ADVERTISEMENT

ഡച്ച് പദമായ മാമ്പു എന്ന വാക്കിൽ നിന്നാണ് ബാംബൂ (Bamboo) അഥവാ മുള  എന്ന വാക്ക് ഉദ്ഭവിച്ചത്.  ലോകത്ത്‌ ഏറ്റവും  വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നായ മുള പുല്ല് വർഗത്തിൽപ്പെട്ട ഭീമാകാരമായ സസ്യം ആണ്. 1800ൽപരം മുളയിനങ്ങളാണ് ലോകത്തിലുള്ളത്. ഇന്ത്യയിൽ 29 ജനുസുകളിൽ ആയി 168 ഇനം മുളകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 

 

ശിലായുഗകാലത്തു ഗുഹാനിവാസികൾ ആയിരുന്ന മനുഷ്യർ വേട്ടയാടാനുള്ള ആയുധങ്ങളും മറ്റും നിർമ്മിക്കാൻ വിവിധ തരം മുളകൾ ഉപയോഗിച്ചിരുന്നു. കൃഷി ആരംഭിച്ചതോടെ ഗുഹകളിൽ നിന്നും സമതലങ്ങളിലേക്ക് താമസം ആരംഭിച്ച മനുഷ്യൻ ആദ്യ ഗൃഹങ്ങൾ നിർമിച്ചത്  തന്നെ മുളകൾ ഉപയോഗിച്ചായിരുന്നു. ഇന്നും ലോകമെമ്പാടും വിവിധ ആദിവാസി വിഭാഗങ്ങളും, ഗ്രാമീണ ജനവിഭാഗങ്ങളും അവരുടെ ഗൃഹ നിർമ്മാണത്തിനും വിവിധ തരം  ഉപാലയ നിർമ്മാണത്തിനും മുളകൾ ഉപയോഗിച്ച് വരുന്നു.  ഏതാണ്ട് അന്റാർട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ടങ്ങളിലും മുളകൾ കണ്ടു വരുന്നു.  

 

bamboo-species-kerala

ഒരു ദിവസം തന്നെ 2 സെ.മി. മുതൽ 4 അടി വരെ നീളം വയ്ക്കുന്ന മുളകൾ ലോകത്തുണ്ട്. മുളംകാടുകളിൽ വണ്ടുകൾ തീർത്ത ദ്വാരങ്ങളിൽ കാറ്റടിച്ചപ്പോൾ ഉണ്ടായ നാദസ്വരത്തിൽ നിന്ന് ഓടക്കുഴൽ നിർമ്മിക്കാൻ മനുഷ്യന് പ്രേരണ ലഭിച്ചിട്ടുണ്ടാവുക എന്ന് ചരിത്രകാരന്മാർ സാക്ഷ്യപെടുത്തുന്നു. ഏതാണ്ട് 40,000 വർഷം മുമ്പ് ആണ് മനുഷ്യൻ ഓടക്കുഴൽ നിർമ്മിച്ചത് എന്ന് പല ഗുഹാ ചിത്രങ്ങളും സൂചിപ്പിക്കുന്നു.  ഇന്നും  മുളംങ്കൂട്ടങ്ങളിൽ കാറ്റു വീശുമ്പോൾ   അത്തരം ഇമ്പമേറിയ ശബ്ദങ്ങൾ കേൾക്കാവുന്നതാണ്. ആധുനിക യുഗത്തിൽ മുളയുടെ ഉപയോഗം  ദിനംപ്രതി വർധിച്ചു വരികയാണ്. ഇന്ന് മുളയ്ക്ക് 10,000ലേറെ  ഉപയോഗങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും മുളയുടെ ഏതെങ്കിലും ഒരു ഉത്പന്നം ഉപയോഗിച്ചിട്ടില്ലാത്ത മനുഷ്യർ ഉണ്ടാവില്ല. ഏതൊരു ഉൽപന്നത്തിനും പകരമായി ഉപയോഗിക്കാവുന്ന  മുള പുനർജീവന ശേഷിയുള്ള പ്രകൃതി ദത്ത ഉൽപന്നമാണ്.

 

മുളയുടെ ആവശ്യവും ഉൽപാദനവും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.  ഉപഭോഗം നാൾക്കുനാൾ വർധിച്ചു വരികയും ചെയ്യുന്നു. ഓരോ വ്യാവസായിക ആവശ്യത്തിനും വിത്യസ്ത തരം മുളകളാണ് ഉപയോഗിച്ച് വരുന്നത്. അലങ്കാര മുളകൾ മുതൽ 30 സെ.മീ. വ്യാസവും 120 അടി വരെ ഉയരവുമുള്ള ഭീമൻ ആനമുളകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഇന്ന് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മുളകളിൽ 90 ശതമാനത്തിലേറെ സ്വാഭാവിക സാഹചര്യങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്നതാണ്. നാൾക്കുനാൾ ഇവയുടെ ശേഖരം കുറഞ്ഞു വരുന്നു.

 

bamboo-species-kerala1

ലോകത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ പുറപ്പെടുവിപ്പിക്കുന്ന സസ്യങ്ങളിൽ ഒന്നാണ് മുളകൾ. മനുഷ്യൻ ഭക്ഷണാവശ്യത്തിനും മുള അരികളും മുളം കൂമ്പുകളും ഉപയോഗിച്ച് വരുന്നു. ഒരുപാട് ജനവിഭാഗങ്ങളുടെ പട്ടിണി മാറ്റിയ ഒരു കൽപവൃക്ഷം തന്നെയാണ് മുള. മാറുന്ന കാലാവസ്‌ഥാ വ്യതിയാനങ്ങൾക്ക് വലിയ തോതിലുള്ള പരിഹാരമാണ് മുളകൾ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പോലുള്ള വിവിധ തരം പ്രകൃതി ദുരന്തങ്ങൾക്കും മണ്ണൊലിപ്പ് മൂലം പ്രകൃതിക്ക്‌ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ഉത്തമ പരിഹാരമാണ് മുളകൾ. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ വ്യാസായിക പ്രാധാന്യമുള്ള മുളകൾവച്ച് പിടിപ്പിക്കുന്നത് ഉരുൾപൊട്ടൽ സാധ്യത കുറയ്ക്കും. കേരളത്തിൽ  150ൽപ്പരം വില്ലേജുകൾ അതീവ പരിസ്‌ഥിതി ദുർബല പ്രദേശങ്ങൾ ഉൾപ്പെടുന്നതാണെന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. 2018 ൽ മാത്രം കേരളത്തിൽ ചെറുതും വലുതും ആയ ഉരുൾപൊട്ടലിൽ മരിച്ചത് 155 പേരാണ്.

 

മുളയുടെ പ്രാധാന്യം 

കാർഷിക മേഖലയിൽ സമൂലമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. പാരമ്പരാഗത കൃഷി രീതികൾ ആയ റബർ, തെങ്ങ്‌, കമുക്, കശുമാവ് തുടങ്ങിയ കൃഷി രീതികൾ, ഉൽപ്പന്നങ്ങളുടെ വിലക്കുറവും, വർധിച്ചു വരുന്ന പരിപാലനച്ചെലവുകളും, തൊഴിലാളി ക്ഷാമവും മൂലം നട്ടം തിരിയുകയാണ്. വരുമാനവും ലഭിച്ചില്ലെങ്കിലും പറമ്പിലെ കാടുതെളിക്കാൻ തന്നെ വലിയ തുക മുടക്കേണ്ട സാഹചര്യമാണുള്ളത്. പരമ്പരാഗതമായ കാർഷികവൃത്തിക്കൊപ്പം നൂതന സാങ്കേതിക വിദ്യകളും, കൃഷി രീതികളും കാലാനുസൃതമായി കൃഷി ഇടങ്ങളിലേക്ക് കൊണ്ടുവരണം. പരിസ്‌ഥിതിക്ക്‌ ഇണങ്ങുന്നതും പരിപാലനച്ചെലവുകൾ കുറഞ്ഞതും, വ്യാവസായിക പ്രാധാന്യം ഉള്ളതുമായ പുതിയൊരു കാർഷിക സംസ്കാരം നാം വളർത്തിയെടുക്കണം. ഈ പശ്ചാത്തലത്തിലാണു മുള ഒരു നാണ്യവിള എന്ന നിലയിലും പരിസ്‌ഥിതി സൗഹൃദ കാർഷികവിള എന്ന നിലയിലും കാർഷിക മേഖലയിൽ സ്‌ഥാനം പിടിക്കുന്നത്.

 

മുളകൃഷി സവിശേഷതകളും സാധ്യതകളും

1. ഒട്ടേറെ വ്യവസായങ്ങളുടെയും തൊഴിൽ മേഖലകളുടെയും പ്രധാന അസംസ്കൃത വസ്തുവാണ് മുള. നാൾക്കുനാൾ അവയുടെ ആവശ്യം വർധിച്ചു വരുന്നു.

2. പാഴ്ഭൂമികളും പാറക്കെട്ടുകളും തരിശുനിലങ്ങളും മുളകൃഷിയിലൂടെ വരുമാനം ഉള്ളതാക്കി മാറ്റുന്നു.

3. പരിസ്‌ഥിതിയുടെ പുനർജീവനവും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും സാധിക്കുന്നു.

4. കർഷകർക്ക് ഇടവിളക്കൃഷിയിലൂടെ അധികവരുമാനം.

5. മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവ തടയുകയും മഴവെള്ളം പൂർണ്ണമായും മണ്ണിലേക്ക് ഇറങ്ങാനും സഹായിക്കുന്നു.

 

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള  സംഘർഷങ്ങൾ  നാൾക്കുനാൾ വർധിച്ചു വരികയാണ്. എന്ത് കൃഷി ചെയ്താലും കാട്ടുപന്നികൾ നശിപ്പിക്കുന്നത് സ്‌ഥിരം കാഴ്ചയായി മാറി. റബർ പോലുള്ള നാണ്യവിളകളുടെ വിലത്തകർച്ചയും വന്യമൃഗ ശല്യവും കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. 7-8 വർഷത്തെ പരിചരണം നൽകിയ ശേഷമാണ് റബറിൽനിന്ന് ഉൽപാദനം ലഭിച്ചു തുടങ്ങുക. മലയോരമേഖലകളിൽ 10 മുതൽ 12 വർഷം  വരെ ആകാറുണ്ട്. ഇതിന് ഒരു ശാശ്വത പരിഹാരമാണ് വ്യാവസായിക പ്രാധാന്യമുള്ള മുള ഇനങ്ങളുടെ വാണിജ്യ അടിസ്‌ഥാനത്തിലുള്ള കൃഷി. 21-ാം നൂറ്റാണ്ടിലെ വിള എന്ന വിശേഷണവും മുളയ്ക്കുണ്ട്.  

 

മുളക്കൃഷി എപ്പോൾ എങ്ങനെ?

 

മുളക്കൃഷി കേരളത്തിൽ അത്യ വ്യാപമകല്ല. കേരളത്തിൽ  സ്വാഭാവികമായി കണ്ടു വരുന്നത് മുള്ളു മുളകളാണ്. കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും നിയന്ത്രണാതീതമായി വളരും എന്നുള്ളതും കൃഷി സ്‌ഥലങ്ങളിൽ നിന്നും ഇത്തരം മുളകൾ വെട്ടിമാറ്റാൻ കർഷകർ നിർബന്ധിതരാകുന്നു. വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷിക്ക് പൊതുവായി പത്തിലധികം മുള്ളില്ലാത്ത മുളകൾ  ഉപയോഗിച്ച് വരുന്നുണ്ട്.

 

വ്യാവസായിക പ്രാധാന്യമുള്ള മുളയിനങ്ങൾ താഴെ പറയുന്നവയാണ്.

1. ബാൽക്കോവ 

2. ആസ്‌പർ 

3. ബിലാത്തി മുള 

bamboo-species-kerala2

4. സ്റ്റോക്‌സി 

5. ടുൾഡ 

6. ലാത്തിമുള 

7. ആനമുള 

8. ഈറ്റ 

9. പോളിമോർഫ 

10. കച്ചറൻസസ്‌ 

11. സിയാമെൻസിസ്‌ 

12. സ്ട്രിക്ട്സ് 

 

കൃഷിയും വിളവെടുപ്പും 

മഴക്കാല മാസങ്ങളാണ് മുളകൃഷി ആരംഭിക്കാൻ അത്യുത്തമം. ആദ്യത്തെ രണ്ടു വർഷങ്ങളിൽ മുളയുടെ വളർച്ച തിരശ്ചീനതലത്തിൽ ആയിരിക്കും ഈ ഘട്ടത്തിൽ മുളയുടെ കാണ്ഡങ്ങളും കിഴങ്ങുകളും ശക്തിപ്രാപിക്കുകയും മൂന്നാം വർഷം മുതൽ ദ്രുതഗതിയിലുള്ള വളർച്ച സാധ്യമാക്കുകയും ചെയ്യും. 5 വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം മാതൃവൃക്ഷത്തിന് കേട് വരാതെ  അമ്പത് വർഷം വരെ വിളവ് തരും എന്നതാണ് മുളയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് കൃഷിക്കുള്ളതു പോലെ തുടർച്ചയായ പരിചരണമോ, ഉൽപാദനച്ചെലവോ ഇല്ല എന്നുള്ളതും മുള കൃഷിയുടെ മാത്രം സവിശേഷതയാണ്. 

ഒരേക്കറിൽ 10  മുതൽ 12 അടി വരെ  അകലത്തിൽ 250 മുളകൾ വരെ നടാം. തൈ ഒന്നിന് സൈറ്റിൽ എത്തുമ്പോൾ 150 രൂപയോളം ചെലവ് വരും എന്നാണ് ഏകദേശ കണക്ക്. നടാനും ഒന്ന് രണ്ട് വർഷത്തെ പരിപാലനവും ഉൾപ്പടെ ഏകദേശം 65,000 രൂപയോളം ചെലവ് വരും.  ഒരേക്കറിൽ നിന്നും അഞ്ചാം വർഷം മുതൽ വെട്ടിയെടുക്കാനുള്ള ചെലവ് കഴിഞ്ഞു രണ്ടു ലക്ഷത്തോളം രൂപ ലാഭം ലഭിക്കുമെന്നത് മുളകൃഷിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

 

കേരളത്തിൽ  ഏതാണ്ട്‌ 25 വർഷത്തിലധികമായി വ്യാവസായിക അടിസ്‌ഥാനത്തിൽ  മുളയുടെ വ്യാപനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് ബാബുരാജ് മുല്ലത്തൊടി. കേരളത്തിലെ തന്നെ മുളയുടെ പ്രധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്നുള്ള ലക്ഷ്യത്തിൽ പ്രവർത്തിച്ചിരുന്ന ആദ്യ സ്‌ഥാപനത്തിന്റെ സ്‌ഥാപക അംഗം  കൂടിയാണ് അദ്ദേഹം. വേൾഡ് ഓഫ് ബാംബൂ എന്ന ചാരിറ്റബിൾ  സൊസൈറ്റിയുടെ നേതൃത്വത്തിൽ മുളയുമായി ബന്ധപ്പെട്ടുള്ള ഏതൊരു സഹായവും പൊതുജനങ്ങൾക്ക് ലഭ്യമാക്കി വരുന്നു. വയനാട് ജില്ലയിലെ തൃക്കൈപ്പറ്റയിലാണ് വേൾഡ് ഓഫ് ബാംബൂവിന്റെ ഉത്തര മേഖല ആസ്‌ഥാനം. മധ്യ-തെക്കൻ കേരളത്തിലെ വേൾഡ് ഓഫ് ബാംബൂവിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് 20 വർഷം മുമ്പ് തന്നെ സ്വന്തം പുരയിടം വിവിധ തരത്തിലുള്ള  40ൽപരം  മുളകളുടെ ജനിതക ശേഖരം സൂക്ഷിക്കുന്ന കെ.സി. ജോൺ ആണ്. പാലക്കാട് കല്ലടിക്കോടാണ് വേൾഡ് ഓഫ് ബാംബൂ ചാരിറ്റബിൾ സൊസൈറ്റി ദക്ഷിണ മേഖല ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്നത്.

 

ഫോൺ: ബാബുരാജ് മുല്ലത്തൊടി: 9747075610 , കെ.സി.ജോൺ : 9447741225

 

English Summary: Bamboo Species Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com