ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന യുക്രെയ്‌നിലെ ചേർണോബിൽ റഷ്യൻ സേനയുടെ മുന്നിൽ വീണതായാണ് ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ. 36 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്‌റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും വഹിക്കുന്ന സ്ഥലമായതിനാൽ ഈ സംഭവം വളരെയേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

 

ചേർണോബിൽ ആണവ റിയാക്ടർ ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യത്തിന്‌റെ കൈവശമായതായി യുക്രെയ്‌നിയൻ പ്രസിഡൻഷ്യൽ ഉപദേശകനായ മിഖൈലോ പോഡോല്യാക്കാണ് അറിയിച്ചത്. അതീവ ശ്രദ്ധയും സുരക്ഷയും വേണ്ട സ്ഥലം ഈവിധം സേനാകരങ്ങളിലെത്തുന്നത് വലിയ സുരക്ഷാപ്രതിസന്ധിക്കാകും ഇടനൽകുകയെന്ന താക്കീതും അദ്ദേഹം നൽകി.

യുക്രെയ്ൻ സോവിയറ്റ് യൂണിയന്‌റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്‌ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്.

 

ഈ ആണവവികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തി പരക്കുന്നതു തടയാനായി ചേർണോബിലിൽ സുരക്ഷിതമായ ബന്തവസ് ഘടന ഒരുക്കിയിരുന്നു. പത്തുവർഷങ്ങൾക്കു ശേഷം സ്റ്റീലിൽ നിർമിച്ച ഒരു വമ്പൻ കൺഫൈൻമെന്‌റ് ആർക്കിന്‌റെയും പണി തുടങ്ങി. 2017ൽ ആണ് ഈ ഘടന പൂർത്തീകരിച്ചത്. 170 കോടി ഡോളർ ചെലവിലായിരുന്നു ഇതിന്‌റെ നിർമാണം.ഘട്ടം ഘട്ടമായി ആണവമാലിന്യം നീക്കം ചെയ്യാനും വികിരണഭീഷണി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ആർക്ക്. ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ പോലും അതിനെ ചെറുക്കാൻ ശേഷിയുള്ളവിധം കരുത്തുറ്റതായിട്ടായിരുന്നു ആർക്ക് നിർമിച്ചത്.

 

അധിനിവേശത്തിന്റെ ഭാഗമായി റഷ്യൻ സേന ഇതിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുകയോ, സുരക്ഷാ ഘടനകൾക്ക് നാശം വരികയോ ചെയ്താൽ ആണവമാലിന്യം പുറന്തള്ളപ്പെടുന്നതിന് അത് ഇടവരുത്തും. പടിഞ്ഞാറൻ യൂറോപ്പിനാകെ ഭീഷണിയുയർത്തുന്ന കാര്യമാണ് ഇത്.

 

മറ്റൊരു ഭീഷണി പണ്ട് ഉപയോഗിച്ചിരുന്ന ആണവ ഇന്ധന റോഡുകളുടെ കാര്യത്തിലാണ്. റിയാക്ടറിലെ തകർച്ചയ്ക്കു ശേഷം ഈ റോഡുകൾ പ്രത്യേകം നിർമിച്ച കൂളന്‌റ് ടാങ്കുകളിലാണു സൂക്ഷിച്ചിരുന്നത്. ഇവയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ആണവറോഡുകളിൽ നിന്നു വികിരണങ്ങളും അപകടകരമായ അവശിഷ്ടങ്ങളും പുറത്തെത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020ൽ ചേർണോബിലിൽ സംഭവിച്ച ഒരു അഗ്നിബാധയുടെ ഭാഗമായുള്ള പുകയിൽ ആണവവസ്തുക്കൾ യൂറോപ്യൻ മേഖലയിൽ പരന്നിരുന്നു.

 

എന്നാൽ ഇക്കാര്യത്തിൽ വലിയ ആശങ്കയ്ക്ക് ആവശ്യമില്ലെന്നു പല വിദഗ്ധരും പറയുന്നു. റഷ്യൻ സേന റിയാക്ടർ നിൽക്കുന്നിടത്ത് വലിയ ആക്രമണങ്ങൾ നടത്താൻ സാധ്യത കുറവാണ്. നിലവിൽ റിയാക്ടറിന്‌റെ ഘടനയ്‌ക്കോ സുരക്ഷയ്‌ക്കോ ഭംഗം സംഭവിച്ചിട്ടുമില്ല.

 

ആണവവിസ്‌ഫോടനത്തിനു ശേഷം പ്രദേശത്തുനിന്നുള്ള ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. ഇന്നും ചേർണോബിൽ താമസമില്ലാത്ത മേഖലയാണ്. സൈനികമായി വലിയ പ്രാധാന്യമില്ലാത്തതിനാൽ റഷ്യ ഇതു ലക്ഷ്യം വയ്ക്കില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സഖ്യരാഷ്ട്രമായ ബെലാറൂസിൽ നിന്ന് യുക്രെയ്‌നിലേക്ക് എളുപ്പത്തിൽ എത്താം എന്ന കാരണമാണ് ചേർണോബിൽ ലക്ഷ്യമിടാൻ റഷ്യയ്ക്കു പ്രചോദനമേകിയത്.

 

English Summary: Russian Troops Capture Chernobyl Power Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com