ADVERTISEMENT

യുഎസിലെ മാസച്ച്യൂസെറ്റിലെ, ബെവര്‍ലി ഹില്‍സ് സിറ്റിയിൽ ഒരു അതിഥി അപ്രതീക്ഷിതമായി എത്തി. ഗ്രേ സീല്‍ ഇനത്തില്‍ പെട്ട ഒരു സീലാണ് നഗരത്തിലേക്ക് എങ്ങനെയോ എത്തിപ്പെട്ടത്. തുടര്‍ന്ന് നഗരത്തിലെ തന്നെ ഒരു ചെറു തടാകത്തില്‍ താമസം ആരംഭിച്ച ഈ സീല്‍ ഒരാഴ്ചയോളം അധികൃതരുടെ കണ്ണ് വെട്ടിച്ചും കുടുക്കില്‍ പെടാതെ നടക്കുകയും ചെയ്തു. പക്ഷേ ഒടുവില്‍ ഒളിച്ച് കളി മടുത്തിട്ടാവണം സീല്‍ തന്നെ പോലീസിന്‍റെ സമീപത്തേക്കെത്തി കീഴടങ്ങുകയും ചെയ്തു.

സീലിന്‍റെ ഒളിച്ചു കളി

സെപ്റ്റംബര്‍ രണ്ടാം വാര മധ്യത്തോടെയാണ് ഈ സീലിനെ നഗരത്തിലെ തടാകത്തില്‍ കണ്ടെത്തിയത്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സീല്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. കീഴടങ്ങി എന്നത് കാവ്യാത്മകമായി പറയുന്നതല്ല. ഇതിന് പോലീസിന്‍റെ ബോഡി ക്യാമിലും മൊബൈലിലും മറ്റു റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും ഈ കീഴടങ്ങലിന് തെളിവായി ഉണ്ട്.

കമ്മിങ്സ് സെന്‍റര്‍ മേഖലയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള ഷൂ പോണ്ട് എന്നു വിളിക്കുന്ന തടാകത്തിലാണ് ഈ സീല്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒരാഴ്ചയില്‍ ഏറെയായി ഈ സീലിനെ പലതവണ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത്തരം ഫോണ്‍കോളുകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 17 ന് പോലീസ് തന്നെ ഈ സീലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ അന്ന് മുതല്‍ സീലിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പല കുറി നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ലെന്ന് മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളിലും സീലിനെ നിരീക്ഷിച്ച് വരുന്നതായി ഫോസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് അറിയിച്ചു. സീലിന് ആവശ്യമായ ഭക്ഷണം തടാകത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. സീല്‍ ആരോഗ്യവാനും, സന്തോഷവാനും ആയി കാണപ്പെടുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് അറിയിക്കുന്നുണ്ടായിരുന്നു. ഷൂ പോണ്ട് എന്ന് പേരുള്ള തടാകത്തില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഷൂ ബെര്‍ട്ട് എന്ന പേരും ഈ സീലിന് വൈകാതെ ഇവര്‍ നല്‍കി.

സീലിനെ ആഘോഷമാക്കിയ നഗരം

കടലില്‍ നിന്ന് ഷൂബര്‍ട്ട് തിരക്കേറിയ നഗരത്തിലുള്ള ഈ ഒറ്റപ്പെട്ട തടാകത്തില്‍ എങ്ങനെയെത്തി എന്നുള്ളതായിരുന്നു കൗതുകകരമായ മറ്റൊരു ചോദ്യം. അധികൃതരുടെ നിഗമനത്തില്‍ കടലില്‍ നിന്ന് നദിയിലേക്ക് എത്തിയ ഷൂബര്‍ട്ട് ഇവിടെ നിന്നാകും തടാകത്തിലേക്ക് എത്തിയിരിക്കുക. തടാകവും നദിയുമായി ഭൂമിക്ക് മുകളിലൂടെ ബന്ധമില്ല. എന്നാല്‍ നഗരത്തിന്‍റെ അടിയിലുള്ള ചാലുകളിലൂടെ തടാകവും നദിയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വലിയ തോതില്‍ മത്സ്യസമ്പത്തുള്ള തടാകത്തിലേയ്ക്ക് സീല്‍ എത്തിയത് ഈ ചാലുകളില്‍ ഒന്നിലൂടയാകാം എന്നാണ് കരുതുന്നത്. ഇതിനിടെ സീലിനെ പിടികൂടാന്‍ രണ്ട് ഡൈവര്‍മാരെ ഉള്‍പ്പടെ അധികൃതര്‍ ഏര്‍പ്പാടാക്കി. തടാകത്തിലെ പലയിടത്തായി പല കുറി വലവിരിച്ചു. പക്ഷേ ഇതിലൊന്നും സീല്‍ വീണില്ല. ഇതിനിടെ സീലിന്‍റെ വരവ് നഗരത്തില്‍ പലരും ആഘോഷമാക്കുകയും ചെയ്തു. സീലിന്‍റെ ചിത്രം പതിച്ച ടീ ഷര്‍ട്ട് വില്‍പ്പനയ്ക്കെത്തി. ചില കമ്പനികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ലോഗോ ചിത്രത്തിനൊപ്പം താല്‍ക്കാലികമായി സീലിന്‍റെ ചിത്രം കൂടി ചേര്‍ത്തു. ഇതിനൊക്കെ പുറമെ ലോക്കല്‍ വാര്‍ത്താ ചാനലുകളിലും, പത്രങ്ങളിലുമെല്ലാം സീലിന് പുറകെ കൂടുകയും ചെയ്തു. ഇതിനിടെ നഗരത്തിന്‍റെ ആഘോഷത്തിനൊപ്പം പൊലീസും കൂടി. അവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലെ ലോഗോയിക്കൊപ്പം സീലിന്‍റെ ചിത്രം കൂടി ചേര്‍ത്തു.

ഒളിച്ചു കളി അവസാനിപ്പിച്ച് സീല്‍

ഒടുവില്‍ സെപ്റ്റംബര്‍ 23 ന് പുലര്‍ച്ചെ 2:30 ന് സീല്‍ ഒളിച്ച് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. സമുദ്രത്തില്‍ നീന്തി തുടിച്ച് നടന്നിട്ട്, ഒടുവില്‍ ഇത്തരി വട്ടത്തിലുള്ള തടാകത്തില്‍ നീന്തി ബോറടിച്ചിരിക്കും. അതുകൊണ്ട് തന്നെ സീല്‍ നേരെ നീന്തി കയറി ചെന്നത് തടാകത്തിന് സമീപത്തുള്ള പൊലീസ് സ്റ്റേഷന്‍റെ കരയിലേക്കാണ്. വലിയ എതിര്‍പ്പൊന്നും കൂടാതെ സീല്‍ പൊലീസുകാര്‍ക്ക് പിടി കൊടുക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ആരോഗ്യ പരിശോധനക്ക് ശേഷം സീലിന് തിരികെ കടലിലേക്ക് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ സമയത്തെ പരിശോധനയില്‍ ഈ സീല്‍ നാല്‍ വയസ്സുള്ള ഗ്രേ സീല്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഏതാണ്ട് 108 കിലോ ഭാരമാണ് ഈ സീലിനെ ആ സമയത്ത് ഉണ്ടായിരുന്നത്. വൈകാതെ സീലിനെ സമാനമായ ജീവികളുള്ള റോഡ് ദ്വീപിലേക്ക് തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. 

 

English Summary: Beloved Seal Hands Himself In To Police After Evading Capture In Pond For Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com