ADVERTISEMENT

പസിഫിക് സമുദ്രത്തിൽ ജലാന്തർഭാഗത്ത് വൻ അഗ്നിപർവത സ്ഫോടനം നടന്നതിനെത്തുടർന്ന് ആഞ്ഞടിച്ച സൂനാമിയും മറ്റ് പ്രകൃതി ആക്രമണങ്ങളും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ടോംഗയിൽ നടത്തിയത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ. ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു രണ്ടാഴ്ചകൾക്കു മുൻപ് പൊട്ടിത്തെറിച്ചത്.  30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടക്കുന്നത്. യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു. 

 

ദുരന്തത്തിൽ 3 പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി .ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്.കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ. 60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

 

അഗ്നിപർവത സ്ഫോടനത്തിന്റെ നാശനഷ്ടങ്ങൾ

അഗ്നിപർവത സ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഇതു മൂലം നാശനഷ്ടങ്ങളുടെ വ്യാപ്തി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അളക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. സ്ഫോടനത്തിന്റെ ആഘാതം നിമിത്തം ഒരു ദ്വീപ് പൂർണമായും മുങ്ങി. മൂന്നു ദ്വീപുകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ ഉപയോഗശൂന്യമായി. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഭാഗികമായും തകരാറിലായി. ഇന്റർനെറ്റിനും ഫോൺകോളുകൾക്കും ദ്വീപിൽ തടസ്സം നേരിട്ടു. പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ഇത്രത്തോളം ആഘാതമുണ്ടായിരുന്നില്ല. എങ്കിലും ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും അന്നു പൂർണമായി നശിച്ചു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു.

 

ഇത്തവണത്തെ സ്ഫോടനത്തിനു ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞ സൾഫർ ഡയോക്സൈഡ് വാതകം ആസിഡ് മഴയ്ക്ക് വഴിവയ്ക്കുമെന്നു സംശയമുള്ളതിനാൽ ജനങ്ങൾ കുറച്ചുനാളുകൾ വീടിനു പുറത്തിറങ്ങിയിരുന്നില്ല. ടോംഗയുടെ സാമ്പത്തിക സ്ഥിതിയെ ഈ അവിചാരിത ലോക്ഡൗൺ നന്നായി ബാധിച്ചു. സൾഫർ ഡയോക്സൈഡ് ഭീഷണി പൂർണമായും വിട്ടകന്നോയെന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴും ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ല. വിസ്ഫോടനം സംഭവിച്ച മേഖലയിൽ മത്സ്യങ്ങൾക്കും മറ്റ് സീഫുഡിനും വിഷാംശം കലർന്നിരിക്കാമെന്ന ആശങ്ക രാജ്യത്തിന്റെ പ്രധാന വരുമാന ശ്രോതസ്സായ മത്സ്യബന്ധനമേഖലയെ ഉലച്ചിട്ടുണ്ട്. അഗ്നിപർവത ചാരം പരിസ്ഥിതിയിൽ കലർന്നതിനാൽ ശുദ്ധജല ദൗർലഭ്യതയും കോളറ, ഡയേറിയ, ത്വക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ സാധ്യതയും ടോംഗയിൽ ഉയർന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ടോംഗയിലെ സസ്യങ്ങളുടെ ഇലകൾ അഗ്നിപർവത ചാരത്താൽ പച്ചനിറം മാറി ബ്രൗൺ നിറത്തിലായി. ആളുകളിൽ പലർക്കും വിഷാദവും പേടിരോഗവും ബാധിച്ചു. ടോംഗയുടെ ജനസംഖ്യയുടെ 84 ശതമാനം പേരും ദുരന്തത്താൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാ‍ർ വൃത്തങ്ങൾ പറയുന്നു. രാജ്യത്തിന്റെ ഭാഗമായ മാംഗോ ദ്വീപിൽ താമസിച്ചവരെയെല്ലാം മാറ്റി പാർപ്പിക്കേണ്ടി വന്നു.

 

പ്രതിസന്ധിയിൽ ടോംഗ

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിച്ചിട്ടുള്ള രാജ്യമാണു ടോംഗ. രാജ്യത്തിന്റെ ഭാഗമായുള്ള ചില ദ്വീപുകൾ ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന കടൽനിരപ്പു കാരണം മറഞ്ഞുപോയിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ പിന്നിട്ട് മുന്നോട്ടുള്ള യാത്രയിലായിരുന്നു ടോംഗ. കോവിഡ് പ്രതിസന്ധി മൂലം വിനോദസഞ്ചാരമേഖലയിൽ ഇടിവുണ്ടായതും, ഇപ്പോൾ സംഭവിച്ച പ്രകൃതിദുരന്തവും രാജ്യത്തെ തളർത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങളും രാജ്യാന്തര സ്ഥാപനങ്ങളും ടോംഗയ്ക്ക് സഹായമെത്തിക്കുന്നുണ്ട്. ടോംഗയിൽ മാത്രമല്ല ഈ അഗ്നിപർവത വിസ്ഫോടനം മൂലം പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതെത്തുടർന്നുണ്ടായ അതീവ ഊർജ തിരകളുടെ ആക്രമണത്തിൽ തെക്കൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ലാ പാമ്പില്ല എണ്ണക്കിണറിനു സമീപം ഒരു എണ്ണക്കപ്പൽ മുങ്ങി. 12000 ബാരലുകളോളം എണ്ണ കടലിലേക്ക് ചോർന്നു. 

 

മത്സ്യസമ്പത്തിൽ കനത്ത നാശവും പരിസ്ഥിതി പ്രശ്നങ്ങളും ഇതു മൂലം ഉടലെടുത്തു. തെക്കൻ ജപ്പാനിൽ 3 മീറ്റർ വരെ പൊക്കമുള്ള തിരമാലകൾ തീരത്തെത്തിയിരുന്നു. ഇത് അവിടത്തെ മത്സ്യബന്ധനമേഖലയെ സാരമായി ബാധിച്ചു. ടോംഗ വിസ്ഫോടനം ലോകവ്യാപകമായി ഇനിയും പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. വിസ്ഫോടനത്തിന്റെ ഭാഗമായി വലിയ തോതിൽ നൈട്രജൻ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെട്ടിട്ടുണ്ട്. ഇതു കാലാവസ്ഥാ വ്യതിയാനത്തിനു വഴിയൊരുക്കാം. ചാരവും മറ്റ് അവശിഷ്ടങ്ങളും പവിഴപ്പുറ്റുകളെയും ജലജീവനെയും നശിപ്പിക്കാം. വിസ്ഫോടനത്തിനു ശേഷം വലിയ തോതിൽ ഇരുമ്പിന്റെ അംശം സമുദ്രജലത്തിൽ കലർന്നിരുന്നു. ഇതു മൂലം ബ്ലൂ–ഗ്രീൻ ആൽഗെ, സ്പഞ്ചുകൾ തുടങ്ങിയവയുടെ വളർച്ച കൂടാം. ഇതു പവിഴപ്പുറ്റുകൾക്കു കൂടുതൽ നാശനഷ്ടം വരുത്തും.

 

പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്നിപർവതങ്ങൾ സമുദ്രങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്നിപർവത വിസ്ഫോടനങ്ങളിൽ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ പലതും അറിയപ്പെടാതെ പോകുകയാണ് പതിവ്. 2004ലെ മഹാസൂനാമിക്കു മുൻപ് സൂനാമികൾ അത്ര അറിയപ്പെടുന്ന ഒരു പ്രകൃതിദുരന്തമായിരുന്നില്ല. എന്നാൽ അതിനു ശേഷം ലോകത്ത് സൂനാമികൾ സംഭവിക്കുന്നതിന്റെ തോത് ഉയർന്നിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. അതുപോലെ തന്നെ അഗ്നിപർവത വിസ്ഫോടനങ്ങൾ, ഭൂചലനങ്ങൾ  എന്നിവയിലെല്ലാം വർധനയുണ്ട്. മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ, സ്ഥിതിമാറ്റങ്ങൾ ഇവയുടെ തോത് കൂടുന്നതിൽ പരോക്ഷമായി സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

English Summary: The volcanic explosion in Tonga destroyed an island and created many mysteries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com