യുപിയിൽ എലികൾ തിന്നത് 200 കിലോ കഞ്ചാവ്; ആക്രമണത്തെക്കുറിച്ച് പൊലീസിന്റെ വെളിപ്പെടുത്തൽ
Mail This Article
ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 200 കിലോയിലധികം കഞ്ചാവ് എലി തിന്നെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ പ്രത്യേക നാർകോട്ടിക് കോടതിയിലാണ് കഞ്ചാവിനു മേൽ എലികൾ ആക്രമണം നടത്തുന്നതിനെക്കുറിച്ച് പൊലീസ് വെളിപ്പെടുത്തൽ നടത്തിയത്. ലഹരി പിടിച്ച കേസിൽ കോടതി തെളിവു ചോദിച്ചപ്പോഴാണ് 185 കിലോ കഞ്ചാവ് എലികൾ നശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചത്. ഏകദേശം 60 ലക്ഷത്തോളം രൂപയാണ് ഇത്രയും കഞ്ചാവിന്റെ വില.
പൊലീസിന്റെ വാദം കേട്ട കോടതി കഞ്ചാവ് എലികൾ നശിപ്പിച്ചു എന്നുള്ളതിന് നവംബർ 26നു തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടു.386 കിലോഗ്രാം കഞ്ചാവുൾപ്പെട്ട മറ്റൊരു കേസിലും എലികൾ കഞ്ചാവിന്റെ ചെറിയൊരു ഭാഗം ഭക്ഷിച്ചതായി പൊലീസ് പറഞ്ഞെന്നും ജഡ്ജി സഞ്‌ജയ് ചൗധരി വെളിപ്പെടുത്തി. മഥുര ജില്ലയിൽ പിടിച്ചെടുത്ത 700 കിലോഗ്രാം കഞ്ചാവ് പല പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും ഇവയും എലികളുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ജഡ്ജി പറഞ്ഞു.
ചെറിയ ജീവികളായ എലികളെ നിയന്ത്രിക്കാനോ പ്രശ്നപരിഹാരത്തിനോ ലോക്കൽ പൊലീസിന് വൈദഗ്ധ്യമില്ലെന്നറിയിച്ച ജഡ്ജി, കഞ്ചാവും മറ്റും പിടിച്ചെടുത്ത ശേഷം ഇവ ലേലം ചെയ്ത് ഔഷധനിർമാണ സ്ഥാപനങ്ങൾക്കും ലബോറട്ടറികൾക്കും നൽകുകയാണ് നല്ല മാർഗമെന്നും അറിയിച്ചു. എന്നാൽ മഥുര ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ, തന്റെ അധീനതയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവിന് മഴമൂലം നാശമുണ്ടാകുന്നുണ്ടെന്നും എലികൾ നശിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അറിയിച്ചു.
2017ൽ ബിഹാറിലുള്ള പൊലീസ് ഉദ്യോഗസ്ഥർ, തങ്ങൾ പിടിച്ചെടുത്ത ലിറ്ററുകണക്കിന് മദ്യം എലികൾ കുടിച്ചുതീർത്തതായി പറഞ്ഞിരുന്നു. 2021ൽ യുപിയിലെ ഏറ്റ ജില്ലയിൽ 35 ലക്ഷം രൂപയോളം വിലയുള്ള, പിടിച്ചെടുത്ത മദ്യവും എലികൾ കുടിച്ചതായി പൊലീസ് വെളിപ്പെടുത്തി. 1400 കാർട്ടനുകളിലായാണ് ഈ മദ്യം സൂക്ഷിച്ചിരുന്നത്. 2018ൽ അസമിൽ ഒരു എടിഎം മെഷീൻ നന്നാക്കാനായി എത്തിയ ടെക്നീഷ്യൻമാർ പന്ത്രണ്ടു ലക്ഷം രൂപയുടെ നോട്ടുകൾ എലികൾ കരണ്ടു നശിപ്പിച്ചതായി കണ്ടെത്തി.
English Summary: Uttar Pradesh: Rats ate 200kg marijuana, Mathura cops tell court