ADVERTISEMENT

സമീപകാലത്തായി ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ 'പച്ചവാൽ നക്ഷത്രം' (green comet) ഇന്ന് (1 /2 /23) ഭൂമിയോട് ഏറ്റവും അടുത്തെത്തുകയാണ്. (ഏതാണ്ട് 4 കോടി കി.മീ) ക്രമേണ ഇത് ഭൂമിയിൽ നിന്ന് അകന്നു പോകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെറും കണ്ണുകൊണ്ട് കഷ്ടിച്ച് മാത്രം കണ്ടിരുന്ന വാൽനക്ഷത്രം അടുപ്പത്തിന്റെ സമയം ഒന്നു കൂടി തെളിയാൻ സാധ്യതയുണ്ട്. അന്നേ ദിവസം രാത്രി നന്നായി ഇരുട്ടുന്നതോടെ വാൽനക്ഷത്രത്തെ വടക്കൻ മാനത്ത് ധ്രുവനക്ഷത്രത്തിനും അല്പം തെക്കു മാറി ഒരു മങ്ങിയ മേഘത്തുട്ടു പോലെ കാണാം. 

 

നിലാവ് 'പൊടിപടലങ്ങൾ ,മറ്റ് കൃത്രിമ വെളിച്ചങ്ങൾ എല്ലാം തന്നെ കാഴ്ചക്ക് തടസ്സമായി വരാം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച പച്ചത്തിളക്കമൊന്നും ഈ വാൽ നക്ഷത്രത്തിനുണ്ടാവില്ല. ക്രമേണ തിളക്കം കുറയുമെങ്കിലുംഫെബ്രവരി 5 മുതൽ രണ്ടാഴ്ചക്കാലം ഇത് കാപ്പല്ല നക്ഷത്രത്തിന് സമീപത്തുകൂടെ ചൊവ്വാഗ്രഹത്തിന് അടുത്തുകൂടെ രോഹിണി നക്ഷത്രത്തിന്റെ ഭാഗത്തുകൂടി തെക്കോട്ടു നീങ്ങും. ഇതിൽ ഫെബ്രുവരി 10 ഓടെ ചൊവ്വാഗ്രഹത്തിനടുത്തെത്തുമ്പോൾ നിരീക്ഷണ സാധ്യത ഏറെയാണ്. വാൽനക്ഷത്രങ്ങളെ നന്നായി കാണാൻ ഏറ്റവും അനുയോജ്യമായ ഉപകരണം ബൈനോക്കുലറാണ്. ഏറ്റവും കൃത്യതയാർന്നു സ്ഥാനമറിയുന്നവർക്കേ സാധാരണ ടെലസ്കോപ്പു കൊണ്ടു കാര്യമുള്ളൂ. മങ്ങിയ വെളിച്ചത്തിൽ ചിത്രമെടുക്കുന്ന കാമറകൾക്ക് സൂം ലെൻസുകൾ ഉപയോഗിച്ചാൽ നല്ല ചിത്രം കിട്ടിയെന്നിരിക്കും.

 

ഔദ്യോഗികമായി 'C/2022E3 (ZTF) എന്ന് പേരിട്ടിരിക്കുന്ന ഈ വാൽ നക്ഷത്രം 2022 മാർച്ച് 2 ന് ഗരുഢൻ (Aquila) നക്ഷത്രഗണത്തിലാണ് കണ്ടെത്തുന്നത്. അന്നിത് ഏതാണ് 90 കോടി കി.മീ അകലെയായിരുന്നു. ഇതിന് മുമ്പ് ഈ വാൽ നക്ഷത്രം വന്നത് ഏതാണ്ട് അരലക്ഷം വർഷങ്ങൾക്ക് മുൻപാണെന്ന് കരുതുന്നു.സൗരയൂഥത്തിന്റെ വിദൂരമേഖലയായ ഊർട്ട് ക്ലൗഡിൽ നിന്നായിരിക്കാം ഇത് വന്നതെന്ന് കരുതുന്നു. അവിടങ്ങളിലെ ഏതാനും കിലോമീറ്റർ മാത്രം വലിപ്പമുള്ള ഹിമ പിണ്ഡങ്ങളാണ് വാൽനക്ഷത്ര ഭ്രൂണങ്ങൾ (കുറെക്കൂടി അടുത്തുള്ള കൂയിപ്പർ ബെൽട്ടിലും ഇത്തരം വാൽനക്ഷത്ര ഭ്രൂണങ്ങൾ കാണുന്നുണ്ട്) അവ സൂര്യ സമീപത്തേക്ക് കുതിച്ചെത്തുമ്പോൾ ഹിമപദാർത്ഥങ്ങൾ ബാഷ്പീകരിക്കുന്നതു മൂലം തലയും വാലും രൂപപ്പെടുന്നു .തലയ്ക്ക് പതിനായിരക്കണക്കിനും വാലിന് കോടിക്കണക്കിനും കി.മീ നീളമുണ്ടാകാറുണ്ട്. സൂര്യ സമീത്തെത്തുമ്പോൾ വാലുണ്ടാവുകയും തിരിച്ചു പോകുമ്പോൾ വാല് നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ്. ' ഒരു കാലത്ത് വാൽനക്ഷത്രങ്ങൾ ദുരന്ത സൂചകങ്ങളായി വിശ്വസിക്കപ്പെട്ടു പോന്നിരുന്നു എന്നാൽ ഇന്നവ അറിവിന്റെ അക്ഷയഖനി കളായി അറിയപ്പെടുന്നു.

 

സുരേന്ദ്രൻ പുന്നശ്ശേരി,അമച്വർ വാനനിരീക്ഷകൻ, അസ്ട്രോ കോളമിസ്റ്റ്-994747 3909

 

English Summary: Green Comet 2023: Rare shooting star to make first appearance after 50,000 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com