ADVERTISEMENT

ബ്രഹ്മപുരത്തെ മാലിന്യമലകൾക്കു തീപിടിച്ച് പ്ലാസ്റ്റിക്കും ഇ മാലിന്യവും അടക്കമുള്ളവ രണ്ടാഴ്ച തുടർച്ചയായി കത്തിയതിന്റെ ഫലങ്ങൾ കൊച്ചിനിവാസികൾ ഇപ്പോഴും അനുഭവിക്കുകയാണ്. കൂടിയ അളവിലുള്ള, ഹാനികരമായ രാസസംയുക്തങ്ങളാണ്‌ വിഷപ്പുകയിലൂടെ എറണാകുളത്തും സമീപ ജില്ലകളിലും പടർന്നത്. ഇതുമൂലം ധാരാളം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ചിലർ ഇപ്പോഴും അതിൽനിന്നു മുക്തരായിട്ടില്ല. 

കൊച്ചിയിലും സമീപപ്രദേശങ്ങളിലും ആദ്യ വേനൽമഴകളിൽ ആസിഡ് സാന്നിധ്യം കൂടുതലായിരിക്കും എന്ന് അനുമാനിച്ചിരുന്നു. ആസിഡ് മഴ പെയ്തു എന്നതിന്റെ തെളിവുകൾ നേരത്തേ ലഭിക്കുകയും ചെയ്തു. തുടർനിരീക്ഷണത്തിൽ 30 ച.കി.മീ. പ്രദേശത്തെ പൊതുകിണറുകളിലും വീട്ടു കിണറുകളിലും നിന്നുള്ള വെള്ള സാംപിൾ പരിശോധനയിൽ, കൂടിയ അളവിൽ അമ്ല സാന്നിധ്യം കാണപ്പെട്ടു. 3.98 മുതൽ 4.88 വരെ പിഎച്ച് മൂല്യം വളരെ കൂടിയ തോതിലുള്ള ആസിഡ് സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. കുടിക്കാനും ആഹാരം പാകം ചെയ്യാനും വീടുകളിലും ഹോട്ടലുകളിലും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ കുടിവെള്ളത്തിന്റെ അമ്ലത പലയിടങ്ങളിലും 5.5 വരെ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. 

കുടിവെള്ളത്തിന്റെ പിഎച്ച് മൂല്യം 6.5 മുതൽ 8.5 വരെ ആയിരിക്കണം. 6.5 മൂല്യത്തിൽ താഴെയുള്ളത് നല്ലതല്ല. കാർബോണിക് അമ്ലം അമ്ലതയ്ക്ക് കാരണമാകും. എന്നാൽ ഇപ്പോൾ കാണപ്പെട്ട ഉയർന്ന അളവിലുള്ള അമ്ലസാന്ദ്രത ആസിഡ് മഴയുടെ സൂചനയാണ്‌. സൾഫർ ഡയോക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ തുടങ്ങിയവ അധികരിച്ച തോതിൽ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വേളയായതിനാൽ നേർത്ത സൾഫ്യൂറിക് ആസിഡും നേർത്ത് നൈട്രിക് ആസിഡും പെയ്തിറങ്ങി എന്നനുമാനിക്കണം. തുറന്ന കിണറുകളിലാണ്‌ അമ്ലത കൂടാൻ സാധ്യത. ഇത് അമ്ലകണങ്ങളായും (Dry deposition) മഴത്തുള്ളികളിലൂടെയും ( Wet deposition) കിണറ്റിലെത്തുന്നു. കൂടിയ അമ്ലത ഘനലോഹങ്ങൾ കുടിവെള്ളത്തിൽ കലരാൻ കാരണമാകും. 

അമ്ലജലത്തിൽ ഉയർന്ന അളവിൽ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് അസിഡിക് വെള്ളത്തിൽ ലെഡ്, ആർസെനിക്, ചെമ്പ്, നിക്കൽ, കാഡ്മിയം, ക്രോമിയം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഘന ലോഹങ്ങളുമായുള്ള സമ്പർക്കം അപകടകരമാണ്. ഇത് വിഷബാധയിലേക്ക് നയിച്ചേക്കാം. അതിസാരം, ഓക്കാനം, ഛർദ്ദി, വയറുവേദന, ശ്വാസം മുട്ടൽ, രോഗപ്രതിരോധ വ്യവസ്ഥയുടെ അടിച്ചമർത്തൽ, അവയവ ക്ഷതം തുടങ്ങിയ ലക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

ഈ പാർശ്വഫലങ്ങളുടെ തീവ്രത പ്രായം, ലിംഗഭേദം, വ്യക്തിഗത സംവേദനക്ഷമത, റൂട്ട്, ഡോസ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹെവി മെറ്റൽ എക്സ്പോഷർ മൂലം കുട്ടികളിൽ കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, ചിലതരം കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഭക്ഷ്യ വിഷബാധയ്ക്ക് ഒരു കാരണം അമ്ലത കൂടുതലുള്ള വെള്ളമാണ്‌. ശുദ്ധജല സ്രോതസ്സുകളിൽ അമ്ലാംശം കൂടുമ്പോൾ, പ്രത്യേകിച്ച് ആസിഡ് മഴയ്ക്കു ശേഷം, ചുറ്റുപാടുകളിൽ നിന്ന് ഘനലോഹങ്ങൾ വർധിച്ച തോതിൽ വെള്ളത്തിൽ കലരും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വിഷബാധയ്ക്കും കാരണമാകാം.

തിങ്കളാഴ്ച രാത്രി കൊച്ചിയിൽ പെയ്ത മഴയുടെ (വൈറ്റില) ലിറ്റ്മസ്, പി എച്ച് സ്ട്രിപ് തുടങ്ങിയവയും പിഎച്ച് മീറ്റർ പരിശോധനയും നടത്തിയിരുന്നു. കണ്ടെത്തിയ പിഎച്ച് മൂല്യം 6.77 സ്വാഭാവിക മഴയെ സൂചിപ്പിക്കുന്നു. ലിറ്റ്മസിലും പി എച്ച് സ്ട്രിപ്പിലും മാറ്റമില്ല. ഒപ്പം TDS (total dissolved solids) പരിശോധനയിൽ മൂല്യം 53 എന്നു കണ്ടു. മഴവെള്ളത്തിലെ മാലിന്യം സാധാരണയെക്കാൾ അൽപം കൂടുതൽ. മാർച്ച് മൂന്നാം വാരം പെയ്ത ആദ്യ വേനൽമഴകൾ പരിശോധിച്ചപ്പോൾ ലിറ്റ്മസിൽ ആസിഡ് സാന്നിധ്യം 4.5, പി എച്ച് സ്ട്രിപ്പിൽ 4.5, പിഎച്ച് മീറ്ററിൽ പരമാവധി 4.77 എന്നു കണ്ടിരുന്നു. ആദ്യം പെയ്ത മഴയിലെ ആസിഡ് സാന്നിധ്യം ലിറ്റ്മസ് ടെസ്റ്റിലും പിന്നീട് പിഎച്ച് സ്ട്രിപ്പിലും പിഎച്ച് മീറ്ററിലും സ്ഥിരീകരിച്ചു. 

ഇതു സൂചിപ്പിക്കുന്നത് ബ്രഹ്മപുരം തീപിടിത്തം കൊച്ചിയിൽ ആസിഡ് മഴയ്ക്കു കാരണമായി എന്നാണ്‌. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം നേരത്തേ പെയ്ത മഴകളിൽ ആസിഡ് സാന്നിധ്യം അധികരിച്ച അളവിലായിരുന്നുവെന്ന് അനുമാനിക്കുന്നു. കൊച്ചിയിലെ വിവിധയിടങ്ങളിലും കുമരകത്തും തണ്ണീർമുക്കം ബണ്ടിനു സമീപവും ആദ്യ വേനൽ മഴ പെയ്തപ്പോൾ റോഡിലും പറമ്പുകളിലും വെളുത്ത പത കാണപ്പെട്ടത് മഴയിൽ രാസമാലിന്യം പെയ്തിറങ്ങിയതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഡേറ്റ അനുസരിച്ച് ബ്രഹ്മപുരം തീപിടിത്ത വേളയിലും വേനൽ  മഴ പെയ്ത സമയത്തും പിഎം 2.5, പിഎം 10, സൾഫർ ഡയോക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ എന്നിവ അധികരിച്ച അളവിലായിരുന്നു . ഇതിൽ ഏറ്റവും കൂടുതലായി കാണപ്പെട്ടത് സൾഫർ ഡയോക്സൈഡാണ്‌. അതിനാൽ കൊച്ചിയിലും സമീപപ്രദേശങ്ങളിലും പെയ്ത മഴയിൽ നേർത്ത സൾഫ്യൂറിക് ആസിഡും നേർത്ത നൈട്രിക് ആസിഡുമായിരുന്നു എന്ന അനുമാനിക്കുന്നു. ആദ്യത്തെ മൂന്നു മഴകളുടെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. അവയുടെ തുടർപഠനങ്ങൾ നടന്നുവരുന്നു. 

English Summary: Brahmapuram fire: Residents gasp for air as Kochi reels amid inferno aftermath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com