ADVERTISEMENT

ദുഃഖത്തിന്റെ നദിയെന്നാണ് ചൈനയിലെ ഹുയാങ് ഹെ നദി അറിയപ്പെടുന്നത്. മരണം പതിയിരിക്കുന്ന നദിയെന്നും ചൈനക്കാർ ഹുയാങ് ഹെയെ വിളിക്കുന്നു. ലക്ഷക്കണക്കിനാളുകളെ മുക്കിക്കൊന്ന നദിയെ മറ്റെന്തു പേരു വിളിക്കാൻ! ബിസി 2297 മുതൽ ആയിരത്തി അഞ്ഞൂറോളം വെള്ളപ്പൊക്കങ്ങളാണ് ഈ നദിയിലുണ്ടായത്. ഇതിൽ 1887ലെ പ്രളയം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത പ്രളയമായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ പ്രളയത്തിൽ മരിച്ചത് ഏകദേശം ഒൻപതു ലക്ഷത്തോളം പേരാണ്!. വടക്കൻ ചൈനയിലൂടെ 50,000 സ്ക്വയർ മൈലുകളാണ് വെള്ളം ആർത്തലച്ച് ഒഴുകിയത്. ലക്ഷക്കണക്കിന് വീടുകളും ലക്ഷക്കണക്കിന് ഹെക്ടർ കൃഷിയും വെള്ളത്തിനടിയിലായി. 7 മില്യൻ ആളുകൾക്ക് വീടു നഷ്ടപ്പെട്ടു. 600 നഗരങ്ങളാണ് പ്രളയത്തിന്റെ ദുരിതമനുഭവിച്ചത്.

മരണനദി

ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണിത് (5464 കിലോമീറ്റർ). വെള്ളത്തിൽ എക്കലിന്റെ അളവ് കൂടുതലായതിനാൽ മഞ്ഞനിറമാണ് നദിക്ക്. അങ്ങനെ മഞ്ഞ നദിയെന്നും പേരുവീണു. ഏതു നിമിഷവും വെള്ളം തുപ്പാനൊരുങ്ങി നിൽക്കുന്ന ഹുയാങ് ഹെ ചൈനയുടെ കാർഷിക വൃത്തിയുടെ നെടുംതൂണായിരുന്നു. നദിയുടെ ഇരുകരയിലും കൃഷി തഴച്ചു വളർന്നു. നദിയിൽ അടിഞ്ഞുകൂടിയ എക്കലും കൃഷി ആവശ്യത്തിനായി കർഷകർ അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണകളുമായിരുന്നു വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങൾ. ശക്തമായ മഴ പെയ്താൽ നദി കരകവിഞ്ഞൊഴുകുന്നതു പതിവായെങ്കിലും തടയണകൾ പൊളിക്കാൻ കർഷകരോ അധികൃതരോ തയാറായില്ല. ഫലമോ, വർഷങ്ങൾ കഴിയുംതോറും പ്രളയനഷ്ടത്തിന്റെ തോത് വർധിച്ചുവന്നു. 1887ലെ അതിഭീകര പ്രളയമായിരുന്നു ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. 

1887 സെപ്റ്റംബർ 28

അതിശക്തമായ മഴയായിരുന്നു 1887ലെ സെപ്റ്റംബർ മാസത്തിൽ. ചെറിയ വെള്ളപ്പൊക്കങ്ങൾ സാധാരണമായതിനാൽ ആരും തന്നെ ആ മഴ കാര്യമാക്കിയില്ല. എന്നാൽ നിർത്താതെ പെയ്ത മഴയിൽ ഹുയാങ് ഹെ നദിയിലെ തടയണകൾ ഓരോന്നായി തകർന്നു തുടങ്ങി. തടയണകളെ തകർത്ത് ആർത്തലച്ചൊഴുകിയ വെള്ളം ഗ്രാമങ്ങളെ ഓരോന്നായി തൊട്ടുതുടങ്ങിയപ്പോഴാണ് ജനമുണർന്നത്. നദിക്കു തൊട്ടടുത്തുള്ള ഹെനാൻ പ്രവിശ്യയിൽ വെള്ളമെത്തിയപ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ ഓടിയെത്തി തടയണകൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. എന്നാൽ സകലതും തകർത്തെറിഞ്ഞ വെള്ളത്തിൽ മുങ്ങിത്താഴാനായിരുന്നു അവരുടെ വിധി. കാലാവസ്ഥാ പ്രവചനത്തിനും മറ്റും സാങ്കേതിക വിദ്യകൾ ഇല്ലാതിരുന്ന കാലമായതിനാൽ ദുരന്തത്തെ മുൻകൂട്ടി അറിയാൻ യാതൊരു മാർഗവുമില്ലായിരുന്നു. 

വെള്ളം എത്ര ഉയരുമെന്നോ എവിടേക്കെല്ലാം എത്തുമെന്നോ കണക്കൂട്ടാൻ കഴിയാത്ത സ്ഥിതി. വെള്ളം അടുത്ത പട്ടണമായ ഷെൻങ്ഷോയിൽ എത്തിയപ്പോഴേക്കും പ്രാണരക്ഷാർഥം ജനങ്ങൾ ഓടിത്തുടങ്ങിയിരുന്നു. പലരും ബോട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ചിലർ വീടിന്റെ ടെറസിനു മുകളിൽ അഭയം തേടി. മരത്തിനു മുകളിൽ കയറിയവരും ഒട്ടേറെ. മരിക്കുമെന്ന് ഉറപ്പായപ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലെ വലിയ പാത്രങ്ങളിൽ കയറ്റി പലരും ഒഴുക്കിവിട്ടു, ആരെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷയിൽ. എന്നാൽ എല്ലാ പ്രതീക്ഷകളും നിമിഷങ്ങൾക്കുള്ളിൽ നശിച്ചു. കെട്ടിടങ്ങളുടെയും വീടുകളുടെയും അടിവേരിളക്കി വെള്ളമൊഴുകി. 15 മീറ്ററോളം ഉയരത്തിലാണ് വെള്ളം ഉയർന്നത്.

അക്കാലത്ത് ചൈനയിലെ എമർജൻസി സംവിധാനങ്ങൾ വളരെ മോശമായിരുന്നതിനാൽ ജനങ്ങളെ രക്ഷിക്കാൻ ആരുമെത്തിയില്ല. പ്രായമായവരും പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടെ 9 ലക്ഷം പേരാണ് പ്രളയത്തിൽ മരിച്ചത്. ഒക്ടോബർ വരെ  നീണ്ടുനിന്ന പ്രളയം അറുന്നൂറോളം നഗരങ്ങളെ ഗുരുതരമായി ബാധിച്ചു. ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കൃഷിസ്ഥലങ്ങൾ ഒലിച്ചുപോയി. ലക്ഷക്കണക്കിനാളുകൾ മുഴുപട്ടിണിയിലായി. ഒരു പുല്ലുപോലും ബാക്കിയില്ലാതെ മരുഭൂമി പോലെയായിരുന്നു പ്രളയബാക്കിയായ സ്ഥലങ്ങൾ. 1931ലും നദിയിൽ പ്രളയുമുണ്ടായി. ജൂലൈ മുതൽ നവംബർ വരെ നീണ്ടുനിന്ന ശക്തമായ മഴയിൽ ഏകദേശം 5 ലക്ഷത്തോളം ആളുകളാണ്  മരിച്ചത്. 

ഡാമുകൾക്കും തടയാനായില്ല

1945നുശേഷം ഹുയാങ് ഹെയിൽ ശക്തമായ പ്രളയങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും എല്ലാ വർഷവും വെള്ളപ്പൊക്കം പതിവായി. ഇതോടെ വെള്ളപ്പൊക്കം തടയാൻ 1955ൽ 50 വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് ഭരണാധികാരികൾ രൂപം നൽകി. നദിയിൽ ഡാമുകൾ നിർമിക്കുന്നതായിരുന്നു ആദ്യ ഘട്ടം. കൃഷിക്കായും വൈദ്യുതി ഉൽപാദനത്തിനായും കൂടുതൽ വെള്ളം ഉപയോഗപ്പെടുത്തി. എന്നാൽ നദിയിലെ അനധികൃത ഡാമുകൾക്കും നിർമാണങ്ങൾക്കുമെതിരെ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രഞ്ജരും ശക്തമായി രംഗത്തുവന്നു. നദീതീരത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാമെന്ന നിർദേശമുണ്ടായെങ്കിലും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരെ മറ്റൊരിടത്തേക്കു മാറ്റുന്നതു പ്രായോഗികമല്ലാത്തതിനാൽ അതു നടപ്പായില്ല. ഈ വർഷവും കഴിഞ്ഞ വർഷവുമെല്ലാം ഹുയാങ് ഹെ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. മരണസംഖ്യ കുറവാണെങ്കിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഈ വെള്ളപ്പൊക്കങ്ങൾ മൂലമുണ്ടായത്. 

English Summary: Great Flood of the Huang-He River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com