ലോകത്തിന്റെ ഓമന; പാണ്ടകളെ ‘കടം’ നൽകുന്ന ചൈനീസ് നയതന്ത്രം! വർഷം 10 ലക്ഷം ഡോളർ മാത്രം
Mail This Article
ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചതും ചൈനയിലെ ഭീമൻ പാണ്ടയുമായി എന്തു ബന്ധം? 1941 ഡിസംബർ ഏഴിന് ജപ്പാൻ ബോംബറുകൾ അമേരിക്കയുടെ ഹവായ് ദ്വീപിലെ പേൾ ഹാർബർ തുറമുഖത്ത് ബോംബുകൾ വർഷിക്കുമ്പോൾ അവിടേക്ക് അടുത്തുകൊണ്ടിരുന്ന ഒരു കപ്പലിൽ ‘പാൻ–ഡി’ എന്നും ‘പാൻ–ഡ’ എന്നും പേരുള്ള രണ്ടു പാണ്ടകളുമുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന ജപ്പാൻ വിമാനങ്ങൾ വെളുപ്പും കറുപ്പും നിറമുള്ള ഈ പാണ്ടകളെ കണ്ട് കപ്പലിൽ ബോംബിടുമോ എന്നു പേടിച്ച് പാണ്ടകളുടെ നിറം മാറ്റാൻ പോലും ക്യാപ്റ്റൻ ആലോചിച്ചിരുന്നു പോലത്തെ കഥകളും പിന്നീട് പുറത്തു വന്നു. എന്തായാലും ഡിസംബർ 30–ന് ഈ രണ്ടു പാണ്ടകളും സൻഫ്രാൻസിസ്കോയിലെത്തി. ചൈനീസ് ഭരണാധികാരിയായിരുന്ന ചിയാങ് കൈ ഷെക്കിന്റെ ഭാര്യ ‘മാഡം ചിയാങ്’ എന്നറിയപ്പെടുന്ന ചൈനയുടെ പ്രഥമവനിത അമേരിക്കയ്ക്ക് സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഈ പാണ്ടകളെ. 1936–40ലെ ജപ്പാൻ ആക്രമണ സമയത്ത് ചൈനയ്ക്ക് അമേരിക്ക നൽകിയ സഹായത്തിനുള്ള നന്ദിപ്രകാശനമായിരുന്നു ഈ സമ്മാനം. ചൈനയെ ആക്രമിച്ചതിന്റെ േപരിലും തങ്ങൾക്ക് താത്പര്യമുള്ള പസിഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നതിനുമായി ജപ്പാനു മേൽ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിനെതിരെയായിരുന്നു ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രണവും ഇതിനുള്ള തിരിച്ചടിയായി അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. ചൈനയിലെ ഈ ഭീമൻ പാണ്ടയുടെ പേരിൽ അമേരിക്കൻ ചാരസംഘടയായ സിഐഐ പോലും ഇടപെടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.