ADVERTISEMENT

കൊടിയ വിഷം എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ എത്തുന്ന വാക്ക് പൊട്ടാസ്യം സയനൈഡ് എന്നായിരിക്കും. ശരിയാണ്, ലോകത്തി‍ൽ ഏറ്റവും പ്രശസ്തിയുള്ള വിഷം പൊട്ടാസ്യം സയനൈഡാണ്. എന്നാൽ ലോകത്തിൽ ഏറ്റവും മാരകമായ വിഷങ്ങളിലൊന്നായ ബോട്ടുലിനം ടോക്സിൻ നിർമിക്കുന്നത് ഒരു ബാക്ടീരിയയാണ്. ഇതിന്റെ വളരെച്ചെറിയ അളവായ നാനോഗ്രാം ഡോസിൽ പോലും വിഷമുള്ളിൽ ചെന്നാൽ അത് വ്യക്തികളുടെ മരണത്തിനിടയാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജർമനിയിൽ 18ാം നൂറ്റാണ്ടിൽ ഒരു ഭക്ഷ്യവിഷബാധ ഉടലെടുത്തു. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിച്ചതാണ് ഇതിനു വഴിവച്ചത്. ഈ വിഷബാധയ്ക്ക് പിന്നിൽ ബോട്ടുലിനം ടോക്സിനാണെന്ന് പിന്നീട് കണ്ടെത്തി.

കടലിലെ ചില ഷെൽമത്സ്യങ്ങളിൽ‌ കാണപ്പെടുന്ന മൈറ്റോ ടോക്സീനും അപാരതീവ്രതയുള്ള അപകടകരമായ വിഷമാണ്. പഫർ ഫിഷുകളിലും ചിലയിനം നീരാളികളിലുമൊക്കെ കാണപ്പെടുന്ന ടെട്രഡോടോക്സിൻ മറ്റൊരു മാരക വിഷമാണ്. ഇതുള്ളിൽ ചെന്നാൽ ആറു മണിക്കൂറെടുത്താണു മരണം സംഭവിക്കുന്ന. ഇതിനെതിരെ പ്രതിവിധികളൊന്നുമില്ല.ജീവികളിൽ നിന്നുണ്ടാകുന്നവിഷങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ബാട്രാകോടോക്സിൻ. തെക്കൻ അമേരിക്കയിൽ കാണപ്പെടുന്ന ഫൈലോബേറ്റ്സ് വിഭാഗത്തിൽപെടുന്ന വർണത്തവളകളാണ് ഈ വിഷം പുറപ്പെടുവിക്കുന്നത്. ഇവയിൽ നിന്നാണ് ഈ വിഷം തെക്കേ അമേരിക്കയിലെ ആദിമനിവാസികൾ വേർതിരിച്ചെടുത്തത്. രണ്ട് അരിമണിയുടെ വലുപ്പത്തിൽ ഈ വിഷം ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഫൈലോബേറ്റ്സ് തവളകൾ ചില പ്രത്യേകതരം കീടങ്ങളെ ഭക്ഷിക്കുമ്പോഴാണ് അവയ്ക്കുള്ളിൽ ഈ വിഷം ഉടലെടുക്കുന്നതെന്ന് കരുതപ്പെടുന്നു. ഇവയെ കൂട്ടിലാക്കി വളർത്തിയാൽ വിഷം വരികയില്ല. ഈ തവളകളിൽ മാത്രമല്ല, പാപ്പുവ ന്യൂഗിനിയിൽ കാണപ്പെടുന്ന ചില പിറ്റോഹ്യി എന്നറിയപ്പെടുന്ന ചില പ്രത്യേകയിനം പക്ഷികളിലും വിഷം ഉടലെടുക്കാറുണ്ട്. ഇവയും തവളകൾ തിന്നുന്ന അതേ കീടങ്ങളെ തിന്നുന്നവയാണ്.

പ്രകൃതിയിൽ കാണപ്പെടുന്ന മറ്റൊരു മാരക വിഷമായ റൈസിൻ കാസ്റ്റർ ഓയിൽ പ്ലാന്റുകളുടെ കുരുവിൽ നിന്ന് ലഭിക്കുന്നതാണ്. വായിലൂടെ അകത്തുപോയി മരണം സംഭവിക്കാൻ വലിയ ഡോസ് വേണമെങ്കിലും ഇൻജക്‌ഷൻ വഴി ഉള്ളിൽ ചെന്നാൽ ചെറിയ അളവു കൊണ്ട് പെട്ടെന്ന് തന്നെ മരണം സംഭവിക്കും. യൂറോപ്പിലും പല രാഷ്ട്രീയ കൊലപാതകങ്ങളിലും വാടകക്കൊലയാളികൾ റൈസിൻ ഇൻജക്‌ഷൻ ഉപയോഗിച്ചതായുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു.

 

English Summary:  Why Are Botulinum Neurotoxin-Producing Bacteria So Diverse and Botulinum Neurotoxins So Toxic?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com