ചാലക്കുടിയില്‍ ചുഴലിക്കാറ്റ്, മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം; പ്രളയത്തിനുശേഷം മൂന്നാം തവണ, വിഡിയോ
Mail This Article
ചാലക്കുടിയില്‍ ശക്തികുറഞ്ഞ ചുഴലിക്കാറ്റ്. ഇന്നലെ വൈകിട്ടാണ് ചാലക്കുടി ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു.
മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതായിരുന്നു ചുഴലിക്കാറ്റ് . മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മൈതാനത്തിന്‍റെ ഒരുവശത്തു നിന്ന് ചുഴലിക്കാറ്റ് നാലാള്‍ പൊക്കത്തില്‍ പൊങ്ങി. മുപ്പത് സെക്കന്‍ഡുകള്‍ക്കു ശേഷം അപ്രത്യക്ഷമായി. ഇത് നേരിട്ട് കണ്ടവര്‍ നടുക്കത്തിലാണ് ഇപ്പോഴും. മൈതാനത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ടായിരുന്നു. ഇതിലേയ്ക്ക് ചുഴലിക്കാറ്റ് വീശി തീ ആളിക്കത്തുമോയെന്നായിരുന്നു ദൃക്സാക്ഷികള്‍ ഭയപ്പെട്ടത്. പക്ഷേ, വലിയ അപകടമില്ലാതെ കാറ്റൊഴിഞ്ഞുപോയി.
പ്രളയത്തിനുശേഷം മൂന്നാം തവണയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശുന്നത്. കഴിഞ്ഞ രണ്ടു തവണയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഇത്തവണ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. തുടര്‍ച്ചയായി ഇവിടെ ചുഴലിയുണ്ടാകുന്നുണ്ട്. എന്താണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വ്യക്തമല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന മിന്നല്‍ ചുഴലിയില്‍ ആശങ്കയിലാണ് ചാലക്കുടിക്കാര്‍. ഇത് പഠനവിധേയമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
English Summary: Tornado in Chalakudy