ഇന്ത്യയിൽ കണ്ടെത്തിയത് പുതിയ പീഠഭൂമി; പ്രതികൂല കാലാവസ്ഥയെ മറികടക്കും, വേനലിലും തളരാത്ത ജൈവവൈവിധ്യം
Mail This Article
ഇന്ത്യയിൽ പുതിയ പീഠഭൂമി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. പുണെയിലെ അഗാർക്കർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയത്. ബസാൾട്ട് പ്ലാച്യു എന്ന തരത്തിലുള്ള പീഠഭൂമിയാണ് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ സസ്യവർഗങ്ങൾ എങ്ങനെ മറികടക്കുന്നെന്നുള്ളതിന് മികച്ച ഉദാഹരണം നൽകുന്നതാണ് ഈ പീഠഭൂമിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള മഞ്ജരെ എന്ന ഗ്രാമത്തിലാണ് പീഠഭൂമി കണ്ടെത്തിയത്. പശ്ചിമഘട്ട പ്രദേശങ്ങളിൽപെട്ട ഈ മേഖലയിൽ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു പീഠഭൂമി ഉണ്ടെന്നുള്ളത് അവർക്ക് അറിയാത്ത കാര്യമായിരുന്നു. ഡോ. മന്തർ ദത്തർ എന്ന ഗവേഷൻ നേതൃത്വം നയിക്കുന്ന സംഘമാണ് ഇപ്പോൾ കണ്ടെത്തിൽ നടത്തിയിരിക്കുന്നത്. ഗവേഷണഫലം സ്പ്രിങ്ങർ നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്സ്പോട്ടിലൊന്നാണ് പശ്ചിമഘട്ടം. ഇതു വരെ മൂന്ന് തരത്തിലുള്ള പീഠഭൂമികളായിരുന്നു ഈ മേഖലയിൽ നിലകൊള്ളുന്നതായി അറിയാവുന്നത്. ഹൈ ആൾട്ടിറ്റ്യൂഡ് ലാറ്ററൈറ്റ് പ്ലാച്യൂ, ലോ ആൾട്ടിറ്റ്യൂഡ് ലാറ്ററൈറ്റ് പ്ലാച്യൂ, ഹൈ ആൾട്ടിറ്റ്യൂഡ് ബസാൾട്ട് പ്ലാച്യൂ എന്നിവയാണ് ഇവ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പീഠഭൂമി ലോ ആൾട്ടിറ്റ്യൂഡ് ബസാൾട്ട് പ്ലാച്യൂ എന്ന ഗണത്തിൽപെടുന്നതാണ്.
ഈ പീഠഭൂമി വലിയ വൈവിധ്യം നിറഞ്ഞതാണെന്ന് ഡോ. മന്തർ ദത്തർ പറയുന്നു. 24 സസ്യകുടുംബങ്ങളിൽ പെട്ട 76 സ്പീഷീസോളം സസ്യങ്ങളെ ഗവേഷകർക്ക് ഇവിടെ നിന്ന് കണ്ടെത്താനായി. ഇവയിൽ ചിലത് പശ്ചിമഘട്ടത്തിലെ എല്ലാ പീഠഭൂമികളിലും കണ്ടെത്തപ്പെടുന്നതാണ്. എന്നാൽ ചിലത് ഈ പീഠഭൂമിയിൽ മാത്രം കാണപ്പെടുന്നതാണെന്നും ഡോ. ദത്തർ പറയുന്നു.
താരതമ്യേന വരണ്ട ഈ പീഠഭൂമിയിലെ സാഹചര്യത്തിൽ സസ്യങ്ങളും വൃക്ഷങ്ങളും വളരുന്നത് പരിസ്ഥിതി ശാസ്ത്രത്തിലെ ഒരു കൗതുകകരമായ പ്രതീക്ഷയാണ് നൽകുന്നതത്രേ. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം മൂലം പ്രതികൂല പരിസ്ഥിതി ഉടലെടുത്താൽ അവയെ മറികടന്ന് സസ്യങ്ങൾ എപ്രകാരം വളരുമെന്നതിനുള്ളതിന്റെ ഒരു മികച്ച ഉദാഹരണം കൂടിയാണ് ഈ പീഠഭൂമിയുടെ സാഹചര്യങ്ങൾ വെളിവാക്കുന്നത്. നാലുമാസം നീണ്ടു നിൽക്കുന്ന മഴ കഴിഞ്ഞാൽ ഇവിടെ പൊതുവെ വരണ്ട അവസ്ഥയാണ്. മണ്ണിന്റെ താപനില 60 ഡിഗ്രി വരെ ഉയരാം. വെള്ളമില്ലാത്ത അവസ്ഥയുമുണ്ടാകും. ഇതിനെ മറികടക്കനായി മൺസൂൺ കാലത്തിന്റെ അവസാനം ഇവിടത്തെ സസ്യങ്ങൾ വിത്തുൽപാദനം നടത്തും.
ചില സസ്യങ്ങൾ പോഷണങ്ങൾ തങ്ങളുടെ ഭൂഗർഭഘടനകളിൽ സൂക്ഷിച്ചുവച്ച് പ്രതികൂല കാലാവസ്ഥയെ മറികടക്കുകയും ചെയ്യും. ഇതെല്ലാം കൂടാതെ ജനിതകമായ എന്തെങ്കിലും സവിശേഷതകളും ഈ സസ്യങ്ങളെ നിലനിൽക്കാൻ സഹായിക്കുന്നുണ്ടോയെന്നും ശാസ്ത്രജ്ഞർക്ക് സംശയമുണ്ട്. ആ രീതിയിൽ ഇവയിൽ ജനിതകഗവേഷണം നടത്താനും ഒരുങ്ങുകയാണ് ഗവേഷകർ. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന ഏതെങ്കിലും ജീനുകൾ ഇവയിൽ ഉണ്ടെങ്കിൽ അവ വേർതിരിച്ചുള്ള പഠനം ലോകമെമ്പാടുമുള്ള ജൈവവൈവിധ്യത്തിനു മുതൽക്കൂട്ടായേക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
English Summary: Pune researchers discover rare low-basalt plateau with 76 plant species in Western Ghats