ADVERTISEMENT

തെന്മല(കൊല്ലം)∙  കേരളത്തിന്റെ ദേശീയപക്ഷിയെ അടുത്തുകാണാൻ ഇത്തവണയും തെന്മലയിൽ അവസരം.  മലമുഴക്കി വേഴാമ്പല്‍(ഗ്രേറ്റ് ഇന്ത്യൻ ഹോണ്‍ബിൽ)  കഴിഞ്ഞ 2 ദിവസമായി തെന്മല പതിമൂന്നുകണ്ണറ പാലത്തിന് സമീപത്ത് ആലിൻ പഴം ഭക്ഷിക്കാനായി എത്തുന്നുണ്ട്. ഇതോടെ മലമുഴക്കി വേഴാമ്പലിനെ കാണാനും ചിത്രം പകർത്താനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്യജീവി ഫോട്ടോഗ്രാഫർ തെന്മലയിലേക്കെത്തുന്നു. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് മലമുഴക്കിയെ കാണാൻ കഴിയുക.

വംശനാശഭീഷണി നേരിടുന്ന ഇവയുടെ സാന്യധ്യം 2016ലും തെന്മല പതിമൂന്നുകണ്ണറയ്ക്ക് സമീപത്ത് കണ്ടിട്ടുണ്ട്. ശെന്തുരുണിയുടെ ഉൾവനങ്ങളിൽ മാത്രം കാണുന്ന വേഴാമ്പൽ പതിമൂന്നുകണ്ണറയ്ക്ക് സമീപത്തുള്ള വനത്തിലെ ആലിന്റെ പഴം ഭക്ഷിക്കാനാണ് എത്തുന്നത്. ദേശീയപാതയോട് ചേർന്നുള്ള ആൽമരത്തിലാണ് ഇവ ഇപ്പോൾ കൂട്ടമായി എത്തുന്നത്. ഇത്തവണ 10 എണ്ണത്തെവരെ ഒരുമിച്ച് കണ്ടു. കഴിഞ്ഞ വർഷം ഒരേസമയം 100 എണ്ണത്തെവരെ കണ്ടിരുന്നു. ദേശീയപക്ഷിയുടെ ചിത്രം പകർത്താന്‍ 2 ദിവസമായി ഫോട്ടോഗ്രാഫർമാരുടെ തിരക്കുണ്ട്. ക്ഷമയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. 

മലമുഴക്കി എന്ന പേരിന് കാരണം

ഒരു ഹെലികോപ്ടർ പറക്കുന്നതുപോലുള്ള ശബ്ദത്തോടെയാണ് ഇവ പറക്കുന്നത്. ഈ ശബ്ദം മലയോരങ്ങളിൽതട്ടി എക്കോപോലെ നമ്മുടെ കാതുകളിൽ പതിക്കും. കാടിനെ പ്രകമ്പനം കൊളളിക്കുന്നതരത്തിലാണ് ഇവ പറക്കുന്നത്. പതിമൂന്നുകണ്ണറയില്‍ നിന്നാൽ ഇവയുടെ പറക്കലിന്റെ ശബ്ദം സഞ്ചാരികൾക്ക് വ്യക്തമായി കേൾക്കാം.

∙മലമുഴക്കിയുള്ള സ്ഥലങ്ങൾ

നിത്യഹരിത വനവും അർധ നിത്യഹരിതവനവുമാണ് ഇവയുടെ ആവാസ കേന്ദ്രം. ഇന്ത്യ, മ്യാൻമാർ, തെക്കന്‍ ചൈന, വിയറ്റ്നാം,  സുമാത്ര എന്നീ രാജ്യങ്ങളിലാണ് സാധാരണയായി കാണുന്നത്. കേരളത്തിൽ ശെന്തുരണി വനം, അതിരപ്പള്ളി, നെല്ലിയാമ്പതി എന്നിവടങ്ങളിലും ഇവയുടെ സന്യധ്യമുണ്ട്.

ഭക്ഷണം 

ഇലകളും, ചെറുപഴങ്ങളും പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വനത്തിൽ കൂട്ടമായിട്ടാണ് മലമുഴക്കിയെ കാണാറുള്ളത്. ഏറ്റവും ചെറിയത് 20 എണ്ണമടങ്ങുന്ന കൂട്ടമായിട്ടാണ് സഞ്ചാരം.

∙അരുത്.... ശല്യപ്പെടുത്തരുത്

വേഴാമ്പലിന്റെ സാന്യധ്യം തെന്മലയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ഇവയെ കാണാൻ സഞ്ചാരികള്‍ ധാരളമായി എത്തുന്നുണ്ട്. ഇതോടെ സ്വസ്ഥമായി വിഹരിച്ചിരുന്ന ഇവയ്ക്ക് ചെറിയ ശല്യവും ആയിട്ടുണ്ട്. 

hornbill1

മരച്ചില്ലകളിൽ ഇരിക്കുന്ന വേഴാമ്പലിലെ പറക്കാൻ വേണ്ടിയിട്ട് ശബ്ദം ഉണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ശല്യപ്പെടുത്തലുകൾ തുടർന്നാൽ ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് കൂട്ടമായി മാറിപ്പോകുമെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. ശാന്തമായി ഇവയെ കണ്ടു മടങ്ങാനാണെങ്കിൽ ഇവിടേക്ക് വരിക അല്ലെങ്കിൽ അവയെ സ്വസ്ഥമായി വിടുക എന്നാണ് മലുഴക്കിയെ ചിത്രം പകർത്താൻ എത്തിയ വന്യജീവി ഫോട്ടോഗ്രാഫർമാര്‍ പറയുന്നത്. നെല്ലിയാമ്പതിയിലും അതിരപ്പള്ളിയിലും സഞ്ചാരികളുടെ ശല്യം ഏറിയതോടെ വേഴാമ്പലിനെ കാണാൻപോലും സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com