ADVERTISEMENT

ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു ആൻഡിയൻ മലനിരകൾ ഉൾപ്പെടുന്ന രാജ്യമാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഈ രാജ്യത്ത് ഇൻക തുടങ്ങിയ സാമ്രാജ്യങ്ങളും മോച്ചെ, നാസ്ക തുടങ്ങിയ ആദിമ ജനസമൂഹങ്ങളും ഉണ്ടായിരുന്നു. ഒട്ടേറെ നാടോടിക്കഥകളുമുള്ള പെറുവിലെ വളരെ പ്രശസ്തമായ ഒരു കഥയാണ് തീയണയ്ക്കുന്ന മൂളക്കുരുവി അഥവാ ഹമ്മിങ്ബേഡിനെക്കുറിച്ചുള്ളത്.

 

പണ്ടുപണ്ടുകാലത്ത് പെറുവിലെ ഒരു വനത്തിൽ വലിയ കാട്ടുതീ ഉടലെടുത്തത്രേ. മറ്റെല്ലാ മൃഗങ്ങളും പക്ഷികളും തീ ആളിപ്പടരുന്നത് കണ്ട് പേടിച്ചരണ്ട് അവിടെ നിന്നു. എന്നാൽ ചെറിയ ഒരു മൂളക്കുരുവി തന്റെ കുഞ്ഞൻ കൊക്കിൽ ഓരോ തുള്ളി വെള്ളവുമായി വന്ന് തീയിലേക്കൊഴിച്ചു, അതു കെടുത്താനായി. കൂടിനിന്ന മൃഗങ്ങളും പക്ഷികളും അവളെ കളിയാക്കാൻ തുടങ്ങി. ഏയ്, എന്താണ് നീയീ ചെയ്യുന്നത്, ഇങ്ങനെ ഒഴിച്ചാലൊന്നും തീ കെടുകയില്ല. വെറുതെ മിനക്കെടാതെ പറന്നു രക്ഷപ്പെടാൻ നോക്കൂ. എന്നാൽ ആ ചെറിയ പക്ഷി കുലുങ്ങിയില്ല, അവർ മൃഗങ്ങളെ നോക്കിപ്പറഞ്ഞു– എനിക്ക് ആവുന്നത് ഞാൻ ചെയ്യുന്നു. ഈ കഥ യുഎൻ–വാട്ടറിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ശുദ്ധജലം, ശുചിത്വം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപനമാണ് യുഎൻ–വാട്ടർ.

 

ഇന്ന് ലോകജലദിനം. ഇന്നു മുതൽ 24 വരെ ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജല ഉച്ചകോടിയിലേക്ക് ലോകമെമ്പാടും വിവിധരാജ്യങ്ങളിലെ കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഒറിഗാമി രീതിയിൽ തയാർ ചെയ്ത ഒട്ടേറെ പേപ്പർ മൂളക്കുരുവികളാണ് എത്തുന്നത്. ശുദ്ധജലം, ശുചിത്വം എന്നിവ സംബന്ധിച്ച ‘ബി ദി ചെയ്ഞ്ച്’ ക്യാംപെയ്നും ഈ ഉച്ചകോടിയിൽ തുടക്കമാകും. ലോകത്തുള്ള എല്ലാവരും അവരാൽ കഴിയുന്ന വിധം വെള്ളം സംരക്ഷിക്കാനും പാഴാക്കുന്നത് നിയന്ത്രിക്കാനും നടപടികളെടുക്കണമെന്നാണ് പദ്ധതിയുടെ ആഹ്വാനം. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് എത്തുന്ന ഒറിഗാമി പേപ്പർ മൂളക്കുരുവികളെയെല്ലാം ചേർത്ത് ഒരു ആർട്ട് ഇൻസ്റ്റലേഷനാക്കി ഓഫിസ് മന്ദിരത്തിൽ പ്രദർശിപ്പിക്കും.

 

യുഎൻ കണക്കുകൾ അനുസരിച്ച് 14 ലക്ഷം ആളുകൾ വർഷം തോറും മലിനജലം കുടിക്കുന്നതു കാരണവും ജലജന്യരോഗങ്ങളാലും ശുചിത്വം കുറഞ്ഞ സാഹചര്യങ്ങളാലും മരിക്കുന്നു. ലോകത്ത് ഇരുന്നൂറു കോടി ജനങ്ങൾക്ക് ശുദ്ധജല ലഭ്യതയില്ല. ലോകമെമ്പാടുമുള്ള വീട്ടകങ്ങളിൽ നിന്നു പുറന്തള്ളുന്ന വെള്ളത്തിൽ പകുതിയിലും പ്രശ്നകരമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നു.‌ ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം ലോകവേദിയിൽ ഉയർത്തിപ്പിടിക്കാനായി 1993 മുതലാണ് യുഎൻ ലോകജലദിനം ആചരിച്ചുതുടങ്ങിയത്. 1992ൽ ചേർന്ന യുഎൻ പരിസ്ഥിതി കോൺഫറൻസിലെ ഇരുപത്തിയൊന്നാം അജൻഡ നിർദേശപ്രകാരമായിരുന്നു ഇത്. ഓരോ വർഷവും ഓരോ തീമിലാണ് ആചരണം.കഴിഞ്ഞ വർഷത്തെ തീം ഭൂഗർഭജലം സംബന്ധിച്ചായിരുന്നു. 

 

English Summary: Ancient tale of hummingbird inspires UN World Water Day campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com