വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിന് 25.14 കോടി
Mail This Article
തമിഴ്നാടിന്റെ സംസ്ഥാന മൃഗമായ വരയാടുകളെ സംരക്ഷിക്കാൻ 25.14 കോടി ചെലവിൽ പദ്ധതി രൂപീകരിച്ചു സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട വരയാടുകളെ സംരക്ഷിക്കാൻ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് ‘പ്രോജക്ട് നീലഗിരി തഹർ’ എന്നാണു പേരിട്ടിരിക്കുന്നത്. 5 വർഷം ദൈർഘ്യമുള്ള പദ്ധതി വഴി വരയാടുകളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുകയാണു ലക്ഷ്യം.
റേഡിയോ കോളറിങ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വരയാടുകളുടെ കണക്കെടുപ്പു നടത്താനും നശിച്ചു പോയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. വരയാട് സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ എല്ലാ വർഷവും ഒക്ടോബർ 7 വരയാട് ദിനമായി ആചരിക്കാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നീലഗിരി കുന്നുകളിലും കേരളത്തിലും തമിഴ്നാട്ടിലുമായി പടർന്നു കിടക്കുന്ന പശ്ചിമഘട്ട മേഖലയിലെ മഴക്കാടുകൾ കേന്ദ്രീകരിച്ചുമാണു വരയാടുകളുടെ ആവാസം.
English Summary: Tamil Nadu launches project to protect Nilgiri Tahr, its State Animal