ADVERTISEMENT

ജീവിതത്തില്‍ വിജയം കൈവരിക്കാൻ ഭാഗ്യം കൂടി വേണമെന്നു കരുതുന്നവരാണ് പലരും. അങ്ങനെ ഭാഗ്യത്തെ സ്വന്തമാക്കാനായി പല വിദ്യകളും പരീക്ഷിക്കാറുമുണ്ട്. അത്തരത്തിൽ ഭാഗ്യം നേടാന്‍ ചെയ്ത കാര്യം ദൗര്‍ഭാഗ്യത്തില്‍ കലാശിച്ച് കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ് ഒരു ചൈനീസ് യുവതി. ഭാഗ്യം നേടിത്തരുമെന്ന വിശ്വാസത്തില്‍ ആയിരക്കണക്കിന് കിലോഗ്രാം മത്സ്യങ്ങളെ തടാകത്തില്‍ നിക്ഷേപിച്ചതോടെയാണ് യുവതിയുടെ ഭാഗ്യദോഷം ആരംഭിച്ചത്.

ഭാഗ്യം കടാക്ഷത്തിനായി 12.5 ടണ്‍(11,339.81 കിലോഗ്രാം) തൂക്കം വരുന്ന ക്യാറ്റ് ഫിഷുകളെ(മുഷി)യാണ് യുവതി ഒരു തടാകത്തിലേക്ക് നിക്ഷേപിച്ചത്. 90,000 യുവാന്‍ (ഏതാണ്ട് 10.8 ലക്ഷം) വില വരുന്ന മത്സ്യങ്ങളെ ബുദ്ധമത വിശ്വാസപ്രകാരമാണ് യുവതി തടാകത്തിലിട്ടത്. എന്നാല്‍ ചെളിയില്‍ ജീവിക്കുന്ന മുഷികളെ ശുദ്ധജല തടാകത്തിലിട്ടത്തോടെ അവ കൂട്ടത്തോടെ ചത്തുപൊങ്ങുകയായിരുന്നു. ഇതോടെ യുവതിക്കെതിരെ പൊതുതാത്പര്യ പ്രകാരം പരാതിയെടുത്തിരിക്കുകയാണ് അധികൃതര്‍. 

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളെയും മറ്റ് ജീവികളെയും അടിമത്തത്തിൽ നിന്ന് സ്വതന്ത്രമാക്കുകയെന്ന ഒരു ആചാരമുണ്ടായിരുന്നു. ഇങ്ങനെ കൂട്ടിലിടുന്ന ജീവികളെ തുറന്നു വിട്ടാൽ അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇപ്രകാരം ചൈനയിലെ ജിങ്സ്വ പ്രവിശ്യയിലെ തടാകത്തിലാണ് യുവതി മുഷികളെ സ്വതന്ത്രമാക്കിയത്. എന്നാല്‍ ശുദ്ധജലത്തില്‍ അതിജീവിക്കാനാകാതെ മത്സ്യൾ ചത്തുപൊങ്ങുകയായിരുന്നു. ഇതോടെ അധികൃതര്‍ ഇടപെട്ട് തടാകം വൃത്തിയാക്കേണ്ടി വന്നു. ഏതാണ്ട് പത്തു ദിവസങ്ങളെടുത്താണ് ചത്ത മത്സ്യങ്ങളെ തടാകത്തില്‍ നിന്നു നീക്കം ചെയ്തത്. ഭാഗ്യം സ്വന്തമാക്കാൻ ചെയ്ത പ്രവർത്തി ദൗർഭാഗ്യമായി മാറിയതോടെ യുവതിക്ക് കോടതി കയറേണ്ടി വന്നു. 

ചങ്ഴ്സു സിറ്റിയിലെ കോടതിയിലാണ് ഇതിന്റെ കേസ് നടന്നത്. യുവതിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാത്രമല്ല യുവതി നല്ലതെന്ന് കരുതി ചെയ്ത പ്രവര്‍ത്തി സഹജീവികളോടുളള ക്രൂരതയാണെന്നും ഇതുമൂലം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടായെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം ക്യാറ്റ് ഫിഷ് വിലകുറഞ്ഞ മത്സ്യമായതിനാലാണ് അതിനെ വാങ്ങിയതെന്നും ചെയ്ത തെറ്റിന്റെ വ്യാപ്തി തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. 

മുൻപും സമാനസംഭവങ്ങള്‍ ചൈനയിലുണ്ടായിട്ടുണ്ട്. ലിയു എന്ന മത്സ്യവ്യാപാരി ഇതുപോലെ മത്സ്യങ്ങളെ തടാകത്തില്‍ കൊണ്ടിട്ട് ഒടുവില്‍ നിയമക്കുരുക്കില്‍ അകപ്പെടുകയുണ്ടായി. മറ്റൊരു വ്യക്തി മത്സ്യങ്ങള്‍ക്കു പുറമെ കടലാമകളെയും ഇതുപോലെ ശുദ്ധജലത്തില്‍ കൊണ്ടിട്ടിരുന്നു. ഇത്തരത്തില്‍,  നിലവില്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് തുറന്നുവിടുന്ന ജീവികള്‍ പലപ്പോഴും ചത്തുപോവുകയോ പ്രകൃതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് വെല്ലുവിളിയാവുകയോയാണ് ചെയ്യുന്നതെന്ന കാര്യവും കോടതി വ്യക്തമാക്കി.

English Summary: Chinese Woman Sued For Dumping Exotic Catfish In Lake For 'good Luck'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com