ADVERTISEMENT

2015ൽ ഓസോൺ പാളിയിലുണ്ടായ ഒരു അപൂർവസംഭവത്തെപ്പറ്റി വിവരങ്ങൾ നൽകിയിരിക്കുകയാണു ശാസ്ത്രജ്ഞർ. അന്നേവർഷം ജൂണിൽ വലിയൊരു സൗരപ്രതിഭാസം ഓസോൺ പാളിയിലേക്കു പതിക്കുകയും അതിന്റെ ഫലമായി 400 കിലോമീറ്റർ വീതിയുള്ള ഒരു ഗർത്തം പാളിയിൽ രൂപപ്പെടുകയും ചെയ്തെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം കർണാടക സംസ്ഥാനത്തിന്റെ കിഴക്കുപടിഞ്ഞാറുള്ള വീതിക്കു തുല്യമാണ് ഈ ഗർത്തത്തിന്റെ വീതി. എന്നാൽ ഭാഗ്യവശാൽ അന്തരീക്ഷത്തിന്റെ ഉയർന്ന ഭാഗത്തുള്ള മെസോസ്ഫിയർ മേഖലയിൽ മാത്രമാണ് ഈ ഗർത്തമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 50 മുതൽ 85 കിലോമീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ ഗർത്തം .

 

താഴെയുള്ള സ്ട്രാറ്റോസ്ഫിയർ മേഖലയിലെ ഓസോൺപാളിയിലേക്കാണ് ഈ ഗർത്തം വ്യാപിച്ചിരുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉടലെടുത്തേനെയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയെ അൾട്രാവയലറ്റ് ഉൾപ്പെടെ ഹാനികരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പരിചയാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളി. ഏതായാലും ഭാഗ്യത്തിന് ഈ മേഖലയിലേക്ക് ഗർത്തം കടന്നില്ല. എങ്കിലും സൗരോർജ ആഘാതം മൂലം ഓസോണിൽ ഇത്രയും വലിയൊരു ഗർത്തം ഉടലെടുത്തെന്നത് ചിന്തനീയമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭാവിയിലും ഇത്തരം പ്രതിഭാസങ്ങൾ സംഭവിച്ചാൽ ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും മറ്റ് അനിഷ്ട സംഭവങ്ങളെപ്പറ്റിയും ഇപ്പോഴേ കണക്കു കൂട്ടണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

ധ്രുവപ്രദേശങ്ങളിൽ ഓറോറകൾ (ധ്രുവദീപ്തികൾ) സാധാരണമാണ്. സൂര്യനിൽ നിന്നുള്ള സൗരോർജ കണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രവർത്തിക്കുന്നത് മൂലമാണ് ഇവയുണ്ടാകുന്നത്. ഓറോറ വിഭാഗത്തിൽ ഉൾപ്പെടുന്നതെങ്കിലും സാധാരണ ധ്രുവദീപ്തികളിൽ നിന്നു തുലോം വ്യത്യസ്തമായ ഒരു തരം ഓറോറയായ ഐസലേറ്റഡ് പ്രോട്ടോൺ ഓറോറയാണ് ഓസോണിൽ ദ്വാരത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സാധാരണ ധ്രുവദീപ്തികളെക്കാൾ ചെറുതും പച്ച പൊട്ടുകൾ പോലെ അനുഭവപ്പെടുന്നവയുമാണ് ഇവ.

 

English Summary: Ozone Hole Reaches Largest Size Since 2015, But Shrinking Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com