ADVERTISEMENT

കഴിഞ്ഞ ദിവസം ചൈനയിൽ ആഞ്ഞുവീശിയ മണൽക്കാറ്റിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് വലിയ മണൽക്കാറ്റ് ആഞ്ഞുവീശിയത്. ചൈനയിലെ ക്വിങ്ഗായ് പ്രവിശ്യയിലായിരുന്നു ഇതിന്റെ ആഘാതം അധികവും അനുഭവപ്പെട്ടത്. മേഘങ്ങൾ പോലെ നീങ്ങിയ മണൽക്കാറ്റ് കാറുകളെയും ബിൽഡിങ്ങുകളെയും വിഴുങ്ങിയതുപോലുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

 

നാലുമണിക്കൂറോളം മണൽക്കാറ്റ് നീണ്ടുനിന്നു. മണിക്കൂറിൽ 53 കിലോമീറ്റർ എന്ന ഉയർന്ന വേഗത്തിൽ വരെ കാറ്റടിച്ചു. നേരത്തെ അറിയിപ്പ് ലഭിച്ചതിനാൽ പ്രദേശവാസികൾ വീടുകളിൽ തന്നെ ഇരുന്നു. ഇതുമൂലം അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തില്ല.ചൈനയുടെ പടിഞ്ഞാറൻ മേഖലയിൽ ഉടലെടുത്ത കൊടുങ്കാറ്റിന്റെ ഭാഗമായിട്ടാണ് ഈ മണൽക്കാറ്റ് സംഭവിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മണൽക്കാറ്റുകൾ സാധാരണമാണ്. കഴിഞ്ഞ വർഷം ഡുൻഹ്വാങ് എന്ന നഗരത്തിൽ വൻ മണൽക്കാറ്റ് വീശിയടിക്കുകയും നഗരത്തിലെ ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. ചൈനയിൽ വലിയ താപതരംഗവും നടമാടിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റെഡ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ഷാങ്‌ഹായിയിൽ താപനില 40 ഡിഗ്രി വരെ കടന്നിരുന്നു.

 

ചൈനയിലെ നാലാമത്തെ വലിയ പ്രവിശ്യയാണ് വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്വിങ്ഗായ്. എന്നാൽ ഇവിടെ ജനസംഖ്യയും ജനവാസവും കുറവാണ്.ഷിനിങ് ആണ് ഈ പ്രവിശ്യയുടെ തലസ്ഥാനനഗരം.തിബറ്റൻ മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രവിശ്യ സമുദ്രനിരപ്പിൽ നിന്ന് 3 കിലോമീറ്റർ വരെ ഉയരമുള്ളതാണ്. ഉയർന്ന പൊക്കമുള്ളതിനാൽ ഈ പ്രവിശ്യയ്ക്ക് വളരെ തണുപ്പുള്ള കാലാവസ്ഥയും ശരാശരി വേനൽക്കാലങ്ങളുമാണുള്ളത്. ഒട്ടേറെ മരുഭൂമികൾ ഈ മേഖലയിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ മണൽക്കാറ്റുകൾ സംഭവിക്കുന്ന തോതും കൂടുതലാണ്. എന്നാ‍ൽ ഫെബ്രുവരി മുതൽ ഏപ്രി‍ൽ വരെയുള്ള കാലയളവിലാണ് ഇവയിൽ കൂടുതലും സംഭവിക്കുന്നത്.

 

English Summary: Sandstorm Sweeps Through Qinghai in Northwest China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com