ADVERTISEMENT

ന്യൂസീലൻഡിലെ നോർത്ത് ഐലൻഡ് തീരത്ത‌ടിഞ്ഞത് വിചിത്ര വസ്തു. പാപമോവ ബീച്ചിൽ പ്രഭാതസവാരിക്കെത്തിയ കൈലെ മോര‍മൻ ആണ് തടിക്കഷണത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിചിത്ര വസ്തുക്കളെ  ആദ്യം കണ്ടത്. തടിക്കഷണമാണ് ഇതെന്നാണ്  ആദ്യം കരുതിയത്. പിന്നീട് അടുത്ത് ചെന്നപ്പോളാണ് വെറും തടിക്കഷണമല്ല ഇതെന്നു വ്യക്തമായത്. വിരപോലെ പുളയുന്ന മാംസളമായ കുഴലുകളുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലായിരുന്നു ഈ തടിക്കഷണം. യഥാർഥത്തിൽ ഈ വസ്തു എന്താണെന്ന് ആദ്യം ഇവർക്കും മനസിലായിരുന്നില്ല. 5 മീറ്ററോളം നീളമുള്ള തടിക്കഷണത്തിലാണ് വിചിത്ര കുഴലുകൾ പറ്റിപ്പിടിച്ചിരുന്നത്. പിന്നീട് കടൽത്തീരത്തെത്തിയ പ്രദേശവാസികളിലൊരാളായ അനീറ്റ ബെഥുനെയാണ് ഇതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും പിന്നീട് ഇടെന്താണെന്ന് തിരിച്ചറിഞ്ഞതും

 

നീണ്ട തടിക്കഷണത്തിലാണ് മാംസളമായ കുഴലുകൾപറ്റിപ്പിടിച്ച് വളർന്നിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇവ ആഴക്കടലിൽ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഗൂസ് ബർണക്കിൾസ് ആണെന്നു വ്യക്തമായത്. മറ്റെല്ലാ കടൽകക്കകളേയും പോലെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഈ ലാർവകൾ വളരുന്നത്. തണ്ടിലൂടെയാണ് അവയ്ക്കാവശ്യമായ ആഹാരം ലഭിക്കുന്നതും. കടലിനടിയിൽ പാറകളിലും തടിയിലുമായി കൂട്ടമായാണ് ഇവ കാണപ്പെടുന്നത്.

 

കക്കകൾ ഉൽപാദിപ്പിക്കുന്ന ഈ അപൂർവ പശ ഗവേഷകർക്കേറെ പ്രിയപ്പെട്ട വിഷയമാണ്. ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള രാസസ്തുവാണിത്. ഈ പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്. കടലിന്റെ അടിത്തട്ടിൽ നിരവധി ഗണത്തിൽ പെട്ട കടൽക്കക്കകൾ ഉണ്ടെങ്കിലും അവയൊന്നും അധികദൂരം സഞ്ചരിക്കാറില്ല. എന്നാൽ വേലിയേറ്റമുണ്ടാകുമ്പോൾ ഗൂസ് ബർണക്കിളിന് സ്ഥാനചലനം സംഭവിക്കാറുണ്ട്. അങ്ങനെ വേലിയേറ്റത്തിനിടയിൽ കടൽത്തീത്തെത്തിയതാകാം ഇതെന്നാണ് നിഗമനം. ഇവ ഇപ്പോൾ കടൽത്തീരത്തടിയുന്നത് സാധാരണമാണെന്നും സമുദ്രഗവേഷകർ വ്യക്തമാക്കി.

 

ഇവിടെയെത്തുന്നതിനു പകരം ഗൂസ് ബർണക്കിൾസ് എന്ന കക്കകൾ വല്ല സ്പെയിനിലോ പോർച്ചുഗലിലോ അടിഞ്ഞിരുന്നെങ്കിൽ എപ്പോൾ തീൻമേശയിൽ എത്തിയെന്നു ചോദിച്ചാൽ മതി. കാരണം അവിടുത്തെ രുചികരമായ വിഭവങ്ങളിലൊന്നാണിത്. രണ്ടായിരത്തിലധികം മാംസളമായ കുഴലുകളാണ് ഈ തടിക്കഷണത്തിൽ പറ്റിപ്പിടിച്ച് വളർന്നിരിക്കുന്നത്. നല്ല വിലയുള്ള വിഭവമാണിത്. ഏകദേശം അമ്പതിനായിരം പൗണ്ട് അതായത് 48 ലക്ഷം രൂപയോളം മതിപ്പുവിലവരുന്ന സാധനമാണ് കടൽത്തീരത്ത് അടിഞ്ഞിരിക്കുന്നതെന്നു സാരം. ആരെങ്കിലും നശിപ്പിച്ചു കളയുമോ എന്ന ഭീതി കാരണം ഇതടിഞ്ഞിരിക്കുന്ന കൃത്യമായ സ്ഥലം മാർട്ടിൻ ഗ്രീൻ വെളിപ്പെടുത്തിയിട്ടില്ല.

 

English Summary: "Alien" Log Covered In Strange Creatures Washes Up On New Zealand Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com