അർജന്റീനയുടെ ആകാശത്ത് പ്രത്യക്ഷമായത് വിചിത്ര മേഘക്കൂട്ടം; അമ്പരന്ന് പ്രദേശവാസികൾ!
Mail This Article
അർജന്റീനയുടെ ആകാശത്ത് പ്രത്യക്ഷമായത് വിചിത്ര മേഘക്കൂട്ടം. മമാന്റസ് മേഘങ്ങൾ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. കോർഡോബയിലെ കാസാ ഗ്രാൻഡെയിലാണ് നവംബർ 13ന് വിചിത്ര മേഘക്കൂട്ടം പ്രത്യക്ഷമായത്. ആകാശത്തു നിന്ന് മഞ്ഞുപന്തുകൾ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഇവ കാണപ്പെട്ടത്. ഗോളാകൃതിയിൽ രൂപപ്പെടുന്ന മേഘക്കൂട്ടങ്ങളാണിത്. വിചിത്ര മേഘക്കൂട്ടം ദൃശ്യമായത് പ്രദേശവാസികളിൽ ഭീതിയും കൗതുകവുമുണർത്തി.
മേഘക്കൂട്ടം പ്രത്യക്ഷമായതിനു പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്ചയുമുണ്ടായതായി പ്രദേശവാസികൾ വിശദീകരിച്ചു. സഞ്ചി പോലെ ആകാശത്തുനിന്നും തൂങ്ങിക്കിടക്കുന്ന മേഘക്കൂട്ടം വലിയ ആലിപ്പഴ വീഴ്ചയ്ക്കും ഇടിയോടു കൂടിയ കടുത്ത മഴയ്ക്കും കാരണമാകാറുണ്ട്. കനത്ത പേമാരിക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇവ രൂപപ്പെടാറുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി. ഈ മേഘക്കൂട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രണ്ട് മാസം മുൻപ് ചൈനയിലെ ഹീബെ പ്രവിശ്യയിലെ സിങ്റ്റായ് നഗരത്തിനു മുകളിലും മമാന്റസ് മേഘക്കൂട്ടം പ്രത്യക്ഷമായിരുന്നു.
English Summary: This Rare Cloud Formation Over Argentina Stunned Spectators