ADVERTISEMENT

യുഎസിലെ ഫ്ലോറിഡയിലെ ഡേയ്ടോണ ബീച്ചിൽ ചുഴലിക്കാറ്റിനെത്തുടർന്ന് മണൽ മാറിയതിനെത്തുടർന്ന് തെളിഞ്ഞത് ദുരൂഹഘടന. ഇതു കണ്ടെത്തിയവർ ഘടനയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഇതെന്താണെന്നതു സംബന്ധിച്ച് വലിയ ചർച്ചകൾ ഉയർന്നു. ഇതൊരു പഴയകാല കപ്പലിന്റെ ഭാഗമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് വിദഗ്ധർ ഇപ്പോൾ. ഫ്ലോറിഡയിലെ ഫ്രാങ്ക് റെൻഡൻ പാർക്കിന് തെക്കുവശത്തായാണു തടികൊണ്ടുള്ള ഘടന തെളിഞ്ഞുവന്നത്. 

പതിറ്റാണ്ടുകളായി ഇതു മണലിൽ പുതഞ്ഞു കിടക്കുകയായിരുന്നെന്നു കരുതപ്പെടുന്നു. ഇതിനു മുകളിലൂടെ ബീച്ചിൽ വരുന്നവർ നടന്നുകൊണ്ടിരുന്നെങ്കിലും മണലിൽ പുതഞ്ഞു കിടന്നതിനാൽ അറിയുന്നുണ്ടായിരുന്നില്ല. മേഖലയിൽ ആഞ്ഞടിച്ച ഇയാൻ, നിക്കോൾ എന്നീ ചുഴലിക്കാറ്റുകളുടെ പ്രവർത്തനഫലമായിട്ടാണ് മണൽത്തിട്ട മാറി ഘടന പുറത്തു വന്നത്. എൺപത് അടിയോളം നീളമുണ്ട് ഈ ഘടനയ്ക്ക്. ഫ്ലോറിഡയിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ മേഖല സന്ദർശിക്കുകയും ഇത് 1800ൽ സംഭവിച്ച ഒരു കപ്പൽ ചേതത്തിൽ ഉൾപ്പെട്ട കപ്പലിന്റെ അവശിഷ്ടമാണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഏതു കപ്പലാണിതെന്നും ഏതു വർഷമാണ് ഇതു മുങ്ങിയതെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല.

 

ഈ കപ്പൽ കുഴിച്ചെടുക്കാനുള്ള ശ്രമങ്ങൾ പുരാവസ്തു വകുപ്പ് തുടങ്ങിയിട്ടുണ്ട്.കാലപ്പഴക്കം ഏറെയുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ് ഉത്ഖനനം നടത്തുന്നത്. ഫ്ലോറി‍ഡ തീരത്ത് മുൻപും ഇത്തരം അപൂർവ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴി‍ഞ്ഞ നവംബറിൽ 40,000 യുഎസ് ഡോളർ (ഏകദേശം 30 ലക്ഷത്തോളം ഇന്ത്യൻ രൂപ) വിലയുള്ള ഒരു വജ്രമോതിരം കണ്ടെത്തിയിരുന്നു. ജോസഫ് കുക്ക് എന്നയാൾക്കാണ് ഈ മോതിരം ലഭിച്ചത്. ഈ മോതിരം സ്വന്തമാക്കാനോ വിൽക്കാനോ കുക്ക് ശ്രമിച്ചില്ല. മറിച്ച്, ഇതിന്റെ യഥാർഥ ഉടമസ്ഥനെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ ചിത്രമടക്കം പോസ്റ്റ് ചെയ്തു. തുടർന്ന് യഥാർഥ അവകാശി കുക്കിനെ സമീപിക്കുകയും മോതിരം ഏറ്റുവാങ്ങുകയും ചെയ്തു.

 

English Summary: Mysterious debris on Florida beach unearthed by Hurricane Nicole likely a shipwreck, archaeologists say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com