ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം; കണ്ണൂരിൽ അങ്ങാടിക്കുരുവികൾ കുറയുന്നു
Mail This Article
കണ്ണൂർ ജില്ലയിൽ അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. മലബാർ അനിമൽസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) നടത്തിയ പഠനത്തിലാണീ കണ്ടെത്തൽ. 2021 മാർച്ച് മുതൽ മേയ് വരെ ജില്ലയിലെ 61 ഇടങ്ങളിൽ നടത്തിയ പഠനത്തിൽ 914 അങ്ങാടിക്കുരുവികളെയാണു നിരീക്ഷിച്ചത്. ഈ സ്ഥലങ്ങളിൽ പെട്ട 35 ഇടങ്ങളിൽ 2015ൽ നടത്തിയ പഠനത്തിൽ നിരീക്ഷിച്ച അങ്ങാടിക്കുരുവികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയപ്പോഴാണ്, 27% കുറവു കണ്ടെത്തിയത്.
ഭക്ഷണം കുറഞ്ഞതും ആവാസ വ്യവസ്ഥയിലെ പ്രശ്നങ്ങളുമാകാം എണ്ണക്കുറവിനു കാരണമെന്നാണു നിഗമനം. നഗരങ്ങളേക്കാൾ, ചെറു നഗരങ്ങളിലാണ് അങ്ങാടിക്കുരുവികളെ കൂടുതലും കണ്ടു വരുന്നത്. നഗരങ്ങളിൽ 220 എണ്ണത്തെ നിരീക്ഷിച്ചപ്പോൾ, ചെറുനഗരങ്ങളിൽ 694 എണ്ണത്തെയാണു നിരീക്ഷിച്ചത്. റോഡ് വികസനത്തിനായി മരങ്ങൾ വ്യാപകമായി മുറിച്ചതും മലിനീകരണവും ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളുമാകാം നഗരങ്ങളിൽ നിന്ന് അങ്ങാടിക്കുരുവികളെ മാറ്റി നിർത്തുന്നത്. അതേസമയം, മൊബൈൽ ടവറുകൾ അങ്ങാടിക്കുരുവികളുടെ നാശത്തിനു കാരണമാകുന്നുവെന്ന വാദം ശരിയല്ലെന്നാണു മാർക്കിന്റെ പഠനം വ്യക്തമാക്കുന്നത്. ഇക്കുറി പഠനം നടത്തിയ 61 കേന്ദ്രങ്ങളിൽ 41 ഇടങ്ങളിലും മൊബൈൽ ടവറുകളുണ്ടെങ്കിലും അങ്ങാടിക്കുരുവികളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
ഇരിക്കൂർ, തളിപ്പറമ്പ, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം അങ്ങാടിക്കുരുവികളെ നിരീക്ഷിച്ചത്. പഴയ കെട്ടിടങ്ങളിൽ മാത്രമല്ല, പുതിയ കെട്ടിടങ്ങളിലും കൂടുകൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. റേഷൻ കടകൾ, ചിക്കൻ ഷോപ്പുകൾ, പലവ്യഞ്ജനക്കടകൾ എന്നിവയുടെ പരിസരത്ത് അങ്ങാടിക്കുരുവികളുടെ എണ്ണം വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടിന്റെ പരിസരത്തു നിന്ന് അങ്ങാടിക്കുരുവികൾ പൊതുവെ 2 കിലോമീറ്ററിനപ്പുറം പോകാറില്ല. നേരത്തെ, തിരുവനന്തപുരം നഗരത്തിൽ അങ്ങാടിക്കുരുവികൾ പൂർണമായി അപ്രത്യക്ഷമായതായി റിപ്പോർട്ടുണ്ടായിരുന്നു. റോഡ് വികസനത്തിനായി പാതയോരങ്ങളിലെ തണൽ മരങ്ങൾ മുറിക്കുന്നത് അങ്ങാടിക്കുരുവിയുടെ വിശ്രമകേന്ദ്രങ്ങളില്ലാതാക്കുന്നതായി മറ്റിടങ്ങളിൽ നേരത്തെ നടത്തിയ പഠനങ്ങളുണ്ടായിരുന്നു. പ്രശസ്ത പക്ഷിനിരീക്ഷകൻ റോഷ്നാഥിന്റെ മേൽനോട്ടത്തിൽ പി.ബിജിനാണു പഠനം നടത്തിയത്.
∙ നഗരങ്ങളിൽ ചെറിയ പച്ചത്തുരുത്തുകളുണ്ടാക്കാൻ അധികൃതർ ശ്രദ്ധിച്ചാൽ, അങ്ങാടിക്കുരുവികളെ സംരക്ഷിക്കാൻ മറ്റൊന്നും വേണ്ട. ഇവിടെ, ചെറിയ മരങ്ങളുണ്ടായാൽ മതി. വൻ മരങ്ങളിലല്ല, അങ്ങാടിക്കുരുവികൾ വിശ്രമിക്കുക.
English Summary: World Sparrow Day 2022