കടലിൽ ചോർന്നത് 5 ലക്ഷം ലീറ്റർ എണ്ണ; വൻ പരിസ്ഥിതിനാശം, ചത്തുമലച്ച് കടൽജീവികൾ!
Mail This Article
സമീപകാലത്തുണ്ടായ ഏറ്റവും വലിയ കടൽ പരിസ്ഥിതിനാശത്തിനു യുഎസിലെ കലിഫോർണിയ തീരം സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ ദിവസം എണ്ണ പൈപ്പ്‌ലൈനിലുണ്ടായ തകരാർ മൂലം കടലിലേക്കു ചോർന്നത് 5 ലക്ഷം ലീറ്റർ (3000 വീപ്പ) എണ്ണയാണ്. ഇതു കാരണം കടലിൽ 20 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണത്തിൽ വൻ എണ്ണപ്പാട രൂപപ്പെടുകയും മത്സ്യങ്ങളുൾപ്പെടെ കടൽ ജീവികൾ വൻതോതിൽ ചത്തുമലയ്ക്കുകയും ചെയ്തു. പെലിക്കൻ പോലുള്ള പക്ഷികളെയും സംഭവം ബാധിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന പരിസ്ഥിതി സങ്കേതമായ ടാൽബെർട് മാർഷിലേക്കു എണ്ണപ്പാട കടന്നു ചെന്നു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. സംഭവത്തെത്തുടർന്ന് കലിഫോർണിയയിലെ ബീച്ചുകൾ അടച്ചുപൂട്ടി. പ്രദേശത്തു നടത്തിയിരുന്ന എല്ലാ വിനോദപരിപാടികളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമുദ്രത്തിൽ 100 അടി താഴ്ചയിൽ സ്ഥിതി ചെയ്ത ഒരു എണ്ണപ്പൈപ്പ്‌ലൈനിൽ 13 ഇഞ്ച് വ്യാസമുള്ള ദ്വാരം തകരാർ മൂലം രൂപപ്പെട്ടതാണു പ്രശ്‌നത്തിന്റെ മൂലകാരണമെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എന്താണു ദ്വാരത്തിനു കാരണമായതെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരമില്ല. കപ്പലുകളുടെ നങ്കൂരം ഇടിച്ചുവലിച്ചതാണോ ഇതിനു തുടക്കമിട്ടതെന്നുള്ള സാധ്യതകൾ അധികൃതർ അന്വേഷിക്കുന്നുണ്ട്. കലിഫോർണിയയ്ക്കു സമീപം കടലിൽ സ്ഥിതി ചെയ്യുന്ന എണ്ണഖനിയിൽ നിന്നുള്ള എണ്ണ വഹിക്കുന്ന പൈപ്പ്‌ലൈനിലായിരുന്നു തകരാർ. 41 വർഷം പഴക്കമുള്ളതാണ് ഈ പൈപ്പ്‌ലൈൻ.
യുഎസ് തീരസംരക്ഷണ സേനയാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർ വിമാനങ്ങളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ചുള്ള ബൃഹത് സർവേ നടത്തുകയും എണ്ണ നീക്കം ചെയ്യാൻ കോണ്ട്രാക്ടർമാരെ ഏർപ്പെടുത്തുകയും ചെയ്തു. 3150 ഗാലൻ എണ്ണ നീക്കം ചെയ്തതായും കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചിട്ടുണ്ട്.12,000 അടി മൊത്തം നീളം വരുന്ന തടയണകളും വ്യാപിപ്പിച്ചിട്ടുണ്ട്. എണ്ണപ്പാടകൾ കൂടുതൽ വ്യാപിക്കാതെ നോക്കുന്നവയാണ് ഇവ.
കലിഫോർണിയ തീരത്തിനടുത്തുള്ള എണ്ണഖനനം തൊണ്ണൂറുകൾ മുതൽ കുറഞ്ഞുവരികയാണ്.യുഎസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണിത്. 1969ൽ സാന്റാ ബാർബറയിൽ നടന്ന ഒരു വമ്പൻ എണ്ണച്ചോർച്ചയിൽ 80000 വീപ്പയളവിലുള്ള എണ്ണയാണു കടലിലേക്കു ചോർന്നത്. പഴക്കമുള്ള പൈപ്പ്‌ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നും ഓഫ്‌ഷോർ പെട്രോളിയം ഖനനത്തിന്റെ തോത് കുറയ്ക്കണമെന്നും പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംഘടനകൾ ആവശ്യമുയർത്തുന്നുണ്ട്.
English Summary: 'Catastrophic' California oil spill kills fish, damages wetlands