ADVERTISEMENT

ലോക വ്യാപകമായി നടക്കുന്ന ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിങ്ങിന്റെ(ജിബിബിസി) കണക്കുകൾ പുറത്തു വന്നപ്പോൾ കേരളത്തിന് അഭിമാനകരമായ നേട്ടം. 4 ദിവസങ്ങളിലായി പരിസരത്തെ പക്ഷികളെ നിരീക്ഷിച്ച് കൃത്യമായി വിവരങ്ങൾ ഇ–ബേഡ് ആപ്ലിക്കേഷനിൽ ചേർക്കാൻ സംസ്ഥാനത്തെ പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും മത്സരിച്ചു. സംസ്ഥാനങ്ങളെ കണക്കിലെടുത്താൽ ലോകത്തു തന്നെ എട്ടാമതാണ് കേരളം. 

 

കഴിഞ്ഞ ഫെബ്രുവരി 18 മുതൽ 21 വരെ 4 ദിവസങ്ങളിലായാണ് വീട്ടുപരിസരത്തെ പക്ഷി നിരീക്ഷണ ക്യാംപെയ്ൻ നടത്തിയത്. തുടർച്ചയായ 9–ാം വർഷമാണ് കേരളത്തിൽ നിന്നുള്ള പക്ഷി നിരീക്ഷകർ ജിബിബിസിയിൽ പങ്കെടുക്കുന്നത്. 4 ദിവസം നീണ്ട പക്ഷി നിരീക്ഷണത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത് തമിഴ്നാടാണ്. അപൂർവമായ പക്ഷികളെ കണ്ടെത്താനുള്ള ശ്രമമല്ല. നമ്മുടെ പരിസരങ്ങളിൽ ഏതൊക്കെ പക്ഷികളാണെത്തുന്നത് എന്നു നിരീക്ഷിച്ച് രേഖപ്പെടുത്തണം. 15 മിനിറ്റ് നിരീക്ഷിച്ചാണ് വിവരങ്ങൾ ചേർക്കേണ്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിച്ചാൽ പഴയ ഡാറ്റയുമായി താരതമ്യം ചെയ്യാനും സാധിക്കും.

 

Great Backyard Bird Count
ചിന്നക്കുട്ടുറുവൻ, ചിത്രം: കെ.ജിത്തു

ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിങ്ങിന്റെ ഭാഗമായി ബേഡ് കൗണ്ട് ഇന്ത്യ രാജ്യത്താകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപസ് പക്ഷി കണക്കെടുപ്പും നടത്തി. ക്യാംപസുകളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ക്യാംപസാണ്. രാജ്യത്ത് 6–ാം സ്ഥാനവും ഇവർ നേടി. വിദ്യാർഥികളെയും അധ്യാപകരെയും പക്ഷി നിരീക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

 

Great Backyard Bird Count
മൈന, ചിത്രം: കെ.ജിത്തു

∙ 500 നിരീക്ഷകർ 9280 ലിസ്റ്റുകൾ

14 ജില്ലകളിൽ നിന്നായി 500 പക്ഷി നിരീക്ഷകർ കണക്കെടുപ്പിൽ സജീവമായി പങ്കെടുത്തു. ആകെ 9280 ലിസ്റ്റുകൾ ചേർത്തു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3013 എണ്ണം കൂടുതലാണ്. ഇന്ത്യയിൽ തമമിഴ്നാട്ടിൽ മാത്രമാണ് ഇതിലേറെ നിരീക്ഷണങ്ങളുണ്ടായത്. അമേരിക്കയിലെ 5 സംസ്ഥാനങ്ങളും കാനഡയിലെ ഒരു സംസ്ഥാനവും മാത്രമാണ് തമിഴ്നാടിനെ കൂടാതെ കേരളത്തിന്റെ മുന്നിലുള്ളത്. കൂടുതൽ ചെക്ക് ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിൽ തൃശൂരും ആലപ്പുഴയും തമ്മിൽ മത്സരം തന്നെ നടന്നു. 

Great Backyard Bird Count
മീൻകൊത്തിച്ചാത്തൻ, ചിത്രം: കെ.ജിത്തു

 

‘ കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രേറ്റ് ബാക്ക് യാർഡ്  ബേഡ് കൗണ്ടിങ്ങിലും ഓണം ബേഡ് കൗണ്ടിങ്ങിലും ഏറ്റവും കൂടുതൽ വരുന്നത് 5 പക്ഷികളാണ്. കാക്ക, കോമൺ മൈന, ചിന്നക്കുട്ടുറുവൻ, മീൻകൊത്തിച്ചാത്തൻ, ആനറാഞ്ചി എന്നീ പക്ഷികളാണ്. ഭാവിയിലെ കണക്കുകളുമായി താരതമ്യം ചെയ്ത് ഏതെങ്കിലും ഇനത്തിന്റെ എണ്ണത്തിൽ കുറവുണ്ടായാൽ അതറിയാൻ സാധിക്കും’, കേരളത്തിലെ കണക്കെടുപ്പുകൾ സംബന്ധിച്ച് പഠിക്കുന്ന ഡോ.ഇ.ആർ.ശ്രീകുമാർ പറഞ്ഞു. 

 

Great Backyard Bird Count
ആനറാഞ്ചി, ചിത്രം: കെ.ജിത്തു

‘ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിങ് ആലപ്പുഴയിൽ വലിയ വിജയമായിരുന്നു. പല പ്രായക്കാരും, വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരും സജീവമായി പങ്കെടുത്തു. മന്ത്രി പി.പ്രസാദ്, ആലപ്പുഴ മുൻ കലക്ടർ എ.അലക്സാണ്ടർ തുടങ്ങിയവരും സഹകരിച്ചത് വലിയ വിജയത്തിനു കാരണമായി’, ആലപ്പുഴയിലെ കോ  ഓർഡിനേറ്റർ ടുബിൻ ബാബു പറഞ്ഞു.

 

‘ നൂറിലേറെ പക്ഷികളെ ക്യാപസിൽ നിരീക്ഷിക്കാൻ കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇങ്ങനെയൊരു കണക്കെടുപ്പ് നടന്നതിൽ എല്ലാവരും സന്തോഷത്തിലാരുന്നു. എന്നാൽ പക്ഷികളുടെ സാന്നിധ്യം കഴിഞ്ഞ വർ‍ഷങ്ങളിലേക്കാൾ കുറവായിരുന്നു’, കേരള കാർഷിക സർവകലാശാലയിലെ കോ ഓർഡിനേറ്റർ എബിൻ എം.സുനിൽ പറഞ്ഞു. 

 

‘കണക്കെടുപ്പിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും പുതിയ ബാച്ചിലെ കുട്ടികളായിരുന്നു. ക്യാംപസിലെ പക്ഷികളുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായി. ക്യാംപസിലെ പക്ഷി നിരീക്ഷണം പതിവാക്കാൻ ഈ കണക്കെടുപ്പ് സഹായിക്കും’, പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ കോ ഓർഡിനേറ്റർ ഡോ.ആർ.എൽ.രതീഷ് പറഞ്ഞു. 

 

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളജ് മണ്ണുത്തി, വെള്ളനിക്കര കേരള കാർഷിക സർവകലാശാല, ഗുഡ് ഷെപ്പേഡ് കോളജ് കോട്ടയം, സർ സെയ്ദ് കോളജ് തളിപ്പറമ്പ്, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, ഹോളി ഫാമിലി സ്കൂൾ കുമ്പള, ശ്രീശങ്കര സർവകലാശാല കാലടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കാര്യമായ പങ്കാളിത്തമുണ്ടായി. 

 

∙ ഇന്ത്യയിലെ കണക്കെടുപ്പിൽ 1018 ഇനങ്ങൾ

കണക്കെടുപ്പിൽ ഇന്ത്യയിലാകെ 1018 ഇനം പക്ഷികളെ  കണ്ടെത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 70 എണ്ണം കൂടുതലാണ്. രാജ്യത്താകെ കണ്ടെത്തിയ ഇനങ്ങളുടെ എണ്ണം 1349 ആണ്. വയനാട് ലാഫിങ് ത്രഷ്, സ്ലേറ്റി ലെഗെഡ് ക്രേക്ക്, ഗ്രേറ്റ് ഇയേഡ് നൈറ്റ്ജാർ തുടങ്ങിയ ഇനങ്ങളെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ കൂടുതൽ പക്ഷിയിനങ്ങളെ കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ നിന്നാണ്. സാധാരണ പക്ഷികളുടെ എണ്ണത്തിനാണു പ്രാധാന്യം നൽകുന്നതെങ്കിലും സാധാരണമല്ലാത്ത പക്ഷികളും കണക്കെടുപ്പിൽ ഉൾപ്പെടാറുണ്ട്. പളനി ലാഫിങ്  ത്രഷ്, ഷോലക്കിളി, വയനാട് ലാഫിങ് ത്രഷ് തുടങ്ങിയവ ഈ ദിവസങ്ങളിലെ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. റെഡ്ബ്രസ്റ്റഡ് ഫ്ലൈക്യാച്ചറിനെ വയനാട്ടിൽ നിന്ന് കണ്ടെത്തി. സംസ്ഥാനത്തെ അഞ്ചാമത്തെ മാത്രം റിപ്പോർട്ടായിരുന്നു ഇത്.

 

 

English Summary: Great Backyard Bird Count to kick off from Feb 18 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com