‘ഇന്ത്യയിൽ വന്‍ ഭൂചലന സാധ്യത’; പ്രവചനവുമായി ഡച്ച് ഗവേഷകൻ
Mail This Article
ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ തോതില്‍ ഭൂചലനമുണ്ടാകുമന്ന് പ്രവചനം. ഡച്ച് ഗവേഷകന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ആണ് ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അടുത്തു തന്നെ വലിയ ഭൂചലനമുണ്ടാകുമെന്ന് പ്രവചിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ കൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്നയാളാണ് ഫ്രാങ്ക്. അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വിഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാക്കിസ്ഥാനിലും നാശം വിതച്ച് ഇന്ത്യയിലേക്ക് പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.
സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേ എന്ന മാര്‍ഗമാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് വിശദീകരിച്ചു. എന്നാല്‍ ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഭൗമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും വിദഗ്ധർ പറയുന്നു. തുര്‍ക്കി ഭൂചലനം, അതിനു മൂന്നു ദിവസം മുന്‍പ് ഫെബ്രുവരി 3ന് പുറത്തു വിട്ട ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് എസ്എസ്ജിഇഒഎസ് പഠനം നടത്തുന്നത്.
English Summary: Dutch researcher, who predicted Turkey-Syria earthquake says India is next in line