വാനമ്പാടിയോ രാപ്പാടിയോ നല്ല പാട്ടുകാർ? ലതാജി അതുക്കും മേലെ..
Mail This Article
വിശ്രുത ഗായിക ലതാ മങ്കേഷ്കർ വിടവാങ്ങിയ വാർത്ത കേട്ടപ്പോൾ കീറ്റ്സിന്റെ ‘രാപ്പാടിക്ക് ഒരു സങ്കീർത്തനം’ എന്ന കവിതയിലെ ‘അനശ്വരനായ പക്ഷീ, നീ മരിക്കാൻ വേണ്ടി ജനിച്ചവനല്ല’ എന്ന വരികളാണ് ഓർമ വന്നത്. അനശ്വര ഗായികയുടെ മധുരസ്വരം നൂറ്റാണ്ടുകളോളം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിറകടിച്ചു കൊണ്ടിരിക്കും, കീറ്റ്സ് അനശ്വരനാക്കിയ രാപ്പാടിയുടെ മാസ്മരിക സംഗീതം പോലെ.
ലത മങ്കേഷ്കറെ Nightingale of India എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഭാരതത്തിന്റെ വാനമ്പാടി എന്നാണ് നാം മലയാളത്തിലേക്കു മൊഴിമാറ്റി വിശേഷിപ്പിക്കുന്നത്. Nightingale എന്ന പക്ഷിയെ രാപ്പാടി എന്ന് വിളിക്കുന്നതാണ് ഉചിതം. Skylark എന്ന പക്ഷിയാണ് വാനമ്പാടി. ഇവ രണ്ടും രണ്ടു ജാതി പക്ഷികളാണ്. രാപ്പാടിയെ മുഖ്യമായും യൂറോപ്പിലാണ് കണ്ടുവരുന്നത്. എന്നാൽ വാനമ്പാടി ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി കണ്ടു വരുന്ന പക്ഷിയാണ്. വാനംപാടിക്കിളി കേരളത്തിൽ സാധരണയായി വിഹരിക്കുന്ന ഒരു പക്ഷിയാണ്. വാനമ്പാടിയും രാപ്പാടിയും ഒരേ കുടുംബാംഗങ്ങൾ പോലുമല്ല.
രണ്ടു പക്ഷികളും ഗായകരാണെങ്കിലും സംഗീത സിദ്ധിയിൽ രാപ്പാടി വാനമ്പാടിയെ ബഹുദൂരം പിന്നിലാക്കും. രാപ്പാടിയുടെ സംഗീത ധാരയിൽ ആരും സ്വയം മറന്നിരുന്നു പോകും. ലതാ മങ്കേഷ്കർക്കു രാപ്പാടി എന്ന വിശേഷണം തീർത്തും അനുയോജ്യമാണ്. പക്ഷേ,പാട്ടുപാടുന്നത് രാപ്പാടിയിലെ ആൺ കിളിയാണ്. മിക്ക പക്ഷികളെയുംപോലെ പെൺ രാപ്പാടി സംഗീത സിദ്ധികൊണ്ടു അനുഗ്രഹിക്കപ്പെട്ടവളല്ല. മറ്റു പക്ഷികളെപോലെ രാപ്പാടിയും പെൺപക്ഷിയുടെ ഹൃദയം കവരാൻ വേണ്ടിയാണ് പാട്ടു പാടുന്നത്.
പക്ഷികളുടെ പാട്ടു പ്രണയസംഗീതമാണ്. രാപ്പാടിയുടെ പാട്ടിനെ പ്രകീർത്തിച്ചുകൊണ്ട് എത്രയെത്ര കവിതകളാണ്, ഗാനങ്ങളാണ്, നാടോടിക്കഥകളാണ് രചിക്കപ്പെട്ടത്. രാപ്പാടിയുടെ പാട്ടിൽ പ്രകൃതി ഒന്നാകെ വിലയംകൊള്ളും. ഉച്ചസ്ഥായിയിലാണ് പാട്ട്. രാത്രിയിൽ പാടുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് രാപ്പാടി. അതുകൊണ്ടുതന്നെ രാപ്പാടിയുടെ പാട്ട് ഏറെ ദൂരെനിന്നേ കേൾക്കാൻ കഴിയും. രാത്രിയിൽ പാടുന്ന പക്ഷി എന്ന അർഥത്തിൽ രാപ്പാടി എന്ന പേരും തികച്ചും അന്വർത്ഥം തന്നെ.
(പക്ഷി നിരീക്ഷകൻ ആണ് ലേഖകൻ)
English Summary: The 'Bird Story' Behind the 'Nightingale of India'