താഴുന്ന കെട്ടിടങ്ങൾ, പൊടുന്നനെ രൂപപ്പെടുന്ന ഗർത്തങ്ങൾ; ഭൂമിയിലേക്ക് താഴുന്ന ടെഹ്റാന്‍, കാരണം?
Mail This Article
പശ്ചിമേഷ്യയിലെ ഏറ്റവും ജനത്തിരക്കേറിയ നഗരമാണ് ടെഹ്റാന്‍. നഗരത്തിലെ പല ഭാഗങ്ങളിലും ഇപ്പോൾ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലും കെട്ടിടങ്ങൾ താഴ്ന്നു പോകുന്നതും ഇവിടെ പതിവാണ്. ഇതിനെല്ലാം കാരണം അമിതമായ ജലചൂഷണമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സിങ്ക്ഹോളുകൾ രൂപപ്പെടുന്നത് പതിവായതോടെ ടെഹ്റാന്റെ തെക്കൻ പ്രദേശത്തുനിന്ന് നിരവധി താമസക്കാർ അവിടം ഉപേക്ഷിച്ചുപോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒന്നരക്കോടി ജനങ്ങള്‍ ജീവിക്കുന്ന ഇറാന്‍റെ തലസ്ഥാന നഗരം വര്‍ഷം തോറും 25 സെന്‍റിമീറ്റര്‍ വീതം താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് 2018ലെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍. ജര്‍മനിയിലെ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് അന്ന് പഠനം നടത്തിയത്.
ഇന്‍റര്‍ഫേറോമറ്റിക് സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടെഹ്റാന്‍ മേഖലയിലുണ്ടാകുന്ന ഭൂമിയുടെ ഇടിവിനെ പറ്റി കണ്ടെത്തിയത്. ടെഹ്റാന്‍ നഗരത്തിന്‍റെ മൂന്നു മേഖലകളാണ് പ്രധാനമായും 25 സെന്‍റിമീറ്റര്‍ എന്ന തോതില്‍ ഭൂമിയിലേക്കു താഴുന്നതെന്നു പഠനം പറയുന്നു. മറ്റു മേഖലകളില്‍ വര്‍ഷത്തില്‍ ശരാശരി 5 സെന്‍റിമീറ്റര്‍ എന്ന തോതിലാണ് നഗരം ഭൂമിയിലേക്കു താഴുന്നത്. ടെഹ്റാന്‍ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മേഖല ഇത്തരത്തില്‍ 5 സെന്‍റീമീറ്റര്‍ എന്ന തോതിലാണ് ഭൂമിയിലേക്ക് താഴ്ന്നു പോകുന്നത്.
കാരണം, അമിതമായ ഭൂഗര്‍ഭ ജല ചൂഷണം
പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണവും താങ്ങാനാവുന്നതിലധികം കെട്ടിടങ്ങളുടെയും ആളുകളുടെയും ഭാരവുമാണ് ഈ അപൂർവ പ്രതിഭാസത്തിനു കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ജലവിഭവങ്ങളുടെ ചൂഷണമാണ് ഈ പ്രതിസന്ധിയിലേക്കു നയിച്ചിരിക്കുന്നത്, അനിയന്ത്രിതമായ ജനസംഖ്യയും, ഒപ്പം നഗരത്തോടു ചേര്‍ന്നു തന്നെയുള്ള വ്യവസായമേഖലയുടെ വ്യാപനവും വലിയ തോതിലുള്ള ഭൂഗര്‍ഭ ജല ചൂഷണത്തിനു കാരണമായിട്ടുണ്ട്. ഭൂഗര്‍ഭജലം വ്യാപകമായി ഊറ്റിയെടുക്കപ്പെടുന്നതോടെ ഭൂമിക്കടിയിലുള്ള മണ്ണ് താഴേക്ക് ഇടിഞ്ഞിരിക്കുന്നതാണ് ടെഹ്റാന്‍റെ ഭൂനിരപ്പു താഴുന്നതിനു കാരണമെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ലോകത്തു ഇതുവരെ കണ്ടെത്തിയിട്ടുള്ള ഭൂനിരപ്പ് താഴുന്ന പ്രതിഭാസങ്ങളില്‍ ഏറ്റവും ഭയാനകമാണ് ടെഹ്റാനിലേതെന്നാണു വിലയിരുത്തുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്ര വേഗത്തില്‍ ഭൂനിരപ്പു താഴേക്കു പോകുന്നില്ലെന്നും സ്പെയിനിലെ അലിസാന്‍റെ സർവകലാശാലയിലെ എൻജിനീയറിങ് ഗവേഷകനായ റോബര്‍ട്ടോ തോമസ് വിശദീകരിക്കുന്നു.
വർധിക്കുന്ന കിണറുകളും അണക്കെട്ടുകളും
ടെഹ്റാന്‍ മേഖലയില്‍ മാത്രം ഏകദേശം 32000 കിണറുകള്‍ ഉള്ളതായി 2012ല്‍ നടത്തിയ കണക്കെടുപ്പില്‍ പറയുന്നു. 1968 ല്‍ കിണറുകളുടെ എണ്ണം 4000 മാത്രമായിരുന്നു. ഇതിനു പുറമേ ഡാമുകളുടെ എണ്ണം വർധിച്ചതും ഭൂഗര്‍ഭജലനിരപ്പു താഴുന്നതിനു കാരണമായി. വ്യാപകമായ തോതില്‍ രാജ്യത്ത് അണക്കെട്ടുകള്‍ നിർമിക്കപ്പെട്ടതോടെ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പല മേഖലകളിലേക്കും എത്തുന്ന വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഇതോടെ ഭൂമിക്കടിയില്‍ നിന്ന് ഊറ്റിയെടുക്കപ്പെടുന്നതിനനുസരിച്ചുള്ള ജലം തിരികെ ഭൂമിക്കടിയിലേക്ക് എത്താതെയായി.
1984നും 2011നും ഇടയില്‍ ടെഹ്റാനിലെ ഭൂഗര്‍ഭജല നിരപ്പ് ഏതാണ്ട് 12 മീറ്റര്‍ താഴ്ന്നിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. ഈ കുറവ് ഭൂനിരപ്പു താഴ്ത്തുന്നതിനൊപ്പം തന്നെ വ്യാപകമായ പല നാശനഷ്ടങ്ങലും ടെഹ്റാനില്‍ ഉണ്ടാകുന്നുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുക, പല സ്ഥലങ്ങളിലും വിണ്ടു കീറിയത് പോലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെടുക, ഭിത്തികളില്‍ വിള്ളല്‍ വീഴുക എന്നിവയെല്ലാം ടെഹ്റാനില്‍ ഇപ്പോള്‍ സർവസാധാരണമാണ്. ഈ പ്രതിഭാസങ്ങള്‍ വ്യാപകമായതോടെയാണു ജര്‍മന്‍ സംഘം ഇതിന്‍റെ കാരണം അന്വേഷിച്ചു പഠനം ആരംഭിച്ചതും, ഒടുവില്‍ കാരണം കണ്ടെത്തിയതും.
English Summary: New Sinkhole Appears In Tehran As Sign Of Wider Crisis, Why Tehran is sinking dangerously