ADVERTISEMENT

ലോകമാകെ സമുദ്രങ്ങളിലെ ചില പ്രത്യേക മേഖലകളിലായി വമ്പൻ ഷുഗർ നിക്ഷേപമുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയത്. കടലിലെ പുൽമേടുകളായ സീഗ്രാസ് മെഡോസുകൾക്കു കീഴിലുള്ള മണ്ണിലാണ് കുന്നുകൂടിയ നിലയിൽ ഈ വമ്പൻ ഷുഗർ ശേഖരം കിടക്കുന്നത്. സൂക്രോസിന്റെ രൂപത്തിൽ 13 ലക്ഷം ടണ്ണോളം ഷുഗർ ഇവിടെയുണ്ടെന്നും ഉപമിക്കുകയാണെങ്കിൽ 3200 കോടി കോള ടിന്നുകളടങ്ങിയ ആകെ പഞ്ചസാരയുടെ അളവിന് തത്തുല്യമാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന പരിസ്ഥിതി മേഖലകളിലൊന്നാണ് കടൽപുൽമേടുകൾ. ഇവ വർധിത തോതിൽ നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ മുൻപുണ്ടായിരുന്ന കടൽപ്പുല്ലുകളുടെ മൂന്നിലൊന്നോളം ഇതുവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

അന്തരീക്ഷ കാർബണിനെ ആഗിരണം ചെയ്യുന്നതിൽ മികച്ച ശേഷി പുലർത്തുന്നവയാണ് കടൽപ്പുല്ലുകൾ അഥവാ സീഗ്രാസ്. കടൽപ്പുൽമേടുകൾ ഇക്കാരണത്താൽ തന്നെ ലോകത്തെ ഏറ്റവും മികച്ച കാർബൺ ആഗിരണ പരിസ്ഥിതി സംവിധാനങ്ങളിൽ ഒന്നാണ്.ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കടൽപുൽമേടുകൾക്ക് വലിയ ഒരു കാട് ശേഖരിക്കുന്നതിന്റെ ഇരട്ടി കാർബൺ 35 മടങ്ങ് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും.

മറ്റു കടൽമേഖലകളിലുള്ളതിനെക്കാൾ 80 മടങ്ങ് ഷുഗർ നിക്ഷേപമാണ് കടൽപ്പുൽമേട്ടുകളുടെ അടിയിൽ ഉള്ളതെന്ന് പഠനത്തിനു നേതൃത്വം വഹിച്ച മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ മൈക്രോബയോളജിയിലെ ഗവേഷകൻ മാനുവൽ ലീബെക് പറയുന്നു. സൂക്ഷ്മജീവികൾ കടൽപ്പുൽമേടുകളിൽ പ്രവർത്തനം നടത്തി ഈ ഷുഗർ നിക്ഷേപം വിഘടിക്കപ്പെട്ട് നശിച്ചാൽ 15.4 ലക്ഷം ടൺ കാർബണാകും അന്തരീക്ഷത്തിലേക്കു തിരികെയെത്തുന്നതെന്നും ശാസ്ത്രജ്ഞർ താക്കീത് നൽകുന്നു. ഭൂമിയിൽ മൂന്നര ലക്ഷത്തോളം കാറുകൾ പുറത്തുവിടുന്ന കാർബണു തുല്യമായിരിക്കും ഇത്.

 

വൃക്ഷങ്ങളിലെയും സസ്യങ്ങളിലെയും പോലെ പ്രകാശസംശ്ലേഷണം കടൽപ്പുല്ലുകൾക്കുമുണ്ട്. പ്രകാശസംശ്ലേഷണത്തിലാണ് ഇവ ഷുഗർ നിർമിക്കുന്നത്. സാധാരണ ഗതിയിൽ തങ്ങളുടെ ജൈവിക പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കുമായാണ് ഇവ ഈ ഷുഗർ ഉപയോഗിക്കുന്നതെങ്കിലും വളരെ പ്രകാശമാനമായ ദിവസങ്ങളിൽ കൂടുതലായുണ്ടാക്കുന്ന ഷുഗർ തങ്ങളുടെ കീഴ്ഭാഗത്തെ മണ്ണിലേക്ക് ഇവ നിക്ഷേപിക്കും. കടൽപ്പുല്ലുകളുടെ കീഴ്ഭാഗത്തുള്ള ബാക്ടീരിയ ഇവയെ ഉപയോഗിച്ച് നൈട്രജൻ ഉത്പാദിപ്പിക്കുകയും ഇവ കടൽപ്പുല്ലുകളുടെ പ്രജനനത്തിനു സഹായകമാകുകയും ചെയ്യും.എന്നാൽ അമിതമായ അളവിൽ ഈ ഷുഗർ ബാക്ടീരിയകൾ നശിപ്പിക്കാതിരിക്കാനായി ചില പ്രത്യേക രാസവസ്തുക്കൾ കടൽപ്പുല്ലുകൾ പുറത്തുവിടുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ ബാക്ടീരിയകൾ പരിധികളില്ലാതെ ഷുഗർ നശിപ്പിച്ച് വൻതോതിലുള്ള കാർബൺ പുറന്തള്ളലിനു കാരണമാകും. ചുരുക്കത്തിൽ പറഞ്ഞാൽ, പരിസ്ഥിതിയുടെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയാണു കടൽപ്പുൽമേടുകൾ. സമുദ്രമലിനീകരണം മൂലം ഇവ നശിക്കുന്നത് മൊത്തം ലോകത്തിനും ഹിതകരമല്ലാത്ത പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക.

 

English Summary:  Sugar deposits found under sea level, sugar equivalent to 32 billion cans of coke detected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com