അലാസ്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക്; പക്ഷി നിർത്താതെ പറന്നത് 13000 കിലോമീറ്റർ, റെക്കോർഡ്
Mail This Article
നൂറുകണക്കിന് കിലോമീറ്റർ നിർത്താതെ പറന്ന് അമ്പരപ്പിക്കുന്നതിൽ വിദഗ്ധരാണ് ബാർ ടെയ്ൽഡ് ഗോഡ്‌വിറ്റ് ഇനത്തിൽപ്പെട്ട പക്ഷികൾ. ഇപ്പോഴിതാ ഏറ്റവും അധികം ദൂരം നിർത്താതെ പറന്ന് ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇതേ ഇനത്തിൽപ്പെട്ട ഒരു പക്ഷി. ഒന്നും രണ്ടുമല്ല 13,560 കിലോമീറ്റർ ദൂരമാണ് ഈ പക്ഷി ഒറ്റയടിക്ക് പറന്നത്. അലാസ്കയിൽ നിന്നും ഓസ്ട്രേലിയലിലെ ടാസ്മാനിയയിലേക്കായിരുന്നു ഈ ദീർഘദൂര പറക്കൽ.
234684 എന്ന റ്റാഗ് നൽകിയിരിക്കുന്ന പക്ഷിയാണ് റെക്കോർഡ് നേടിയത്. സഞ്ചാരത്തിനിടെ ഒരിക്കൽ പോലും വിശ്രമിക്കാനോ ഇര തേടാനോ വേണ്ടി പക്ഷി എവിടെയും ഇറങ്ങിയില്ല. ഇത്രയും ദൂരം സഞ്ചരിക്കാൻ 11 ദിവസവും അതിന് വേണ്ടി വന്നു. പക്ഷി പറന്ന ആകെ ദൂരം കണക്കാക്കിയാൽ ഭൂമിയുടെ ചുറ്റളവിന്റെ മൂന്നിലൊന്ന് ഭാഗം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2022 ഒക്ടോബർ 13 നായിരുന്നു പക്ഷി ദേശാടനം ആരംഭിച്ചത്. സാറ്റ്‌ലെറ്റ് ടാഗ് ഉപയോഗിച്ച് യാത്രയിൽ ഉടനീളം ഗവേഷകർ അതിനെ നിരീക്ഷിക്കുകയും ചെയ്തു.
അഞ്ചുമാസമാണ് ഈ ഗോഗ്‌വിറ്റിന്റെ പ്രായം. 2020ൽ ഇതേ ഇനത്തിൽപ്പെട്ട മറ്റൊരു പക്ഷി സ്ഥാപിച്ച റെക്കോർഡാണ് 234684 ഭേദിച്ചിരിക്കുന്നത്. എന്നാൽ നിർത്താതെയുള്ള ഈ പറക്കൽ പക്ഷിയുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. പകലും രാത്രിയും നിർത്താതെ പറന്നതോടെ അതിന്റെ ശരീരഭാരം പകുതിയിലേറെ താഴ്ന്നതായി ബേർഡ്‌ലൈഫ് ടാസ്മാനിയ എന്ന സംഘടനയിലെ എറിക് വോഹ്‌ലർ പറയുന്നു. ബാർ ടെയ്ൽഡ് ഗോ‍്‌വിറ്റുകളുടെ ദേശാടനം പലപ്പോഴും അവയ്ക്ക് ജീവഹാനി ഉണ്ടാവുന്നതിലേക്കും വഴിവയ്ക്കാറുണ്ട്.
അവയുടെ കാലുകൾ ജലോപരിതലത്തിൽ ഉറച്ചു നിർത്താൻ സാധിക്കുന്ന തരത്തിലുള്ളതല്ല. ദേശാടനത്തിനിടെ ശരീരം തളരുകയോ കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നതുമൂലം സമുദ്ര ഭാഗത്തുവച്ച് നിലത്തിറങ്ങേണ്ടി വന്നാൽ അവയുടെ ജീവൻ നഷ്ടപ്പെടുകയാണ് പതിവ്. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചാണ് പക്ഷി സാഹസിക ദേശാടനം നടത്തി റെക്കോർഡ് നേടിയിരിക്കുന്നത്. സാധാരണയായി ഇവ അലാസ്കയിൽ നിന്നും ന്യൂസീലൻഡിലേക്കാണ് ദേശാടനം നടത്തുന്നത്. റെക്കോർഡ് നേടിയ പക്ഷി സഞ്ചാരപഥത്തിലും വ്യത്യസ്തത പുലർത്തി.
English Summary: Bird Flies From Alaska To Australia Without Stopping, Breaks World Record