേദ മരുന്നുകളുമെല്ലാം നൽകുന്നുണ്ട്.
English Summary: Punnathur Kotta Elephant Shelter of guruvayoor Devaswom board