ADVERTISEMENT

അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ പാളിയിലെ ദ്വാരങ്ങൾ ചുരുങ്ങിച്ചെറുതാകുന്നെന്നു ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനം വെളിവാക്കുന്നു. ഓസോൺ ദ്വാരമെന്നു പറയുന്നുണ്ടെങ്കിലും ഓസോൺ വാതകപാളിയുടെ കട്ടികുറയുന്നതാണ് ഇത്. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഓസോൺ പാളിയുടെ കട്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി 4 ശതമാനം വച്ചു കൂടിവരുന്നുണ്ട്.

 

എഴുപതുകളിലാണ് കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പ്രഫസർ ഫ്രാങ്ക് ഷെർവുഡും മാരിയോ മോളിനയും വടക്കു, തെക്ക് ധ്രുവങ്ങളിൽ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ ചൂണ്ടിക്കാട്ടിയത്.ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതായിരുന്നു ഈ വിള്ളൽ. ഇതു മൂലം വലിയ തോതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിച്ചാൽ അതു ഭൂമിക്കും മനുഷ്യർക്കും വിനാശപൂർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വിളകളും പരിസ്ഥിതിയും നശിക്കും, കാലാവസ്ഥാ വ്യതിയാനം പതിൻമടങ്ങു തോതിൽ അപകടകരമായ രീതിയിൽ സംഭവിക്കും.

Ozone Hole Getting Smaller
Image Credit: Artsiom P/Shutterstock

 

ലോകത്തിന് വലിയൊരു ഉണർത്തുപാട്ടായിരുന്നു ആ പഠനം. ഓസോൺ പാളിയെക്കുറിച്ചുള്ള അവബോധം താമസിയാതെ ലോകമെമ്പാടും സൃഷ്ടിക്കപ്പെട്ടു. 1987ൽ 46 രാജ്യങ്ങൾ ഒത്തു ചേർന്ന് മോൺട്രിയൽ പെരുമാറ്റച്ചട്ടത്തിന് തുടക്കമിട്ടു. ഓസോൺ പാളിക്ക് നാശമുണ്ടാക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ രാസവസ്തുക്കൾ നിരോധിക്കാനും ബാധിക്കുന്ന മറ്റ് രാസവസ്തുക്കളെ നിയന്ത്രിക്കാനും മോൺട്രിയൽ പെരുമാറ്റച്ചട്ടം നീക്കങ്ങളെടുത്തു. ഓസോൺ സംരക്ഷണത്തിലെയും പരിസ്ഥിതി മേഖലയിലെയും നിർണായകമായ ഒരു ഏടാണ് മോൺട്രിയൽ പെരുമാറ്റച്ചട്ടം.

 

അടുത്തകാലത്തുള്ള ശാസ്ത്രജ്ഞരുടെ ഗവേഷണപ്രകാരം ദക്ഷിണധ്രുവത്തിലുള്ള ഓസോൺ പാളിയിലെ വിള്ളലാണ് വേഗത്തിൽ മുൻനിലകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്.50 വർഷങ്ങൾ കൂടിക്കഴിഞ്ഞ് 2070 ആകുമ്പോഴേക്ക് ഓസോൺ പാളി 1980ൽ ഉള്ള നിലയിലേക്ക് മടങ്ങുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. അതിന് ലോകരാജ്യങ്ങളെല്ലാവരുടെയും സുസ്ഥിര സഹകരണം ആവശ്യമാണ്.

 

എന്താണ് ഓസോൺ?

മൂന്ന് ഓക്സിജൻ ആറ്റമുകൾ അടങ്ങിയ രാസതന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിലെ മറ്റൊരു തലമായ ട്രോപ്പോസ്ഫിയറിലും ഓസോൺ, വ്യാവസായിക ശാലകളിൽ നിന്നുള്ള രാസപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാറുണ്ട്. അൾട്രാവയലറ്റ് രശ്മികൾ 3 തരത്തിലുണ്ട്. ഇതിൽ ഏറ്റവും ശക്തമായ അൾട്രാവയലറ്റ് സിയെ ഓസോണും അന്തരീക്ഷവും പൂർണമായി ആഗിരണം ചെയ്യാറുണ്ട്. ക്ലോറോ ഫ്ലൂറോ കാർബണുകൾ, ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്ര ക്ലോറൈഡ് , ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ തന്മാത്രകളാണ് ഓസോണിന് പ്രധാനമായും നാശം വരുത്തുന്നവ.

 

English Summary: Why is the Ozone Hole Getting Smaller?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com