‘ഇരകൾ കുറവ്, കാലാവസ്ഥയും മോശം; ചീറ്റകൾക്ക് ആനുയോജ്യമായ ആവാസവ്യവസ്ഥയില്ല’
Mail This Article
ന്യൂഡൽഹി ∙ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്ലെന്ന് വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യു ഡബ്ല്യു എഫ്). ആവശ്യത്തിന് ഇരകളില്ലാത്തത് പ്രശ്നമാണെന്ന് ഇന്ത്യ ഘടകം സയന്റിഫിക് അഡ്‌വൈസർ എ.ജെ.റ്റി. ജോൺസിങ് പറഞ്ഞു. കടുവ, പുള്ളിപ്പുലി പോലെയുള്ള വന്യജീവികളും ചീറ്റകൾക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചീറ്റകൾ വസിക്കുന്ന കുനോയുടെ പ്രദേശങ്ങളിൽ ഏറെയും കുന്നുകളാണ്. താപനിലയും കൂടുതലാണ്. (ഇപ്പോൾ നമീബിയയിൽ ശൈത്യകാലമാണ്) പുള്ളിപ്പുലികളുടെ എണ്ണം കൂടുതലായതിനാൽ മതിയായ തോതിൽ ചീറ്റകൾക്ക് ഇരകൾ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ അവയുടെ അതിജീവനം എളുപ്പമല്ല. പൊതുവേ ശാന്തസ്വഭാവക്കാരാണ് ചീറ്റകൾ. മനുഷ്യരെ ആക്രമിച്ച സംഭവങ്ങൾ വളരെ കുറവാണ്.’– ജോൺസിങ് പറഞ്ഞു.
ഗിർവനത്തിൽ സിംഹങ്ങളുടെ സംരക്ഷണം മതിയായ രീതിയിൽ നടക്കുന്നുണ്ട്. 30,000 സ്ക്വയർ കിലോമീറ്റർ വനമേഖലയിലായി കഴിയുന്ന സിംഹങ്ങൾക്ക് മതിയായ ഇരകൾ ലഭിക്കുന്നതിനാൽ അവയുടെ സംരക്ഷണവും സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് ജോൺസിങ് അറിയിച്ചു.
അതേസമയം, ചീറ്റകളുടെ മരണത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂേപന്ദർ യാദവ് പറഞ്ഞു. കഴിഞ്ഞ സെപ്തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വംശനാശം സംഭവിച്ച ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. ആദ്യ ഘട്ടത്തിൽ എട്ടും രണ്ടാംഘട്ടത്തിൽ 12 ചീറ്റകളും രാജ്യത്തെത്തി. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ മൂന്ന് ചീറ്റകുഞ്ഞുങ്ങൾ ഉൾപ്പെടെ 6 എണ്ണം ചത്തൊടുങ്ങുകയായിരുന്നു. ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ച പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
English Summary: India will not fence cheetah habitats: Government panel chief