ADVERTISEMENT

2023 ഫെബ്രുവരി എട്ടിനു പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പതിവു വേഷത്തിൽതന്നെയായിരുന്നു. ഫുൾസ്ലീവ് കുർത്തയും അതിനു മുകളിൽ ഒരു ജാക്കറ്റും. നീലനിറത്തിലുള്ള ആ ജാക്കറ്റിന് ഒറ്റനോട്ടത്തിൽ പ്രത്യേകതകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെ മറ്റു ജാക്കറ്റുകളെപ്പോലെയായിരുന്നില്ല അത്. ലോകത്തിനു മുന്നിൽ വലിയൊരു സന്ദേശവുമായിട്ടായിരുന്നു അന്നു മോദിയുടെ വരവ്. പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് റീസൈക്കിൾ ചെയ്തെടുത്ത പ്രത്യേക പോളിമർ ഉപയോഗിച്ചു നിർമിച്ച ജാക്കറ്റായിരുന്നു അത്. 

2023 ഫെബ്രുവരി ആറിന് നരേന്ദ്ര മോദി ബെംഗളൂരുവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെവച്ച് അദ്ദേഹത്തിനു സമ്മാനമായി ലഭിച്ചതായിരുന്നു ആ ഇളംനീല ജാക്കറ്റ്. പക്ഷേ ആരാണ് അതിന്റെ നിർമാണത്തിനു പിന്നിൽ? ജാക്കറ്റിനെപ്പറ്റിയുള്ള വാർത്ത വൈറലായതിനു പിന്നാലെ എല്ലാവരും അന്വേഷിച്ചത് അതായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള കെ. ശങ്കർ എന്ന മുൻ ഐഐടിക്കാരന്റെ കമ്പനി നിർമിച്ചതായിരുന്നു  ജാക്കറ്റ്. ഇക്കോലൈൻ ക്ലോത്തിങ് എന്നാണു കമ്പനിയുടെ പേര്. ശങ്കറും മകൻ സെന്തിലുമാണ് കമ്പനി നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്കിൾ ചെയ്യുന്ന ശ്രീരങ്ക പോളിമേഴ്സ് എന്ന കമ്പനിയും ഇവർക്കുണ്ട്. ഇവിടെ റീസൈക്കിൾ ചെയ്യപ്പെടുന്ന വസ്തുക്കൾ ഉപയോഗിച്ചു വസ്ത്രങ്ങളും മറ്റും നിർമിക്കുകയാണ് ഇക്കോലൈൻ ക്ലോത്തിങ്ങിൽ ചെയ്യുക.

പ്ലാസ്റ്റിക് കുപ്പി റീസൈക്കിൾ ചെയ്ത് ജാക്കറ്റുണ്ടാക്കിയത് ഇത്ര വലിയ കാര്യമാണോയെന്നു ചോദിക്കാൻ വരട്ടെ. പ്ലാസ്റ്റിക് കുപ്പികൾ ലോകത്തു സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ച് അറിഞ്ഞാൽ മനസ്സിലാകും അത് റീസൈക്കിൾ ചെയ്യുന്നതിന്റെ ഗുണം. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മലിനീകരണം സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളാണ്. ലോകമാകെ ഒരു മിനിറ്റില്‍ 12 ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിക്കുന്നത്. ഇവയിലേറെയും റീസൈക്കിൾ ചെയ്യപ്പെടാതെ വലിച്ചെറിയപ്പെടുകയോ കത്തിച്ചു കളയുകയോ ചെയ്യപ്പെടുകയാണ്. 

∙ പ്ലാസ്റ്റിക് കുപ്പിയിലെ ‘ഭൂതം’

ലോകത്ത് പ്രതിവർഷം ഉപയോഗിക്കപ്പെടുന്നത് 481.6 ബില്യൻ പ്ലാസ്റ്റിക് കുപ്പികളാണ്. ഇതിൽ 50 ശതമാനത്തില്‍ താഴെ മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്. അതിൽത്തന്നെ ഏഴു ശതമാനത്തോളം പുതിയ കുപ്പികളായി മാറുന്നു. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന കുപ്പികളിൽ പാതിയും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. പ്ലാസ്റ്റിക് കുപ്പികള്‍ പ്രധാനമായും അടിഞ്ഞുകൂടുന്നത് സമുദ്രത്തിലാണെന്ന പ്രശ്നവുമുണ്ട്. സമുദ്രത്തില്‍നിന്ന് ഓരോ വർഷവും ഏറ്റവുമധികം ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ മൂന്നാം സ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികളാണ്. നാലാം സ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പും. ഇവ സമുദ്രത്തിൽനിന്നു ശേഖരിക്കാൻ എളുപ്പമാണ്. പക്ഷേ കടൽത്തിരകളിൽപ്പെട്ടും സൂര്യപ്രകാശമേറ്റും പ്ലാസ്റ്റിക് കുപ്പികളും അവയുടെ അടപ്പും എളുപ്പത്തിൽ പൊടിഞ്ഞു പോകും. അവ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലും മറ്റു സമുദ്രജീവികളിലുമെത്തും. അവയെ ഭക്ഷണമാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുമെത്തും.

modi-2
നരേന്ദ്ര മോദിക്ക് ബെംഗളൂരുവിൽ ‘പ്ലാസ്റ്റിക് ജാക്കറ്റ്’ സമ്മാനിക്കുന്നു.

ഏകദേശം 80 ലക്ഷം ടൺ പ്ലാസ്റ്റിക് ഓരോ വർഷവും സമുദ്രത്തിൽ എത്തുന്നുണ്ടെന്നാണു കണക്ക്. അവ തിന്നുന്നതിലൂടെയും വലകളിലും മറ്റും കുടുങ്ങിയും ഏകദേശം 11 ലക്ഷം കടൽപ്പക്ഷികളും സമുദ്രജീവികളും ചാകുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. ലോകത്തെ കടലുകളിൽ ചിതറിക്കിടക്കുന്ന മാലിന്യത്തിൽ 80 ശതമാനവും പ്ലാസ്റ്റിക്കാണെന്നതും നാം മറക്കാൻ പാടില്ലാത്ത വസ്തുതയാണ്. ആമകൾ, സീലുകള്‍, പല തരം മത്സ്യങ്ങൾ എന്നിവ കൂടാതെ സമുദ്രത്തിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലം വരെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഇരകളാകുന്നുണ്ട്. ഏകദേശം 700 സ്പീഷീസുകളിൽപ്പെട്ട കടൽജീവികൾക്ക് ഇത്തരത്തിൽ പ്ലാസ്റ്റിക്കിനാല്‍ ജീവൻ നഷ്ടപ്പെടുന്നു.

പ്ലാസ്റ്റിക് നേരിട്ടു ജീവനെടുക്കുന്നതു കൂടാതെ മറ്റൊരു ദോഷവും ചെയ്യുന്നുണ്ട്. കടലിലെ വിഷബാക്ടീരീയങ്ങളെയും മറ്റു ജന്തുക്കളെയും മറ്റിടങ്ങളിലേക്കു പരത്തുന്ന കാര്യത്തിലാണിത്. ആൽഗെകളും സൂക്ഷ്മജീവികളുമെല്ലാം പ്ലാസ്റ്റിക് കുപ്പികളിലും മറ്റും പറ്റിച്ചേർന്ന് എത്രയോ മൈൽ ദൂരത്തേക്കാണു സ‍‍ഞ്ചരിക്കുന്നതെന്നോർക്കണം. പ്ലാസ്റ്റിക് കുപ്പികൾ സൃഷ്ടിക്കുന്ന ദുരിതം അറിയണമെങ്കിൽ ചുറ്റിലും നോക്കിയാലും മതി. നിങ്ങളുടെ വീടിനു സമീപത്തെ തോട്ടിലെ ഓടയിലോ ഏറ്റവുമധികം കാണാറുള്ള പ്ലാസ്റ്റിക് വസ്തു ഏതാണ്? അത് പ്ലാസ്റ്റിക് കുപ്പിയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഓടകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതും ഇവയുടെ പണിയാണ്. ഇന്നും നാളെയുമല്ല, ഒരു പ്ലാസ്റ്റിക് കുപ്പി ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകണമെങ്കിൽ 450 വർഷമെങ്കിലുമെടുക്കും. അത് പൂർണമായും അപ്രത്യക്ഷമാകുകയൊന്നുമില്ല, മറിച്ച് പൊടിയായി മാറി ഭൂമിയിൽ വിലയം പ്രാപിക്കുകയാണു ചെയ്യുന്നത്. പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം നമ്മുടെ ദാഹം തൽക്കാലത്തേക്കു ശമിപ്പിക്കുമെങ്കിലും പരിസ്ഥിതിയുടെ ശ്വാസം മുട്ടിക്കുകയാണു പിന്നീട് ചെയ്യുന്നത്.

English Summary: PM Modi's Plastic Jacket and How Plastic Bottles Killing the Environment. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com