അലഞ്ഞു തിരിയുന്നത് 3 ലക്ഷം ഒട്ടകങ്ങൾ; ഓസ്ട്രേലിയയിലെ വിചിത്ര വിശേഷം
Mail This Article
ഒട്ടകങ്ങളെന്നു കേൾക്കുമ്പോൾ തന്നെ ഗൾഫ്മേഖലയോ രാജസ്ഥാനിലെ ഥാർ മരുഭൂമിയോ ഒക്കെയാണ് നമ്മുടെ മനസ്സിൽ വരുന്നത്. പല രാജ്യങ്ങളിലും ഒട്ടകങ്ങൾ ധാരാളമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങൾ ഉള്ള രാജ്യം ഏതെന്നറിയാമോ? തികച്ചും അവിചാരിതമായ ഒരു രാജ്യമാണത്...ഓസ്ട്രേലിയ.
ലോക വന്യജീവിദിനത്തിൽ ലോകമെമ്പാടും പടരുന്ന അധിനിവേശ ജന്തുജാലങ്ങളും ഒരു വലിയ ചോദ്യമാണുയർത്തുന്നത്. ഒരു ദേശത്തിന്റെ അല്ലെങ്കിൽ മേഖലയുടെ സ്വാഭാവിക ജൈവഘടനയെ ബാധിക്കുന്നതാണ് അധിനിവേശ ജീവജാലങ്ങൾ. അധിനിവേശ മൃഗങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഓസ്ട്രേലിയയിൽ കാണാൻ സാധിക്കും.
1606ൽ ആണ് ഓസ്ട്രേലിയയിൽ ആദ്യമായി യൂറോപ്യൻമാർ എത്തിയത്. ഡച്ച് പര്യവേക്ഷകനായ വില്യം ജാൻസൂണാണ് ആദ്യമെത്തിയത്. അക്കാലത്ത് ഒറ്റ ഒട്ടകം പോലും ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നില്ല. രണ്ട് നൂറ്റാണ്ടുകളിൽകൂടി ഈ സ്ഥിതി തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടൻ ഓസ്ട്രേലിയയിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ബൃഹത്തായ ഓസ്ട്രേലിയയെന്ന വൻകര സമഗ്രമായി പര്യവേക്ഷണം ചെയ്യാൻ ബ്രിട്ടൻ ആഗ്രഹിച്ചു. എന്നാൽ അവരുടെ കുതിരകൾക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. തീരദേശ ഓസ്ട്രേലിയ വിട്ടാൽ ചൂടും മരുഭൂമികളും നിറഞ്ഞ കടുത്തമേഖലകൾ ഓസ്ട്രേലിയയിലെമ്പാടും ഉണ്ടായിരുന്നു.
1836ൽ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലുള്ള കൊളോണിയൽ സർക്കാർ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒട്ടകങ്ങളെ ഓസ്ട്രേലിയയിൽ എത്തിക്കാനൊരു പദ്ധതി രൂപീകരിച്ചു. 1840ൽ ആദ്യമായി ഒരു ഒട്ടകം ഓസ്ട്രേലിയയിൽ നടന്നു. ഹാരി എന്നു പേരിട്ടിരുന്ന ഒട്ടകം ഇന്ത്യയിൽ നിന്നല്ല മറിച്ച് ഇന്നത്തെ സ്പെയിന്റെ അധീനതയിലുള്ള മെഡിറ്ററേനിയൻ ദ്വീപായ കാനറി ഐലൻഡുകളിൽ നിന്നാണ് എത്തിയത്. ആറ് ഒട്ടകങ്ങളെ അവിടെ നിന്ന് കപ്പൽ വഴി അയച്ചിരുന്നു. എന്നാൽ ഹാരി മാത്രമാണ് സമുദ്രയാത്ര തരണം ചെയ്തത്.
ജെ.എ.ഹോറോക്സ് എന്ന പര്യവേക്ഷകനായിരുന്നു ഹാരിയുടെ പുറത്ത് യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഹാരി കാട്ടിയ അബദ്ധം കാരണം ഹോറോക്സിന്റെ തോക്ക് കൈയിലിരുന്നു പൊട്ടി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹോറോക്സ് ആശുപത്രിയിലാകുകയും 23ാം ദിനം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഹാരിയെ വെടിവച്ചു കൊല്ലാനും ഹോറോക്സ് നിർദേശം നൽകി. ഓസ്ട്രേലിയയിലെ ആദ്യ ഒട്ടകത്തിന്റെ വിധി അങ്ങനെ മരിക്കാനായിരുന്നു.
എന്നാൽ പിന്നീട് ഇന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ധാരാളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലെത്തി.
1907 ആയപ്പോഴേക്കും ഇരുപതിനായിരത്തോളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലുണ്ടായിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകർക്ക് വലിയ അനുഗ്രഹമായിരുന്നു ഇവ. ദിവസങ്ങളോളം വെള്ളം കുടിക്കാതെ വരണ്ട മേഖലകളിലൂടെ യാത്രചെയ്യാനുള്ള കഴിവ് ഉൾനാടൻ ഓസ്ട്രേലിയയിലെ പര്യവേക്ഷണത്തിന് ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ 1820കൾക്കു ശേഷം മോട്ടർ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെട്ടതോടെ ഒട്ടകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇവയിൽ പലതും ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ അലഞ്ഞുതിരിയുന്ന കാട്ട് ഒട്ടകങ്ങളുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 2008ൽ നടത്തിയ കണക്കെടുപ്പിൽ പത്തുലക്ഷത്തോളം ഇത്തരം ഒട്ടകങ്ങൾ ഇവിടെയുണ്ട്.
ഓസ്ട്രേലിയൻ സർക്കാർ താമസിയാതെ ഒട്ടകങ്ങളെ ശല്യജീവികളായി പ്രഖ്യാപിക്കുകയും ഇവയുടെ ജനസംഖ്യ തടയുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ഹെലിക്കോപ്റ്ററിൽ വന്നു സ്നൈപർ റൈഫിളുകളുപയോഗിച്ച് ഇവയെ വെടിവച്ചു കൊല്ലുന്നതായിരുന്നു രീതി. ഇന്ന് ഇവയുടെ ജനസംഖ്യ 3 ലക്ഷമായി കുറയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ, ക്വീൻസ്‌ലൻഡ്, വടക്കൻ മേഖല എന്നിവ കൂടിച്ചേർന്ന് 33 ലക്ഷം ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇവ കൂടുതലും സാന്നിധ്യം ഉറപ്പിച്ചിടുള്ളത്. ഒട്ടകങ്ങൾ മാത്രമല്ല അധിനിവേശ സ്പീഷീസുകളായി ഓസ്ട്രേലിയയിൽ ഉള്ളത്. കേൻ ടോഡ് എന്നയിനം മരത്തവള, റെഡ് ഫോക്സ്, മൈന, യൂറോപ്യൻ മുയൽ, കാട്ടിൽ താമസം തുടങ്ങിയ പൂച്ചകൾ തുടങ്ങിയവയൊക്കെ ഇവിടത്തെ പ്രശ്നക്കാരാണ്.
English Summary: The Strange Story of Australia's Camels