ഇന്ദിര പറഞ്ഞു: ‘ഗുജറാത്തിന്റെ സിംഹം’ വേണ്ട, ഇന്ത്യയ്ക്ക് കടുവ മതി; 1972ൽ സംഭവിച്ചതെന്ത്?
Mail This Article
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ, ദേശീയ ചിഹ്നങ്ങൾക്കായുള്ള അന്വേഷണം നടക്കുന്ന സമയം. ദേശീയ മൃഗം എന്താകണമെന്നുള്ള ചർച്ചയിൽ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു മുന്നിലെത്തിയത് സിംഹത്തിന്റെ പേരായിരുന്നു. അതും ഗുജറാത്തിലെ ഗീർ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഇനത്തിന്റെ (ഏഷ്യാറ്റിക് ലയൺ) പേര്. ഗുജറാത്ത് നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയായിരുന്നു സിംഹത്തിനു വേണ്ടി ശക്തമായി വാദിച്ചു മുന്നോട്ടു വന്നത്. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളുടെ ആധിപത്യമുള്ള സൊസൈറ്റി കൂടിയായിരുന്നു അത്. അതിനാൽത്തന്നെ സമ്മർദത്തിന്റെ ‘ഗർജനം’ ശക്തവുമായിരുന്നു. എന്നാൽ രാഷ്ട്രീയത്തേക്കാൾ നെഹ്റുവിനെ ചിന്തിപ്പിച്ചത് ‘ഗീർ സിംഹ’ങ്ങളുടെ അപ്പോഴത്തെ അവസ്ഥയായിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രം കാണപ്പെടുന്ന മൃഗം. അവിടെ അവ ഇല്ലാതായാൽ പിന്നെ ലോകത്തുനിന്നുതന്നെ മാഞ്ഞു പോകുന്ന അവസ്ഥ. സിംഹങ്ങളെ സംരക്ഷിച്ചേ മതിയാകൂ. അതിനു ദേശീയ മൃഗം എന്ന പദവി സഹായകരമാകും. അങ്ങനെ സിംഹം ദേശീയ മൃഗമാകുകയും ചെയ്തു. എന്നാൽ 24 വർഷത്തിനിപ്പുറം, 1972 നവംബർ 18ന്, സിംഹത്തിന് ദേശീയ മൃഗമെന്ന പദവി നഷ്ടമായി. അതു കടുവ സ്വന്തമാക്കി. വെറും കടുവയല്ല, റോയൽ ബംഗാൾ കടുവ. പേരിൽ ബംഗാളുണ്ടെങ്കിലും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ട്. എഴുപതുകളിൽത്തന്നെ അവയുടെ എണ്ണത്തിൽ ആശങ്കജനകമാംവിധം ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. കടുവയെ സംരക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു മുന്നിലും ഇതു സംബന്ധിച്ച നിർദേശങ്ങൾ വന്നു. സിംഹത്തിന് ദേശീയ മൃഗ പദവി നഷ്ടമാകുകയാണെന്ന് ‘ഗുജറാത്ത് ലോബി’യും തിരിച്ചറിഞ്ഞു. എന്നാൽ അവരുടെ വാദം ഇത്തവണ വിലപ്പോയില്ല. കടുവയെ ദേശീയ മൃഗമായി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചു. പ്രോജക്ട് ടൈഗർ എന്ന പദ്ധതിയിലൂടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങളും അതോടെ ഊർജിതമായി. ഇപ്പോൾ, കടുവ ദേശീയ മൃഗമായി അൻപതു വർഷം തികഞ്ഞിരിക്കുന്നു. വെറുമൊരു മൃഗവിഷയം മാത്രമായിരുന്നില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ കടുവയുടെ ‘ദേശീയാമൃഗാരോഹണം’. അതിനു പിന്നിൽ പാർട്ടി രാഷ്ട്രീയവും പരിസ്ഥിതി പ്രശ്നങ്ങളും ഒരുപോലെയുണ്ട്. എന്തായിരുന്നു അത്? രാഷ്ട്രീയപ്പക വീട്ടാനുള്ള അവസരമായിട്ടാണോ ഇന്ദിര ഗാന്ധി കടുവയെ ദേശീയ മൃഗമാക്കിയത്? ഒരു വിഭാഗം രാഷ്ട്രീയക്കാരെങ്കിലും അങ്ങിനെ ചിന്തിക്കുന്നുണ്ട്.