ADVERTISEMENT

യുക്രെയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി ചേർണോബിൽ ആണവനിലയത്തിൽ നിലയുറപ്പിച്ച റഷ്യൻ പട്ടാളക്കാർ നിലയത്തിൽ മോഷണം നടത്തിയെന്ന ആരോപണവുമായി യുക്രെയ്ൻ. ചേർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ മാനേജ്‌മെന്റാണ് തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിൽ ഈ ആരോപണം ഉന്നയിച്ചത്. ചേർണോബിലിലെ രണ്ടു പരീക്ഷണശാലകൾ റഷ്യൻ സൈന്യം നശിപ്പിച്ചെന്നും ആരോപണമുണ്ടായി. ആണവവികിരണശേഷിയുള്ള 133 വസ്തുക്കൾ റഷ്യൻ സൈന്യം ഇവിടെ നിന്നെടുത്തെന്നാണു യുക്രെയ്ന്റെ ആരോപണം. 

 

ചെർണോബിൽ (ഫയൽ ചിത്രം)
ചെർണോബിൽ (ഫയൽ ചിത്രം)

70 ലക്ഷം ബെക്വറൽ സംയുക്ത ആണവ വികിരണശേഷിയുള്ളതാണ് ഈ വസ്തുക്കൾ. 600 കിലോയോളം ആണവമാലിന്യത്തിനു തത്തുല്യമാണിത്. ബീറ്റാ, ഗാമ ആണവവികിരണശേഷിയുള്ള ഈ വസ്തുക്കൾ ചെറിയ അളവിൽ പോലും അപകടകരമാണ്. തെറ്റായതോ സുരക്ഷിതമല്ലാത്തതോ ആയ രീതികളിൽ ഇവ ഉപയോഗിച്ചാൽ വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കുമെന്നും യുക്രെയ്ൻ പറയുന്നു. ആക്രമണത്തിന്റെ ഓർമയ്ക്കായി ഒരു സുവനീർ പോലെയാണ് ഈ വസ്തുക്കൾ സൈനികർ കൊള്ളയടിച്ചതെന്നാണ് ആരോപണം. ഇതു കൂടാതെ നിലയത്തിലെ ഓഫിസുകളും കംപ്യൂട്ടറുകളും റഷ്യ നശിപ്പിച്ചെന്നും എത്രത്തോളം തകരാറുകൾ ഇവിടെ സംഭവിച്ചെന്നു കണക്കെടുത്തു വരികയാണെന്നും യുക്രെയ്ൻ വെളിപ്പെടുത്തി.

Chernobyl nuclear power plant. . Photo credits : DimaSid/Shutterstock.com
Chernobyl nuclear power plant. . Photo credits : DimaSid/Shutterstock.com

 

ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം മാർച്ചോടെയാണു ചേർണോബിൽ പിടിച്ചെടുത്തത്. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണു ചേർണോബിൽ നിലകൊള്ളുന്നത്. ബെലാറൂസ് വഴിയെത്തിയ സൈന്യമാണു പിടിച്ചടക്കൽ നടത്തിയത്. ഇവിടെ അധിനിവേശം നടത്തിയ നാളുകളിൽ നിലയത്തിനു ചുറ്റുമുള്ള പ്രദേശത്തു റഷ്യ ട്രഞ്ചുകൾ കുഴിച്ചെന്നും ഇതു വഴി ആണവവികിരണ ശേഷിയുള്ള മണ്ണ് അന്തരീക്ഷത്തിലെത്തിയെന്നും യുക്രെയ്ൻ പറഞ്ഞിരുന്നു. ഏപ്രിലോടെ നിലയം തിരികെ യുക്രെയ്‌ന്റെ നിയന്ത്രണത്തിലായി. ഇവിടെയുണ്ടായിരുന്ന റഷ്യൻ സൈനികർ ആണവവികിരണമേറ്റതു മൂലം അധികനാൾ ജീവിക്കില്ലെന്ന് യുക്രെയ്ൻ ഊർജവകുപ്പ് മന്ത്രി ഹെർമൻ ഗാലുഷ്‌ചെങ്കോ പറഞ്ഞത് വലിയ വാർത്തയായിരുന്നു.

 Russian soldiers accused of stealing radioactive ‘souvenirs’ from Chernobyl

 

ലോകം ഞെട്ടിയ ദുരന്തം

ചെറുതും വലുതുമായി ലോകത്തു നടന്ന ആണവദുരന്തങ്ങളിൽ ഏറ്റവും പ്രശസ്തമാണ് 1986ൽ ചേർണോബിലിൽ നടന്ന ആണവദുരന്തം. ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ഇത് ചേർണോബിലിലെ നാലാം റിയാക്ടറിൽ സംഭവിച്ച ചോർച്ചയും സ്‌ഫോടനവും മൂലമാണ് സംഭവിച്ചത്. നിലയത്തിലെ മുപ്പതിലധികം ജീവനക്കാരുടെ മരണത്തിനു വഴിവച്ച ദുരന്തം പിൽക്കാലത്ത് ഒട്ടേറെ മരണങ്ങൾക്കും വഴിവച്ചു. യുക്രെയ്‌നും റഷ്യയും സോവിയറ്റ് യൂണിയന്‌റെ ഭാഗമായിരുന്ന കാലമായിരുന്നു അത്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്നതിനാൽ ദുരന്തം ലോകശ്രദ്ധ നേടി. 

 

 Russian soldiers accused of stealing radioactive ‘souvenirs’ from Chernobyl

റിയാക്ടറിന്റെ രൂപകൽപനയിലെ പാളിച്ചകളും ജീവനക്കാരുടെ വൈദഗ്ധ്യക്കുറവുമാണ് ദുരന്തത്തിനു വഴിവച്ചതെന്നാണു കരുതപ്പെടുന്നത്. ബെലാറസ്, റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽ ആണവമാലിന്യം ഉടലെടുക്കാനും പരിസ്ഥിതി നാശത്തിനും ദുരന്തം വഴിവച്ചു. യൂറോപ്പിന്‌റെ ഒട്ടേറെ ഭാഗങ്ങൾ ഈ ദുരന്തം മൂലമുണ്ടായ മാലിന്യത്തിന്റെ ഭീഷണിയിലായിരുന്നു. കോടിക്കണക്കിനു യുഎസ് ഡോളറിന്റെ നഷ്ടം ഇതുമൂലമുണ്ടായി. ചേർണോബിലിനു ചുറ്റുമുള്ള മേഖലകൾ കുടിയൊഴിപ്പിക്കപ്പെട്ടതുമൂലം ജനവാസമില്ലാതായി. ഏറ്റവും സമീപത്തുള്ള പട്ടണമായ പ്രിപ്യറ്റും ഇതിൽ ഉൾപ്പെടുന്നു. ഈ പട്ടണം ഇന്നൊരു പ്രേതനഗരമാണ്.

 

ദുരന്തസ്ഥലത്തെ ജൈവ വൈവിധ്യം

ആണവ ദുരന്തം നടന്ന സ്ഥലമായതിനാൽ ഇവിടെ ജീവികൾ എങ്ങനെ വളരുമെന്നും അവയ്ക്ക് എന്തുമാറ്റങ്ങൾ വരുമെന്നും ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. വലിയ ജൈവവൈവിധ്യം യുദ്ധത്തിനു മുൻപുള്ള നാളുകളിൽ ചേർണോബിലിൽ സംഭവിച്ചിരുന്നെന്നാണു ശാസ്ത്രജ്ഞർ പറഞ്ഞത്. മനുഷ്യവാസമില്ലാത്തതിനാൽ മറ്റുജീവികൾ ഇവിടം തങ്ങളുടെ വിഹാരരംഗമാക്കി. മേഖലയിലെ ജലാശയങ്ങളിൽ മീനുകളും തവളകളും പുളച്ചുമറിഞ്ഞിരുന്നു. ചുറ്റുമുള്ള കാടുകളിൽ മാനുകൾ, റക്കൂണുകൾ, കുറുക്കൻമാർ, നായകൾ തുടങ്ങിയവയും അധിവാസമുറപ്പിച്ചിരുന്നു. യുദ്ധം കൊണ്ട് ഈ നിലയിൽ എന്തു മാറ്റം സംഭവിച്ചെന്ന് പരിശോധിക്കുകയാണ് ഇപ്പോൾ ചേർണോബിലിൽ ശാസ്ത്രജ്ഞർ.

 

English Summary: Russian soldiers accused of stealing radioactive ‘souvenirs’ from Chernobyl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com