ADVERTISEMENT

ഭൂമിയുടെ ചരിത്രത്തിലേക്ക് ഏതാണ്ട് 1.7 ദശലക്ഷം വര്‍ഷം പുറകോട്ട് പോവുക. അതായത് ആധുനിക മനുഷ്യന്‍ പരിണമിക്കുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അക്കാലത്ത് കിഴക്കന്‍ ഏഷ്യയിലെ കാടുകള്‍ ഭരിച്ചിരുന്നത് അതിഭീമാകാരമായ ശരീരമുള്ള ഒരു കുരങ്ങായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കുരങ്ങ് വര്‍ഗമായ ഗൊറില്ലയോട് രൂപത്തില്‍ സാമ്യമുള്ള ഈ കുരങ്ങിന്‍റെ വലുപ്പം പക്ഷേ ഗൊറില്ലകളേക്കാളും   കൂടുതലായിരുന്നു . ആധുനിക മനുഷ്യന്‍റെ ഉദ്ഭവത്തിന് മുന്‍പ് തന്നെ വംശനാശം സംഭവിച്ചുപോയെന്ന് കരുതുന്ന ഈ കൂറ്റന്‍ ആള്‍ക്കുരങ്ങ്, ശാസ്ത്രത്തിന് ഇതുവരെ പൂര്‍ണമായി പിടി കൊടുക്കാതെ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഒരു ജീവി കൂടിയാണ്.

എന്നാണ് ജൈജാന്‍റോപിത്തിക്കസ് എന്ന ഈ ആള്‍ക്കുരങ്ങുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതെന്ന ചോദ്യത്തിനു പോലും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഏതാണ്ട് 1 ലക്ഷം വര്‍ഷം മുന്‍പ് വരെ ജൈജാന്‍റോ പിത്തിക്കസുകള്‍ ഭൂമിയില്‍ ഉണ്ടായിരുന്നിരിക്കാമെന്ന് ചില ഗവേഷകരെങ്കിലും അഭിപ്രായപ്പെടുന്നു. അതേസമയം മിക്ക ശാസ്ത്രജ്ഞരുടെയും കണക്കു കൂട്ടല്‍ പ്രകാരം ജൈജാന്‍റോപിത്തിക്കസ് അപ്രത്യക്ഷമായത് ഏതാണ്ട് 3 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതുകൊണ്ട് തന്നെയാണ് ഏതാണ്ട് ഒന്നരലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിണിച്ച് രൂപം കൊണ്ടെന്ന് കരുതുന്ന ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യന്‍റെ പൂര്‍വികരും ഈ കുരങ്ങുകളും ഒരുമിച്ച് ഭൂമിയിലുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നതും. 

ഡ്രാഗണ്‍ പല്ലില്‍ നിന്ന് കണ്ടെത്തിയ സത്യം

ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏത് ജീവിയുടെയും ഏതൊരു ശരീരഭാഗവും മരുന്നായി ഉപയോഗിക്കാന്‍ കഴിയും എന്നു വിശ്വസിക്കുന്നവരാണ് ചൈനക്കാര്‍. ഇങ്ങനെ ജീവികളുടെ ശരീരഭാഗങ്ങള്‍ മരുന്നായി വില്‍ക്കുന്ന ഒരു ചൈനീസ് കടയില്‍ നിന്നാണ് ആദ്യമായി ജൈജാന്‍റോപിത്തിക്കസ് എന്ന ആള്‍ക്കുരങ്ങിന്‍റെ പല്ല് ലഭിക്കുന്നത്. ഡ്രാഗണിന്‍റെ പല്ലെന്ന് പറഞ്ഞാണ് കടയില്‍ ഇത് വില്‍പനയ്ക്ക് വച്ചിരുന്നത്. അസാധാരണ വലുപ്പമുള്ള ഈ പല്ല് കണ്ട് സംശയം തോന്നിയ റാള്‍ഫ്ഴോന്‍ കോങ്സ്വാള്‍ഡ് എന്ന ജൈവശാസ്ത്രജ്ഞനാണ് ഇത് വില കൊടുത്ത് വാങ്ങി പരിശോധിച്ചത്.ഹോങ്കോങ്ങിൽ വച്ച് 1935 ലാണ് റാള്‍ഫിന് ഈ പല്ല് ലഭിക്കുന്നത്. 

1935ല്‍ കടയില്‍ നിന്ന് വാങ്ങിയത് അടക്കം ഏതാണ്ട് 2000 ത്തോളം പല്ലുകളും നാല് പൊട്ടിയ താടിയെല്ലുകളും മാത്രമാണ് ഈ കുരങ്ങുകളുടേതായി അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍. ഈ തെളിവുകളില്‍ നിന്നാണ് ഡിഎന്‍എ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി ഈ കൂറ്റന്‍ ആള്‍ക്കുരങ്ങിന്‍റെ ഒരു രൂപം ഗവേഷകര്‍ സങ്കല്‍പ്പിച്ചതും. ഈ തെളിവുകളെല്ലാം ജൈജാന്‍റോപിത്തിക്കസിന്‍റെ ഒരു ജനുസ്സിന്‍റേത് മാത്രമാണ്. ജി ബ്ലാക്കി എന്നാണ് ഈ ജനുസ്സിന് ഗവേഷകര്‍ നല്‍കിയിരിക്കു പേര്. ബ്ലാക്കി അല്ലാതെ മറ്റേതെങ്കിലും വിഭാഗങ്ങള്‍ ജൈജാന്‍റോപിത്തിക്കസില്‍ ഉണ്ടായിരുന്നോ എന്ന വിവരം പോലും ലഭ്യമല്ല.ഈ ശരീരഭാഗങ്ങളെല്ലാം തന്നെ ലഭിച്ചത് തെക്കന്‍ ചൈനയില്‍ നിന്നാണ്. അതില്‍ ഭൂരിഭാഗവും ഒരു ഗുഹാസമുച്ചയത്തില്‍ നിന്നും. അപൂര്‍വമായി ഇതേ വര്‍ഗത്തിന്‍റേതെന്ന് സംശയിക്കുന്ന ചില ശരീരഭാഗങ്ങള്‍ വടക്കന്‍ വിയറ്റ്നാമില്‍ നിന്നും,വടക്കന്‍ തായ്‌ലൻഡില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ജൈജാന്‍റോപിത്തിക്കസിന്‍റേതാണോ എന്ന് ഗവേഷകര്‍ക്ക് ഇതുവരെ ഉറപ്പിച്ച് പറയാനായിട്ടില്ല.

വംശനാശം സംഭവിച്ചതെങ്ങനെ?

എങ്ങനെയാണ് ജൈജാന്‍റോപിത്തിക്കസ് വംശനാശത്തിലേക്ക് വീണുപോയതെന്നും വ്യക്തമായി കണ്ടെത്താനായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഭക്ഷ്യക്ഷാമമാകാം ഈ ഭീമന്‍മാരെ വീഴ്ത്തിയതെന്നാണ് നിഗമനം. മുളയായിരുന്നു സസ്യഭുക്കുകളായ ഈ കൂറ്റന്‍മാരുടെ പ്രധാന ഭക്ഷണം. താടിയെല്ലുകളുടെയും പല്ലുകളുടെയും ഘടനയില്‍ നിന്നാണ് ഇവയുടെ ഭക്ഷണശീലം ഗവേഷകര്‍ മനസ്സിലാക്കിയത്. ഈ ഭക്ഷണ ശീലം കൊണ്ടുതന്നെ മുള ധാരാളമായി ലഭിക്കുന്ന ചൈനയിലെ തെക്കന്‍ പ്രദേശത്ത് മാത്രമായിരിക്കാം ഇവ ജീവിച്ചിരിന്നിട്ടുണ്ടാകുകയെന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു. സാവന്ന പുല്‍മേടുകള്‍ കൊണ്ടും കാടുകള്‍ കൊണ്ടും അക്കാലത്ത് ഈ മേഖല സമ്പന്നമായിരുന്നു. എന്നാല്‍ പിന്നീട് സ്വാഭാവികമായുണ്ടായ കാലാവസ്ഥാ വ്യതിയാനത്തില്‍ ഈ മേഖലയിലേക്ക് വരള്‍ച്ച കടന്നുവന്നു. ചെറുജീവികള്‍ ഈ പ്രതിസന്ധിയെ അതിജീവിച്ചപ്പോള്‍ വലിയ തീറ്റക്കാരായ ഈ ആള്‍ക്കുരങ്ങുകള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പതിയെ സ്വാഭാവിക പരിണാമമായ വംശനാശത്തിലേക്ക്. ഇവ നടന്നടുത്തു 

ജൈജാന്‍റോപിത്തിക്കസിന്‍റെ വലുപ്പം

ശരാശരി 9 അടി 10 ഇഞ്ച് വരെ, അതായത്  3 മീറ്റര്‍ ഉയരം ഇവയ്ക്ക് പൊതുവെ ഉണ്ടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഏഷ്യന്‍ ആനയുടെ 2.8 മീറ്റര്‍, ആഫ്രിക്കന്‍ ആനയുടെ 3.2 മീറ്റര്‍ എന്നീ ഉയരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇവയുടെ വലുപ്പം മനസ്സിലാക്കാനാകുക. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ കുരങ്ങായ ഗൊറില്ലയുടെ പൊക്കം ശരാശരി 1.6 മീറ്ററാണ്. അതായത് ആനയോളം വലുപ്പമുള്ള കുരങ്ങായിരുന്നു ജൈജാന്‍റോപിത്തിക്കസ് എന്നര്‍ത്ഥം. ഏതാണ്ട് 300 കിലോ ശരീരഭാരവും ഈ ജൈജാന്‍റോപിത്തക്കസുകള്‍ക്ക് ഉണ്ടായിരുന്നു. ഇന്ന് ഏതാണ്ട് സമാനമായ ജൈവപരിസ്ഥിതിയില്‍ ജീവിക്കുന്ന ഒറാങ്ങ് ഉട്ടാനുകളുടെയും ജൈജാന്‍റോപിത്തിക്കസിന്‍റെയും പൂര്‍വികര്‍ ഒന്നായിരുന്നുവെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ചില ഗവേഷകരെങ്കിലും ഇവയുടെ രൂപത്തിന് കൂടുതല്‍ സാമ്യം ഒറാങ്ങ് ഉട്ടാനുകളോടാകാമെന്ന് വിശ്വസിക്കുന്നുണ്ട്. പക്ഷേ നിലവില്‍ ഗൊറില്ലയുമായി രൂപത്തില്‍ ഇവയെ താരതമ്യപ്പെടുത്താനാണ് മിക്ക ഗവേഷകരും താല്‍പര്യപ്പെടുന്നത്. 

English Summary: What Was Gigantopithecus? The Largest Ape To Ever Walk Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com