ഒടിഞ്ഞ നട്ടെല്ലുമായി തിമിംഗലം നീന്തിയത് 5000 കിലോമീറ്ററുകൾ; അദ്ഭുതമെന്ന് സമുദ്ര ഗവേഷകർ
Mail This Article
സ്വാഭാവികമായി ചലിക്കാനാവാത്ത വിധം ശരീരത്തിൽ സാരമായ പരുക്കേറ്റിട്ടും അതിനെയെല്ലാം മറികടന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ നീന്തിക്കടന്ന് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മൂൺ എന്ന തിമിംഗലം. ഒടിഞ്ഞ നട്ടെല്ലുമായി ബ്രിട്ടിഷ് കൊളംബിയയിൽ നിന്നും ഹവായിയിലേക്ക് 5000 കിലോമീറ്റർ നീളുന്ന ദേശാടനമാണ് മൂൺ എന്ന തിമിംഗലം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ മൂണിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിമിംഗലത്തിന്റെ വാലിനോട് ചേർന്ന ഭാഗത്താണ് ക്ഷതമേറ്റത്. ഇതുമൂലമുണ്ടായ ശാരീരിക മാറ്റം പുറമേ നിന്ന് കാണാനാവും. ബോട്ടിലിടിച്ചുണ്ടായ അപകടമാവാം മൂണിന്റെ നട്ടെല്ലിന് പരുക്കേൽക്കാനുള്ള കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. മൂൺ ദേശാടനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെ അതിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഗവേഷകർ. എന്നാൽ കഴിഞ്ഞദിവസം എല്ലാ ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് തിമിംഗലം തന്റെ ദേശാടനം പൂർത്തിയാക്കി. ഒരു പതിറ്റാണ്ടായി ഗവേഷകർ നിരീക്ഷിച്ചുവരുന്ന തിമിംഗലങ്ങളിലൊന്നാണ് മൂൺ.
ഹവായ്‌യിൽ നീന്തിയെത്തിയെങ്കിലും ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് ഇനി തിമിംഗലത്തിന് സഞ്ചരിക്കാൻ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ ഏഴാം തീയതിയാണ് ഫിൻ ഐലൻഡ് റിസർച്ച് സ്റ്റേഷനിലെ ഗവേഷകർ ഒടിവുമൂലം 'എസ് ' ആകൃതിയിലുള്ള നട്ടെല്ലുമായി നീന്തിനീങ്ങുന്ന മൂണിനെ കണ്ടെത്തിയത്. പിന്നീടിങ്ങോട്ട് ഡ്രോൺ ഉപയോഗിച്ച് തിമിംഗലത്തിനെ നിരീക്ഷിച്ചുവരികയായിരുന്നു. അങ്ങേയറ്റം വേദന സഹിച്ചാകും തിമിംഗലം ദേശാടനം പൂർത്തിയാക്കിയത്. സ്വാഭാവിക രീതിയിൽ വാൽ ഉപയോഗിച്ച് നീന്താനാവാത്തതിനാൽ തിമിംഗലം ഏറെ കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ട്. എന്നാൽ മൂണിന്റെ കൃത്യമായ വലുപ്പം ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല. നാധാരണ ഗതിയിൽ ഹംപ്ബാക്ക് ഇനത്തിൽപ്പെട്ട പെൺ തിമിംഗലങ്ങൾ 49 അടി നീളത്തിൽ വരെ വളരാറുണ്ട്. 35 ടണ്ണിനടുത്ത് ഭാരവും കാണും. കഴിഞ്ഞ 10 വർഷമായി പതിവായി ദേശാടനം നടത്തിയിരുന്ന അതേ പാതയിലൂടെയാണ് ഇത്തവണയും മൂൺ നീന്തിയത്.
പക്ഷേ ഒരിക്കൽ കൂടി ഇത്രയും ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യം തീർച്ചയായും തിമിംഗലത്തിനുണ്ടാവില്ലെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. കഠിന വേദനയിൽ നിന്ന തിമിംഗലത്തെ രക്ഷിക്കാൻ ദയാവധം നൽകുന്ന കാര്യവും ആലോചിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ വിഷം കുത്തിവച്ച് തിമിംഗലത്തെ കൊല ചെയ്താൽ അതിന്റെ ജഡം ഭക്ഷണമാക്കുന്ന സമുദ്രജീവികൾക്ക് അത് ഹാനികരമാകുമോ എന്നാണ് ആശങ്ക. തിമിംഗലത്തിന്റെ ഈ ദുരവസ്ഥ കണ്ടിട്ടും ഇടപെടാനാവാത്തതാണ് ഏറെ വേദനാജനകമായ കാര്യമെന്ന് ബ്രിട്ടിഷ് കൊളംബിയ വെയിൽസ് എന്ന സംഘടനയുടെ സിഇഒ ആയ ജാനി റേ പറയുന്നു.
ഓരോ വർഷവും കപ്പലിടിച്ചുണ്ടാവുന്ന അപകടങ്ങളെ തുടർന്ന് 20,000 തിമിംഗലങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. സ്കൂളുകളുള്ള മേഖലകളിൽ വാഹനങ്ങൾ വേഗത കുറയ്ക്കണമെന്ന നിയമം പോലെ സമുദ്രത്തിൽ തിമിംഗലങ്ങൾ ധാരാളമായുള്ള മേഖലകൾ തിരിച്ചറിഞ്ഞ് അവിടങ്ങളിൽ കപ്പലുകൾ വേഗത നിയന്ത്രിക്കാൻ ശ്രമിക്കുകയെന്നത് മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും ജാനി റേ വിശദീകരിച്ചു.
English Summary: Moon the humpback whale completes 5,000km journey – with a broken back