ADVERTISEMENT

തടാകങ്ങളുടെ നിറം മിക്കപ്പോഴും നീലയോ, പച്ചയോ ആയാണ് പൊതുവെ കാണപ്പെടുക. തടാകങ്ങളുടെ ആഴവും അതിലെ ആല്‍ഗകളുടെ സാന്നിധ്യവുമെല്ലാം തടാകങ്ങളുടെ നിറം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പശ്ചിമ ആഫ്രിക്കയിലുള്ള സെനഗലിലെ റെറ്റ്ബ എന്ന തടാകത്തിന്‍റെ നിറം മേല്‍പ്പറഞ്ഞതൊന്നുമല്ല. ഇളം പിങ്ക് നിറത്തിലോ റോസ് നിറത്തിലോ ആണ് ഈ തടാകം മിക്കപ്പോഴും കാണപ്പെടുക. ഈ നിറവ്യത്യാസം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട റെറ്റ്ബ തടാകത്തിന് പക്ഷേ ഇക്കുറിയുണ്ടായ കനത്ത മഴയില്‍ ഈ പ്രത്യേകത നഷ്ടമായി. ഇപ്പോള്‍ മറ്റേത് തടാകത്തെയും പോലെ  നീല നിറത്തിലാണ് റെറ്റ്ബ തടാകവും കാണപ്പെടുന്നത്.

പിങ്ക് തടാകം

നിറത്തിലുള്ള പ്രത്യേകത കൊണ്ട് തന്നെ പിങ്ക് തടാകം എന്നാണ് റെറ്റ്ബ തടാകം അറിയപ്പെട്ടിരുന്നത്. ഏകകോശ ജീവിയായ ഒരു ആല്‍ഗെയുടെ സാന്നിധ്യമാണ് ഈ തടാകത്തിന് പിങ്ക് നിറം ലഭിക്കാന്‍ കാരണം. ദുനീലിയ സെലേനിയ എന്ന ശാസ്ത്ര നാമമുള്ള ഈ ആല്‍ഗെയുടെ യഥാർഥ നിറം പച്ചയാണെന്നുള്ളതാണ് കൗതുകകരമായ മറ്റൊരു കാര്യം. അതേസമയം ഈ ആല്‍ഗകള്‍ക്ക് ചുറ്റും ഒരു സുരക്ഷാ കവചം പോലെ വര്‍ത്തിക്കുന്ന നേരിയ സുതാര്യമായ പാടയുണ്ട്. ഈ പാടപോലുള്ള പദാർഥത്തിലെ ബീറ്റ കരോട്ടിനുകളുടേത് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമാണ്. ഇതാണ് തടാകത്തിന് പിങ്ക് നിറം നല്‍കുന്ന ഘടകം.

അറ്റ്ലാന്‍റിക് സമുദ്രത്തോട് ചേര്‍ന്നാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. പലപ്പോഴും സമുദ്രത്തില്‍ നിന്നുള്ള ജലം തടാകവുമായി ഇട കലരാറുണ്ട്. ഈ കലര്‍പ്പില്ലാതെ തന്നെ തടാകത്തിന്‍റെ ജലം ലവണാംശമേറെയുള്ളതാണ്. അതുകൊണ്ട് തന്നെ ഈ തടാകത്തില്‍ ആരും മുങ്ങിപോകില്ല. ചാവുകടലിലെ പോലെ തന്നെ സാന്ദ്രത കൂടിതലായതിനാല്‍ ഈ തടാകത്തിലറങ്ങുന്നവര്‍ പൊങ്ങി കിടക്കുകയാണ് ചെയ്യുക.

തടാകത്തിന്‍റെ നിറം മങ്ങാനുള്ള കാരണം

സമീപകാലത്ത് പെയ്ത കനത്ത മഴയ്ക്ക് ശേഷമാണ് ഈ തടാകത്തിലെ നിറം മാറി ഇളം നീലനിറം തടാകത്തിലെ ജലത്തിന് കൈവന്നത്. ഇത് മിക്ക വര്‍ഷങ്ങളിലും സംഭവിയ്ക്കുന്നതാണ്. വരണ്ട കാലാവസ്ഥയുള്ള സമയത്ത് മാത്രമാണ് ഈ തടാകം പിങ്ക് നിറത്തില്‍ കാണപ്പെടുക. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഈ മേഖലയില്‍ വരണ്ട കാലാവസ്ഥയുണ്ടാകുക. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോടെ ഈ തടാകത്തിന് പിങ്ക് നിറം തിരികെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണില്‍ മഴയെത്തുമെങ്കിലും മഴ ശക്തമാകുന്നതോടെ ജൂലൈ മാസത്തില്‍ തടാകത്തിന്‍റെ നിറം പച്ച കലര്‍ന്ന നീല നിറത്തിലേക്ക് മാറാന്‍ തുടങ്ങും.

ഇങ്ങനെ മഴ ശക്തമാകുമ്പോള്‍ കൂടുതല്‍ ശുദ്ധജലം തടാകത്തിലേക്കെത്തും. ശുദ്ധജലം ധാരാളമുള്ളപ്പോള്‍ ആല്‍ഗയ്ക്ക് ലവണാംശത്തില്‍ നിന്ന് സംരക്ഷണം ആവശ്യമില്ല. അതുകൊണ്ട് തന്നെ ഇവ തങ്ങളുടെ ചുവപ്പ് നിറത്തിലുള്ള സംരക്ഷണ പാളി ഉൽപാദിപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതോടെ ഈ ആല്‍ഗകളുടെ പച്ച നിറമാണ് തടാകത്തിലുണ്ടാകുക. ഇതിനൊപ്പം ആകാശത്തിന്‍റെ പ്രതിഫലനം കൂടിയാകുമ്പോള്‍ പച്ച കലര്‍ന്ന നീല നിറത്തിലാകും മനുഷ്യര്‍ക്ക് തടാകം കാണാനാകുക.

ലോകത്ത് പിങ്ക് നിറത്തിലുള്ള ജലം കാണപ്പെടുന്ന ഏക തടാകമല്ല സെനഗലിലെ ഈ റെറ്റ്ബ തടാകം. ഇന്ത്യയിലും സമാനമായ നിറത്തിലുള്ള ഒരു തടാകമുണ്ട്. മുംബൈയില്‍ നിന്ന് ഏതാണ്ട് 500 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ബുല്‍ധാനാ ജില്ലയിലാണ് ലോണാര്‍ എന്ന പേരുള്ള  തടാകമുള്ളത്. റെറ്റ്ബ തടാകത്തിലെ അതേ കാരണങ്ങള്‍ തന്നെയാണ് ലോണാര്‍ തടാകത്തിലെയും പിങ്ക് നിറത്തിന് കാരണം. ലോണാറിലും ജലത്തിന് ലവണാംശം കൂടുതലാണ്. അതുകൊണ്ട് തന്നെ റെറ്റ്ബയിലുള്ള അതേ ആല്‍ഗകള്‍ സമാനമായ സംരക്ഷിത കവചം ലോണാര്‍ തടാകത്തിലും നിർമിക്കാറുണ്ട്. ഇതാണ് തടാകത്തിന്‍റെ പിങ്ക് നിറത്തിന് പിന്നിലെ രഹസ്യവും.

English Summary: Why Senegal's Hot Pink Lake Has Lost Its Rosy Color This Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com