ADVERTISEMENT

ശൈത്യകാലത്തെ കൊടും തണുപ്പ് അതിശയകരമായ പല പ്രതിഭാസങ്ങളും സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും ഉത്തരധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന അലാസ്ക, കാനഡ, സൈബീരിയ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍. ഇവയിലൊന്നാണ് കൊടും തണുപ്പിലും കടലില്‍ നിന്നുയരുന്ന നീരാവിയും ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന കടല്‍ മഞ്ഞും തീരത്തെത്തുമ്പോഴേക്കും മഞ്ഞായി മാറുന്ന തിരമാലയുമെല്ലാം. മുന്‍പ് ഈ പ്രതിഭാസങ്ങളെല്ലാം ശാസ്ത്രത്തിനു പോലും അസ്വഭാവികമായി തോന്നിയിരുന്നുവെങ്കിലും ഇന്നിവയ്ക്കു പിന്നിലുള്ള രഹസ്യങ്ങളെല്ലാം തന്നെ കണ്ടെത്തി കഴിഞ്ഞു.

കൊടും തണുപ്പിലെ നീരാവി

താപനില മൈനസ് 40 ഡിഗ്രിയില്‍ നില്‍ക്കുമ്പോഴും കടലില്‍നിന്നു നീരാവി ഉയരുന്നതെങ്ങനെയെന്നു സംശയം തോന്നുക സ്വാഭാവികമാണ്. ഇതിനു കാരണം കടലിലെ താപനിലയാണ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയുള്ളപ്പോഴും അന്തരീക്ഷ താപനില തീരെ കുറഞ്ഞു നില്‍ക്കുമ്പോഴും ഇവ രണ്ടും കടലിന്‍റെ സ്വാഭാവിക താപനിലയില്‍ വലിയ മാറ്റം വരുത്താറില്ല. ഫ്രീസിങ് പോയിന്‍റിനു താഴെ അന്തരീക്ഷ താപനില എത്തിനില്‍ക്കുമ്പോഴും കടല്‍ വെള്ളത്തിന്‍റെ താപനില ഇതിലും ഏറെ ഉയരത്തിലായിരിക്കും. അതുകൊണ്ട് തന്നെ നീരാവിയും ഉൽപാദിപ്പിക്കപ്പെടും. പക്ഷെ ചൂടുള്ള സമയത്തു നിന്നു വ്യത്യസ്തമായി ഈ നീരാവി നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കും എന്നുമാത്രം.

കടല്‍ മഞ്ഞ്

കൊടും തണുപ്പില്‍ കാണപ്പെടുന്ന മറ്റൊരു പ്രതിഭാസമാണ് കടല്‍ മഞ്ഞ്. തണുപ്പ് കാലത്ത് കടലില്‍നിന്നു രൂപപ്പെടുന്ന നീരാവിയാണ് അധികം വൈകാതെ തന്നെ ഈ മഞ്ഞായി മാറുന്നത്. ഇങ്ങനെയാണ് നീരാവിയെ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കുന്നതും. കടലില്‍ നിന്നു നീരാവിയായി ഉയരുമെങ്കിലും അന്തരീക്ഷ താപനില ഫ്രീസങ് പോയിന്‍റിലും താഴെയായതിനാല്‍ ഏറെ നേരം ആവി രൂപത്തില്‍ തുടരാന്‍ ജലത്തിനു കഴിയില്ല. അതിനാൽ വൈകാതെ ഈ നീരാവി തണുത്തുറഞ്ഞു ജലകണികകളായി അന്തരീക്ഷത്തില്‍ തുടരും. ഇവയാണ് മഞ്ഞിന്‍റെ രൂപത്തില്‍ കടലിനു തൊട്ടു മുകളില്‍ കാണപ്പെടുന്നതും കടല്‍ മഞ്ഞ് എന്നു പേരു നല്‍കി വിളിക്കുന്നതും.

കടലില്‍ മാത്രമല്ല വലുപ്പമേറിയ തടാകങ്ങളിലും സമാനമായ പ്രതിഭാസം കാണാറുണ്ട്. കടല്‍ മഞ്ഞിനു തുല്യമായ മറ്റൊരു പ്രതിഭാസമാണ് തിരമാലകളിലെ മഞ്ഞും. നിരാവി മഞ്ഞായി മാറുന്നതിനു സമാനമായ പ്രവര്‍ത്തിയാണ് തിരമാലയും തീരത്തോടടുക്കുമ്പോള്‍ മഞ്ഞു കട്ടകളായി മാറുന്നതും. കടലിലെ താപനില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തിരമാലകള്‍ രൂപപ്പെടുന്നതിനെ കൊടും തണുപ്പു ബാധിക്കാറില്ല. എന്നാല്‍ഈ തിരമാലകള്‍ തീരത്തോട് അടുക്കുമ്പോഴേക്കും കരയില്‍നിന്നും അന്തരീക്ഷത്തില്‍ നിന്നുമുള്ള തണുപ്പ് തിരമാലകളെ ബാധിക്കുകയും തീരത്തെത്തുമ്പോഴേക്കും ഇവയെ മഞ്ഞു കട്ടകളായി മാറ്റുകയും ചെയ്യും. ഇങ്ങനെ മഞ്ഞു കട്ടകള്‍ നിറഞ്ഞ തിരമാലകളെ സ്ലഷി വേവ്സ് എന്നാണു വിളിയ്ക്കുന്നത്.

തണുപ്പു കാലത്തെ ഇടിമിന്നലോടു കൂടിയ മഞ്ഞു മഴ

ഇടിയോടു കൂടിയ മഴ സാധാരണയായി കാണപ്പെടുന്നത് ചൂടു കൂടുതലുള്ള സന്ദര്‍ഭങ്ങളിലാണ്. അന്തരീക്ഷത്തിലേക്കുയരുന്ന ചൂടു വായുവാണ് മേഘങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ഇടിമിന്നലിനു കാരണമാകുന്നത്. അതുകൊണ്ടു തന്നെ കൊടും തണുപ്പില്‍ ഇടിമിന്നല്‍ അത്ര സാധാരണമല്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ചൂടു വായു ഉണ്ടാകില്ല എന്നതു തന്നെ ഇതിനു കാരണം. എന്നാല്‍ ചിലപ്പോഴെങ്കിലും കാര്യങ്ങള്‍ മാറി മറിയാറുണ്ട്. ഇതാകട്ടെ ഇടിയോടു കൂടിയ മഞ്ഞു മഴയ്ക്കാണു വഴിവയ്ക്കുക.

ആര്‍ട്ടിക് മേഖലകളില്‍ നിന്നെത്തുന്ന അതികഠിനമായ തണുത്ത കാറ്റാണ് ഈ പ്രതിഭാസത്തിനു കാരണമാകുക. ആര്‍ട്ടിക്കിലെ തണുത്ത കാറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരധ്രുവത്തിനു പുറത്തുള്ള മേഖലകളിലെ തണുത്ത വായുവിന്‍റെ താപനില ഉയര്‍ന്നതാണ്. അതുകൊണ്ടു തന്നെ ആര്‍ട്ടിക്കിലെ കാറ്റെത്തുമ്പോള്‍ ഇവിടങ്ങളിലെ വായുവിന്റെ മര്‍ദ്ദം കുറഞ്ഞ ആകാശത്തേക്കുയരും. വൈകാതെ ചൂടു കാലത്തു സംഭവിക്കുന്നതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുണ്ടാകും. അതേസമയം തന്നെ തണുപ്പു മൂലം മേഘങ്ങളില്‍ നിന്നു പെയ്യുന്നത് സാധാരണ മഴയായിരിക്കില്ല മറിച്ച് മഞ്ഞു മഴയായിരിക്കും എന്നു മാത്രം.

കടല്‍ തണുത്തുറയുമ്പോൾ

ശുദ്ധജലത്തേക്കാള്‍ ഉയര്‍ന്ന ഫ്രീസിങ് പോയിന്‍റാണ് കടല്‍ ജലത്തിനുള്ളത്. കടല്‍ ജലത്തിലടങ്ങിയിരിക്കുന്ന ഉപ്പാണ് ഇതിനു കാരണം. പക്ഷേ ആര്‍ട്ടിക്കിലും മറ്റും കടലിന്‍റെ മുകള്‍ത്തട്ടു മരവിച്ചു കൂറ്റന്‍ മഞ്ഞുപാളികളായി മാറുന്നതു സ്വാഭാവികമാണ്. എന്നാല്‍ ധ്രുവപ്രദേശത്തിനു പുറത്ത് ഈ പ്രതിഭാസം വല്ലപ്പോഴുമെ സംഭവിക്കാറുള്ളൂ. ഇങ്ങനെ താപനില കുത്തനെ കുറയുമ്പോള്‍ കടല്‍ ജലത്തിലെ ഉപ്പ് അടിത്തട്ടിലേക്കു പോവുകയാണു ചെയ്യുക. ഉപ്പ് അടിയിലേക്കു പോകുന്നതോടെ മുകള്‍ത്തട്ടിലെ ജലം മരവിക്കുകയും മഞ്ഞു പാളിയായി മാറുകയും ചെയ്യും. 

English Summary: Extreme Cold Can Create Freaky Thundersnow And 'Smoking' Oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com