ADVERTISEMENT

ഒടുവിൽ അതിനും മലയാളികൾ തന്നെ വേണ്ടി വന്നു. വിയറ്റ്നാം, ലാവോസ്, ചൈനയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന അപൂർവയിനം സൂചിത്തുമ്പിയായ ഒറോലെസ്റ്റസ് സെലിസി (Orolestes selysi)നെ അസമിൽ നിന്നു കണ്ടെത്തിയത് 3 മലയാളികളുടെ സംഘം. 

ചേരാച്ചിറകൻ തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ ഇന്ത്യയിലെ ഡാർജിലിങ് മേഖലയിൽ ഉള്ളതായി പഴയ പഠനങ്ങൾ പറയുന്നുണ്ടെങ്കിലും സമീപ കാലത്തൊന്നും തന്നെ ഇവയെ കണ്ടതായി റിപ്പോർട്ടുകൾ ഇല്ല. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ബയോനോട്ട്സി’ന്റെ പുതിയ ലക്കത്തിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അസമിലെ ദെഹിങ്–പട്കൈ നാഷനൽ പാർക്കിൽ നിന്ന് ഇവയെ കണ്ടെത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള പ്രകൃതി നിരീക്ഷകരായ റെജി ചന്ദ്രൻ, തോംസൺ സാബുരാജ്, സുരേഷ് വി.കുറുപ്പ് എന്നിവർ. ഈ വർഷം ഫെബ്രുവരി 21-നാണ് മൂവർ സംഘം ഈ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയത്. മൂവരും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിന്റെ സജീവ പ്രവർത്തകരാണ്. പക്ഷിനിരീക്ഷണം മാത്രമായിരുന്നു നോർത്ത് ഈസ്റ്റിലേക്ക് പുറപ്പെട്ട  സംഘത്തിന്റെ ലക്ഷ്യം. 

‘അരുണാചൽപ്രദേശിലെ മിഷ്മി ഹിൽസ് സന്ദർശിച്ച ശേഷമാണ് ഞങ്ങൾ അസമിൽ എത്തിയത്. ദെഹിങ് പട്കൈ നാഷണൽ പാർക്കിൽ എത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന് ശേഷം കുറച്ചു സമയം തുമ്പി നിരീക്ഷണത്തിന് അവസരം കിട്ടി. അപ്പോഴാണ് ഈ സുന്ദരൻ തുമ്പികളുടെ ഫോട്ടോ എടുത്തത്’, സംഘാംഗമായ റെജി പറഞ്ഞു.  പിന്നീട് ചിത്രങ്ങൾ പരിശോധിച്ച തുമ്പി ഗവേഷകനായ വിവേക് ചന്ദ്രനാണ് ഇവ അത്യപൂർവമായ ഒറോലെസ്റ്റസ് സെലിസി(Orolestes selysi) എന്ന സൂചിത്തുമ്പിയാണെന്ന് തിരിച്ചറിഞ്ഞത് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകനും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് മെമ്പറുമാണ് വിവേക് ചന്ദ്രൻ). 

 

English Summary: A rare dragonfly Orolestes selysi spotted in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com