ADVERTISEMENT

അപൂർവമായ കറുത്ത നിറമുള്ള കടുവയുടെ ജഡം സിമിലിപാൽ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതായി ഒഡീഷ വനംവകുപ്പ് അധികൃതർ അറിയിച്ചു. ഒഡീഷയിലെ ബഡമക്കബഡി –2 ബീറ്റ് ഏരിയയിലെ സിമിലിപാൽ സൗത്ത് ‍ഡിവിഷനിലുള്ള വനംവകുപ്പ് ജീവനക്കാരാണ് കടുവയുടെ ശരീരം കണ്ടെത്തിയത്. മൂന്നരവർഷം പ്രായമുള്ള ആൺകടുവയുടെ കൃത്യമായ മരണകാരണം അറിവായിട്ടില്ല. മറ്റൊരു വന്യജീവിയുമായുള്ള പോരാട്ടത്തിലാകാം ഇതു കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പ് കരുതുന്നത്.

ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലാണ് സിംലിപാൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2750 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ഉദ്യാനത്തിന്റെ സിംലിപാൽ കടുവ സങ്കേതം കൂടാതെ ഹഡ്ഗഡ്, കുൽദിഹ ദേശീയോദ്യാനങ്ങൾ കൂടി ഉൾപ്പെടുന്നു. റെഡ് സിൽക് കോട്ടൺ മരങ്ങളാൽ സമ്പുഷ്ടമാണ് സിംലിപാൽ. നിലവിൽ ഇന്ത്യയിൽ സിംലിപാലിൽ മാത്രമാണ് കറുത്ത കടുവകളെ കണ്ടെത്തുന്നത്. എന്നാൽ കരിമ്പുലികളെ പോലെ പൂർണമായും കറുത്ത നിറത്തിലുള്ളവയല്ല ഇവ. ജനിതക വ്യതിയാനം മൂലം കടുവകളുടെ കറുത്ത വരകൾ പടർന്ന് വലുതാകുന്നതാണ് കറുത്ത കടുവകളായി ഇവയെ തോന്നിപ്പിക്കുന്നത്. 2007ലാണ് ആദ്യമായി ഇത്തരം കടുവകളെ സിംലിപാലിൽ കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും ശൗര്യമുള്ള മൃഗങ്ങളായി കണക്കാക്കപ്പെടുന്നെങ്കിലും ദയനീയമാണു കടുവകളുടെ ഇന്നത്തെ അവസ്ഥ. ഏഷ്യയാണ് കടുവകളുടെ യഥാർഥ ജന്മദേശം.പ്രാചീന കാലത്ത് ഏഷ്യയിലെ കാടുകളിൽ മാത്രമാണു കടുവകൾ കാണപ്പെട്ടിരുന്നത്. അന്ന് പല ഏഷ്യൻ രാജ്യങ്ങളിലും കടുവകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ബംഗാൾ, സൗത്ത് ചൈന, ഇൻഡോ ചൈനീസ്, അമുർ (സൈബീരിയൻ ഉൾപ്പെടെ), സുമാത്രൻ എന്നീ 5 വിഭാഗങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. കാസ്പിയൻ, ബാലി, ജാവൻ എന്നീ വിഭാഗങ്ങൾ വംശനാശം സംഭവിച്ച് അപ്രത്യക്ഷമായി. ഓറഞ്ചിൽ കറുത്ത വരകളോടുള്ളത്, സ്വർണനിറത്തിൽ കറുത്ത വരകളുള്ളത്, വെള്ളയിൽ കറുത്ത വരകളുള്ളത് എന്നീ നിറങ്ങളിലാണ് കടുവകൾ പൊതുവെ കാണപ്പെടുന്നത്.

English Summary: Rare Black Tiger Found Dead In Odisha Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com