പൊടുന്നനെ രൂപപ്പെട്ട നിഗൂഢ ഗർത്തം യുവാവിനെ വിഴുങ്ങിയത് കിടപ്പ് മുറിക്കൊപ്പം, കാണാതായിട്ട് 10 വർഷം
Mail This Article
നോക്കി നിൽക്കെ വീടുകളും കിണറുകളും റോഡുകളും എല്ലാം ഭൂമിയിലേക്ക് ഇടിഞ്ഞു താഴ്ന്ന് അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ ഇത്തരത്തിൽ കിണറുകളും വീടുകളുമെല്ലാം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്ന് പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഏതാനും അടി താഴ്ചയിലേയ്ക്കാണ് ഇത്തരത്തിൽ മണ്ണ് ഇടിഞ്ഞു താഴുന്നതെങ്കിൽ അപൂർവമായെങ്കിലും ഒരു പ്രദേശത്തുള്ള പല കെട്ടിടങ്ങളെ തന്നെ അപ്പാടെ ഭൂമി വിഴുങ്ങി അവ ആഴത്തിലേക്ക് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിങ്ക് ഹോളുകൾ എന്നാണ് ചെറുതും വലുതുമായി ഭൂമിയിൽ പെട്ടെന്നുണ്ടാകുന്ന ഗർത്തങ്ങളെ ശാസ്ത്രലോകം വിളിക്കുന്നത്.
ഫ്ലോറിഡയിലെ സിങ്ക് ഹോൾ
ഇതുവരെയുണ്ടായിട്ടുള്ള സിങ്ക് ഹോൾ സംഭവങ്ങളിൽ ഒരു പക്ഷേ ഏറ്റവും നിർഭാഗ്യകരം എന്ന് തന്നെ വിളിക്കാവുന്നതാണ് ഫ്ലോറിഡയിൽ 2013 മാർച്ച് 1ന് ഉണ്ടായത്. ജഫ് ബുഷ് എന്ന മുപ്പത്തേഴ് വയസ്സുകാരൻ പൊടുന്നനെ കിടപ്പുമുറിയിലുണ്ടായ സിങ്ക് ഹോളിലേക്ക് വീണ് അപ്രത്യക്ഷമായത് അന്നാണ്. തന്റെ കിടപ്പ് മുറിയിൽ കിടന്ന് ഉറങ്ങുന്നതിന് ഇടെയാണ് ഇദ്ദേഹത്തെ പൊടുന്നനെരൂപപ്പെട്ട തുരങ്കം കിടപ്പു മുറിയോടെ വിഴുങ്ങിയത്. സംഭവം നടന്ന് പത്ത് വർഷം കഴിഞ്ഞപ്പോൾ ഉറങ്ങുന്നതിടെ അപ്രത്യക്ഷമായ ജഫിനെ കുറിച്ചുള്ള അന്വേഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ഏതാണ്ട് ഇരുപത് അടി താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ജഫ് അന്ന് അപ്രത്യക്ഷമായത്. വലിയ ശബ്ദം കേട്ട് ജഫിന്റെ സഹോദരൻ ജറിമിയും ജീവിതപങ്കാളി റേച്ചലും എത്തിയപ്പോഴാണ് ജഫിന്റെ മുറിയുടെ സ്ഥാനത്ത് വലിയ കുഴിയും ഇടിഞ്ഞ് കിടക്കുന്ന മണ്ണും കണ്ടത്. മണ്ണിടിഞ്ഞ് താഴുന്ന ശബ്ദത്തോടൊപ്പം ജഫിന്റെ വലിയ അലർച്ചയും കേട്ടതായി റേച്ചൽ വ്യക്തമാക്കി. ഹാളിലൂടെ ഓടി ജഫിന്റെ മുറിയിലേക്കെത്തിയപ്പോൾ കണ്ടത് വലിയ ഗർത്തമാണെന്നും റേച്ചൽ പറയുന്നു. ജഫും കിടപ്പ് മുറിയും മണ്ണിനടിയലേക്ക് മറഞ്ഞതായി വിശ്വസിക്കാൻ പോലുമാകാതെ നിന്നതിനെ കുറിച്ചും റേച്ചൽ വിശദീകരിച്ചു.
മൃതദേഹം കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകരും
സഹോദരനെ കാണാതായതിന്റെ പരിഭ്രാന്തിയിൽ ജറിമി കുഴിയിലേക്ക് ചാടിയിരുന്നു. എന്നാൽ ചുറ്റുമുള്ള മണ്ണ് ഇടിയുന്നത് തുടർന്നതോടെ സംഭവമറിഞ്ഞ് എത്തിച്ചേർന്ന പോലീസുകാർ ജറിമിയെ രക്ഷിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് താഴുന്നുണ്ടായിരുന്നു എങ്കിലും അപ്പോൾ സഹോദരനെ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ജറിമി പറയുന്നു. എന്നാൽ സഹോദരൻ മണ്ണിനിടയിൽ മറഞ്ഞപ്പോൾ തനിക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂവെന്നും ജറിമി ഇന്നും വിങ്ങലോടെ ഓർക്കുന്നു.
പിന്നീട് വിശദമായ പരിശോധന നടത്തിയെങ്കിലും ജഫിന്റെ ശരീരം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായില്ല. മണ്ണിടിഞ്ഞ് കൊണ്ടേയിരുന്നതിനാൽ രക്ഷാ പ്രവർത്തകർക്ക് വലിയ തോതിൽ കുഴിയിലിറങ്ങി രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ഇതിന് സമീപത്തായി മറ്റൊരു സിങ്ക് ഹോൾ കൂടി രൂപപ്പെട്ടതോടെ ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കുകയും ചെയ്തു.
ലോകത്തെ ഏറ്റവും വലിയ സിങ്ക് ഹോൾ
ലൈംസ്റ്റോൺ പോലുള്ള കല്ലുകൾ നിരവധിയുള്ള മേഖലയാണ് ഫ്ലോറിഡ. കൂടാതെ വലിയ തോതിൽ വെള്ളക്കെട്ടുള്ള ചതുപ്പ് മേഖല കൂടിയാണ്. അതിനാൽ തന്നെയാണ് ഫ്ലോറിഡയിൽ ഇത്തരത്തിൽ ചെറുതും വലുതമായ നിരവധി സിങ്ക് ഹോളുകൾ പലപ്പോഴായുണ്ടാകുന്നതും. കാർസ്റ്റ് ടെറൈൻ എന്നാണ് ഇത്തരത്തിൽ സിങ്ക് ഹോളുകൾ വലിയ തോതിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭൂപ്രദേശത്തെ വിളിക്കുന്നത്. ചൈനയിലെ സിനോഹി ടിയാൻ കെങ് എന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും വലിയ സിങ്ക് ഹോൾ ഉള്ളത്. ഏതാണ്ട് 537 മീറ്റർ ആഴവും 667 മീറ്റർ വീതിയുമാണ് ഈ സിങ്ക് ഹോളിനുള്ളത്.
English Summary: A Sinkhole Swallowed A Man's Bedroom In 2013. No Trace Of Him Has Been Found