മാംസത്തിന്റെ മണമുള്ള ലോട്ടറി; വംശനാശം അരികെ, സംസ്ഥാന മൃഗവും ‘മുങ്ങിമറയുന്നു’
Mail This Article
ഉക്രുൽ- ഷിരൂയി ലില്ലിപ്പൂക്കൾ നിറഞ്ഞ വടക്കു കിഴക്കൻ മണിപ്പൂരിലെ മനോഹര പർവത നിരകളുള്ള നാട്. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടം. അപൂർവ ഇനം ജീവികളും സസ്യങ്ങളും നിറഞ്ഞ വനമേഖല. മഞ്ഞു വീഴുന്ന താഴ്‌വരകൾ. എന്നാൽ ഇപ്പോൾ ഉക്രുൽ ശ്രദ്ധ നേടുന്നത് ഈ പ്രകൃതി സൗന്ദര്യം കൊണ്ടല്ല. ഉക്രുൽ വനമേഖലയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. ഉക്രുലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ‘ഭാഗ്യക്കുറി’ ഇടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണു ഉയരുന്നത്. ഭാഗ്യാന്വേഷികൾക്ക് ഓഫർ ചെയ്യുന്ന സമ്മാനങ്ങളാണു നടത്തിപ്പുകാരെ പ്രതിസ്ഥാനത്ത് നിർത്തുന്നത്. അപൂർവ ഇനങ്ങളിൽപ്പെട്ട വന്യമൃഗങ്ങളുടെ മാംസമാണ് മുഖ്യ സമ്മാനം. ചിലപ്പോൾ ഇവയെ ജീവനോടെയും നൽകുന്നു. നരിച്ചീറുകൾ, മാനുകൾ, കാട്ടുപന്നികൾ, ബിന്റുറോങ് (ബിയർ ക്യാറ്റ്), മലയണ്ണാൻ തുടങ്ങിയവയുടെയും ബ്ലിത്‌സ് ട്രാഗോപാൻ, ഗ്രേ സൈഡഡ് ട്രഷ് തുടങ്ങിയ അപൂർവ ഇനം പക്ഷികളുടെയും നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ സംസ്ഥാന പക്ഷിയാണ് ബ്ലിത്‌സ് ട്രാഗോപാൻ. ഹിമാലയൻ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. സിന്ദൂര കൊമ്പൻ ഫെസന്റ് എന്നും ഇവ അറിയപ്പെടുന്നു. ഇടതൂർന്ന അടിക്കാടുകളും മുളങ്കൂട്ടങ്ങളുമുള്ള, ഈർപ്പമുള്ള, ഓക്ക്, റോഡോഡെൻഡ്രോൺ വനങ്ങളിലാണ് ഇവ വസിക്കുന്നത്. എന്നാൽ വേട്ടയാടലിലൂടെയും ആവാസവ്യവസ്ഥയുടെ നാശത്തിലൂടെയും ഇവയുടെ എണ്ണം ഭൂമിയിൽ കുറഞ്ഞു വരികയാണ്. ഇറച്ചിക്കു വേണ്ടി ഇങ്ങനെ വേട്ടയാടിയാൽ താമസിക്കാതെത്തന്നെ ഇവ ഇല്ലാതാകുമെന്ന പേടിയിലാണു പരിസ്ഥിതി പ്രവർത്തകർ.