കടൽക്കാക്കകളെ പേടിപ്പിക്കാൻ പക്ഷിവേഷം ധരിക്കണം; ശമ്പളം മണിക്കൂറിന് 1100 രൂപ
Mail This Article
ബ്രിട്ടനിലെ ലങ്കാഷറിലുള്ള ബ്ലാക്പൂൾ മൃഗശാല വിചിത്രമായ ഒരു തൊഴിൽ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഇടയ്ക്കിടെ പറന്നെത്തി മൃഗശാലയിലെ മറ്റു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിക്കുന്ന കടൽക്കാക്കകൾ (സീ ഗള്ളുകൾ) മൃഗശാല അധികൃതർക്ക് വലിയ തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുകാണ്. ഈ ശല്യക്കാരൻ പക്ഷികളെ തുരത്തിയോടിക്കാൻ മൃഗശാലയ്ക്ക് ആളുകളെ വേണം. ഇതിനായാണു ബ്ലാക്പൂൾ സൂ അപേക്ഷ ക്ഷണിച്ചത്. ഇതിലെന്താണിത്ര പ്രത്യേകത? തൊഴിൽ ലഭിക്കുന്നവർ ഒരു നിബന്ധന പാലിക്കണമെന്ന് വിജ്ഞാപനത്തിൽ മൃഗശാല അധികൃതർ വ്യക്തമാക്കുന്നു. ഈ തൊഴിൽ കിട്ടുന്നവർ പക്ഷിയുടെ വേഷം ധരിച്ചുവേണം മൃഗശാലയ്ക്കുള്ളിൽ നിൽക്കാൻ.
ചില ഷോപ്പിങ് മാളുകളിലും മറ്റും കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് ആളുകൾ നിൽക്കാറില്ലേ...അതുപോലെ. ഇതിനായി അപേക്ഷിക്കുന്നവർ വെറുതെയങ്ങ് അപേക്ഷിച്ചാൽ പോരാ. പക്ഷിവേഷത്തിൽ നിൽക്കുന്നതിന്റെ വിഡിയോദൃശ്യവും അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. വിജയിക്കുന്നവർക്ക് ബ്ലാക്ക്പൂൾ സൂവിലെ ‘വിസിറ്റേഴ്സ് സർവീസസ്’ ഡിപ്പാർട്മെന്റിൽ സീഗൾ ഡിറ്ററന്റ്സ് എന്ന തസ്തികയിൽ തൊഴിൽ ലഭിക്കും. ഈ വിചിത്രനിബന്ധനയൊക്കെ കേട്ട് ആരും ജോലിക്കപേക്ഷിക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി. ഏകദേശം 200 പേരാണ് തസ്തികയ്ക്കായി അപേക്ഷ നൽകിയിരിക്കുന്നത്. ബ്രിട്ടനിൽ നിന്നു മാത്രമല്ല, ഇന്ത്യ, ഓസ്ട്രേലിയ, യുഗാണ്ട, യുക്രെയ്ൻ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് കടൽക്കാക്കകളെ പേടിപ്പിക്കാനായി അപേക്ഷകർ റെഡി.
മൊത്തം അഞ്ച് തസ്തികകളാണ് സൂവിൽ ഒഴിവായുള്ളത്. ഒരു മണിക്കൂറിന് 10.80 ബ്രിട്ടിഷ് പൗണ്ടാണ് ശമ്പളം, അതായത് ഏകദേശം 1100 രൂപ.
കടൽക്കാക്കകൾ അഥവാ സീഗൾ പക്ഷികൾ ആളുകളുടെ കൈയിൽ നിന്നും ഐസ്ക്രീമും ചിപ്സും മറ്റു ഭക്ഷണപദാർഥങ്ങളുമൊക്കെ തട്ടിപ്പറിക്കാൻ വളരെ വിരുതൻമാരാണ്. വളരെ ബുദ്ധിയുള്ള പക്ഷികളാണ് ഇവ. തങ്ങളുടെ കാലുകൾ കൊണ്ട് മഴപെയ്യുമ്പോഴുള്ള ശബ്ദം മണ്ണിലുണ്ടാക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഇതു കേട്ട് തെറ്റിദ്ധരിച്ച് മണ്ണിരകൾ ഉപരിതലത്തിലേക്കെത്തിയാൽ ഈ പക്ഷികളുടെ ഇരപിടിത്തം എളുപ്പമാകും. കട്ടിയേറിയ കക്കകളെ പാറയിലെറിഞ്ഞു പൊട്ടിച്ചശേഷം ഭക്ഷിക്കാനും ഇവയ്ക്ക് അറിയാം.
ഉപ്പുവെള്ളവും ശുദ്ധജലവും ഒരേപോലെ കുടിക്കാനുള്ള ശാരീരികമായ കഴിവുകളും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്.പഴയകാലത്ത് അമേരിക്കയിലെ യൂട്ടായിൽ താവളമുറപ്പിച്ച യൂറോപ്യൻമാർ കൃഷിയിടങ്ങളിൽ വിട്ടിലിന്റെ ശല്യം മൂലം വലഞ്ഞിരുന്നു. അക്കാലത്ത് സീഗളുകളെ ഇറക്കിയാണ് കർഷകർ വിള സംരക്ഷിച്ചത്. അതിന്റെ സ്മരണാർഥം യുട്ടാ സംസ്ഥാനത്തിന്റെ ദേശീയ പക്ഷികളായി സീഗളുകളെ കരുതിപ്പോരുന്നു. അന്റാർട്ടിക ഉൾപ്പെടെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും സീഗൾ പക്ഷികൾ പല വകഭേദങ്ങളായി താവളമുറപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് കടൽക്കാക്കകൾ (സീഗൾ പക്ഷികൾ) അന്യഗ്രഹജീവികൾ ഭൂമിയിൽ നിയോഗിച്ച ചാരൻമാരാണെന്ന വിചിത്രമായ വാദവുമായി യുഎഫ്ഒ വിദഗ്ധനായ നിക് പോപ്പ് രംഗത്തു വന്നിരുന്നു . യുഎസിന്റെ പ്രതിരോധമന്ത്രാലയത്തിനു വേണ്ടി അജ്ഞാത പേടക ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന നിക് പോപ്, സർക്കാരിന്റെ ഉപദേഷ്ടാവുമായിരുന്നു.
English Summary: Blackpool Zoo's seagull-scaring jobs attract 200 applicants