ആഫ്രിക്കൻ ഭൂഖണ്ഡംതന്നെ പിളർന്നകലുന്ന സ്ഥിതി ഭൂഗർഭത്തിൽ; തുർക്കിയും ജോഷിമഠും ഓർമിപ്പിക്കുന്നത്
Mail This Article
ഭൂകമ്പത്തിൽ വിറച്ചു നിൽക്കുന്ന തുർക്കിയും വിള്ളലുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തർ ഭാഗവും. തുർക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രൻ ഭൂചലവും സൂനാമിയും 2000ത്തിൽ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂർണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്. തുർക്കി ഭൂചലനത്തിന്റെ തലേന്ന് പൂർണ ചന്ദ്രനായിരുന്നു. ജോഷിമഠിൽ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂർണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യൻ ഭൂചലനം പൂർണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറിൽ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂർണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനിൽ ഓരോ 11 വർഷവും കൂടുമ്പോൾ നടക്കുന്ന സോളാർ ഫ്ലെയർ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഈ ജനുവരിൽ ഏതാനും സൗരകളങ്കങ്ങൾ സൂര്യനിൽ നിരീക്ഷിച്ചിരുന്നു. സൂര്യനും ഭൂമിയും ചന്ദ്രനും തമ്മിലുള്ള പരസ്പരാകർഷണവും ഭൂമിയിലെ പല പ്രതിഭാസങ്ങളുമായി പരസ്പരം ബന്ധമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറയുന്നു.